വീണാജോർജും ജനീഷ്‌കുമാറും വീണ്ടും മത്സരിച്ചേക്കും; ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയോ?

പത്തനംതിട്ട: ആറന്മുളയിൽ വീണാജോർജും കോന്നിയിൽ കെ.യു. ജനീഷ്‌കുമാറും വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന. നിലവിലെ സാഹചര്യത്തിൽ രണ്ട് മണ്ഡലങ്ങളിലും മാറ്റമൊന്നുമില്ലെന്നും ഇരുവർക്കും സീറ്റ് കിട്ടാനാണ് സാധ്യതയെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അത് എൽഡിഎഫ് തീരുമാനിച്ച് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറന്മുളയിലും കോന്നിയിലും നിലവിലെ സാഹചര്യത്തിൽ മാറ്റമില്ല. തീർച്ചയായും അവർക്കുതന്നെ സീറ്റ് കിട്ടാനാണ് സാധ്യത. മാറ്റമൊന്നും കേട്ടിട്ടില്ല. എൽഡിഎഫാണ് ആലോചിക്കേണ്ടത്. പാർട്ടികളുടെ നിലപാടും നിർണായകമാണ്. പുതുതായി ആരെങ്കിലും വരികയാണെങ്കിൽ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
മൂന്നാംതവണയും ഭരണം ലക്ഷ്യമിടുന്നതിനാൽ തുടർച്ചയായി രണ്ടുതവണ മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന നിബന്ധന ഇത്തവണ സിപിഎം ഒഴിവാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. സീറ്റുകൾ നിലനിർത്താൻ ആവശ്യമെങ്കിൽ സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഈ സാഹചര്യത്തിലാണ് വീണാ ജോർജും ജനീഷ്‌കുമാറും വീണ്ടും മത്സരിക്കുമെന്ന സൂചനകളും പുറത്തുവരുന്നത്.
2016-ലാണ് വീണാ ജോർജ് ആദ്യമായി ആറന്മുളയിൽനിന്ന് നിയമസഭയിലെത്തിയത്. 2021-ലും വിജയം ആവർത്തിച്ചു. രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയുമായി. രണ്ടുതവണയും കോൺഗ്രസിലെ കെ. ശിവദാസൻ നായരായിരുന്നു യുഡിഎഫ് സ്ഥാനാർഥി. ഇത്തവണ അബിൻ വർക്കി ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകളാണ് കോൺഗ്രസിൽനിന്ന് ഉയർന്നുകേൾക്കുന്നത്.
2019-ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് കെ.യു. ജനീഷ്‌കുമാർ കോന്നിയിൽനിന്ന് ആദ്യമായി എംഎൽഎയായത്. 2021-ലും അദ്ദേഹം മികച്ചവിജയം നേടി നിയമസഭയിലെത്തി. കോന്നിയിൽ ഇത്തവണ എംപിയായ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർക്കാണ് കോൺഗ്രസിൽനിന്ന് സാധ്യത. അതേസമയം, എംപിയായ അടൂർ പ്രകാശിന് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോൺഗ്രസിൽ ഇളവ് നൽകുമോ എന്നത് സംശയമാണ്.
Content Highlights: CPM district secretary indicates Veena George in Aranmula & K.U. Janeesh Kumar in Konni likely to contest again in upcoming Kerala Assembly elections. Read details.