ഭൂരിപക്ഷ റെക്കോഡുകൾ തകരുമോ, ആരുടെ വള്ളം കരയ്ക്കടുക്കും ആലപ്പുഴയിൽ?

“രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിനെതിരെയുള്ള പോരാട്ടമാണിത്; ഇതൊരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ തുടക്കമാണ്”.
63 വർഷം നീണ്ട കമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ച് തന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ജി. സുധാകരൻ നടത്തിയ ഈ പ്രസ്താവന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയുടെ രാഷ്ട്രീയ ചിത്രത്തെ മാറ്റിമറിച്ചിരിക്കുകയാണ്. 2021-ൽ ജില്ലയിലെ ഒൻപതിൽ എട്ട് സീറ്റുകളും പിടിച്ചടക്കി ചെങ്കൊടി പാറിച്ച ഇടതുമുന്നണിക്ക് ഇത്തവണ നേരിടേണ്ടി വരുന്നത് പതിറ്റാണ്ടുകളോളം ജില്ലയിൽ പാർട്ടിയെ നയിച്ച തങ്ങളുടെ തന്നെ മുൻ നായകനെയാണ്. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ ആലപ്പുഴയിലെ 16,82,697 വോട്ടർമാർ വിധിയെഴുതുമ്പോൾ അത് കേരള രാഷ്ട്രീയത്തിന്റെ പുതിയ ദിശ നിർണയിക്കലാവുമെന്നാണ് വിലയിരുത്തൽ. യു.ഡി.എഫ് ഇത്തവണ അഞ്ച് മുതൽ എട്ട് സീറ്റുകൾ വരെ വിജയിക്കാമെന്ന് പ്രതീക്ഷിക്കുമ്പോൾ, ഒൻപത് സീറ്റും പിടിക്കുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു.
ആലപ്പുഴയിലെ ഓരോ മണ്ഡലങ്ങളിലെയും സൂക്ഷ്മചലനങ്ങൾ പരിശോധിക്കുന്ന ഈ റിപ്പോർട്ടിൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന അരൂർ, കടുത്ത വ്യക്തിഗത പോരാട്ടം നടക്കുന്ന അമ്പലപ്പുഴ, വിവാദങ്ങൾക്ക് വഴിതെളിച്ച കായംകുളം എന്നീ മണ്ഡലങ്ങളെ പ്രത്യേകമായി വിലയിരുത്തുന്നു.