വിധി അനുകൂലമായാൽ തിരുവനന്തപുരത്ത് ആന്റണി രാജു തന്നെ മത്സരിക്കും- ജനാധിപത്യ കേരളാ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ ഇടതുമുന്നണിയിൽനിന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് തന്നെ മത്സരിച്ചേക്കും. വിധി അനുകൂലമായാൽ ആന്റണി രാജു തന്നെ മത്സരിക്കുമെന്നും വിധി മറിച്ചായാൽ പാർട്ടിയുടെ മറ്റൊരു സ്ഥാനാർഥി വരുമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് മുതിർന്ന നേതാവും കുട്ടനാട് മുൻ എംഎൽഎയുമായ ഡോ. കെ.സി. ജോസഫ് വ്യക്തമാക്കി.
ആന്റണി രാജുവിന്റെ കേസിൽ കോടതിയിൽനിന്ന് അനുകൂല വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.സി. ജോസഫ് പറഞ്ഞു. സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് പറയുന്നതിന് അടിസ്ഥാനമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിച്ച ഏക സീറ്റായിരുന്നു തിരുവനന്തപുരത്തേത്. ജയിച്ച ആന്റണി രാജു മന്ത്രിയാവുകയും ചെയ്തു. തൊണ്ടിമുതൽകേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായതാണ് നിലവിലെ പ്രതിസന്ധിക്ക് വഴിവെച്ചത്.
മുതിർന്ന നേതാക്കളെ ആരെയെങ്കിലും മത്സരിപ്പിച്ചാൽ വിജയിക്കാനാകും എന്ന വിലയിരുത്തിലുണ്ടായിരുന്നു സിപിഎമ്മിന്. ഇതിന്റെ അടിസ്ഥാനനത്തിൽ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾക്ക് വഴിവെച്ചു.
സീറ്റ് ഏറ്റെടുക്കുകയാണെങ്കിൽ മറ്റേതെങ്കിലും സുരക്ഷിതമായ സീറ്റ് ജനാധിപത്യ കേരളാ കോൺഗ്രസിന് സിപിഎം നൽകേണ്ടതുണ്ട്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. അതേസമയം, സിറ്റിങ് സീറ്റ് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജനാധിപത്യ കേരളാ കോൺഗ്രസ്. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് വഴിവെച്ചത്. ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ ജനാധിപത്യ കേരളാ കോൺഗ്രസിന് തിരുവനന്തപുരം സീറ്റ് നൽകുമെന്ന് സിപിഎം, അവർക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് വിവരം. തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആന്റണി രാജുവിന്റെ ഹർജിയിൽ ഉടൻ വിധിവരും.
Content Highlights: Janadhipathya Kerala Congress claims the Thiruvananthapuram seat in the upcoming assembly elections., Antony Raju's candidacy depends on a favorable court verdict regarding the evidence tampering case., The party remains firm on its demand for the sitting seat despite rumors of CPM taking it over., Bilateral talks suggest CPM has given assurances regarding the seat allocation.