കെ.എസ്. ഹംസ വഖഫ് ബോർഡ് ചെയർമാൻ; എം.കെ. സക്കീർ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയാകും

എരമംഗലം(മലപ്പുറം) : നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായി അഡ്വ. എം.കെ. സക്കീർ മത്സരിക്കും.
ഇതിനു മുന്നോടിയായി എം.കെ. സക്കീർ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. പുതിയ ചെയർമാനായി കെ.എസ്. ഹംസയെ നിയമിച്ച് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉത്തരവ് പുറപ്പെടുവിച്ചു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഹംസ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു.
ഇടതു സഹയാത്രികനായ കെ.എസ്. ഹംസ സമസ്ത ഇ.കെ. വിഭാഗത്തിന്റെ വിശ്വസ്തനാണ്. പുതിയ വഖഫ് നിയമഭേദഗതി നിയമത്തിലെ നിബന്ധനകൾ പാലിച്ച് ഫെബ്രുവരി നാലിനായിരുന്നു വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ വഖഫ് ബോർഡ് ചെയർമാനായിരുന്ന എം.കെ. സക്കീറിന് രണ്ടാമതും ചെയർമാനായി നിയമിക്കുകയായിരുന്നു.
പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിപ്രഖ്യാപനം അടുത്തദിവസം നടക്കാനിരിക്കെയാണ് സക്കീർ വെള്ളിയാഴ്ച രാജിവെച്ചത്. 37 ദിവസമാണ് രണ്ടാമത് ചെയർമാൻ സ്ഥാനത്ത് ഇദ്ദേഹം ഇരുന്നത്.
Content Highlights: Adv. MK Sakeer resigns as Waqf Board Chairman., Sakeer to contest as LDF candidate from Ponnani constituency., KS Hamza appointed as the new Kerala Waqf Board Chairman., KS Hamza is a former Muslim League state secretary and LDF loyalist.