തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹരിയാണയില്‍നിന്ന് ബിഹാറിലേക്ക് നാല് പ്രത്യേക തീവണ്ടികള്‍,6000 പേര്‍, ദുരൂഹത- കപില്‍ സിബല്‍

കപില്‍ സിബല്‍ | Photo : PTI
കപില്‍ സിബല്‍ | Photo : PTI

ന്യൂഡൽഹി: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പുനടന്ന നവംബർ ആറിനുമുൻപ്‌, ഹരിയാണയിൽനിന്ന് ബിഹാറിലേക്ക് നാല്‌ പ്രത്യേക തീവണ്ടികൾ ഓടിച്ചതായി എംപിമാരായ കപിൽ സിബലും എ.ഡി. സിങ്ങും പത്രസമ്മേളനത്തിൽ ആരോപിച്ചു. മൂന്നിന് ഓടിയ തീവണ്ടികളിലാകെ 6000 പേരുണ്ടായിരുന്നെന്നും പറഞ്ഞു.

നിയമസഭാതിരഞ്ഞെടുപ്പ് സമയത്ത് അവ ഓടിച്ചതിന്റെ ഉദ്ദേശ്യവും ആരാണ് അതിന് പണം നൽകിയതെന്നും റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഈ തീവണ്ടികൾ ബിജെപി ഏർപ്പാടാക്കിയതാണെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിലിടപെട്ടില്ലെന്ന് സിബൽ കുറ്റപ്പെടുത്തി.

ഒരു തീവണ്ടി 1500 യാത്രക്കാരുമായി മൂന്നിന് രാവിലെ പത്തിന് കർണാലിൽനിന്ന് പാനിപ്പത്ത് വഴി ബറൗണിയിലേക്ക് പോയി. അടുത്തത് 11-ന് കർണാലിൽനിന്ന് പട്‌ന വഴി ബാഗൽപുരിലേക്ക് പോയി. ഇതിലും 1500 പേരുണ്ടായിരുന്നു. മൂന്നാമത്തേത് വൈകീട്ട് നാലിന് ഗുഡ്ഗാവിൽനിന്ന് പുറപ്പെട്ട് പട്‌നവഴി ബാഗൽപുരിലെത്തി -സിബൽ പറഞ്ഞു.

ഇവയ്ക്ക് ബിജെപിയാണ് പണം നൽകിയത്. ഇതിൽപ്പോയവരുടെ പക്കൽ വ്യാജ തിരഞ്ഞെടുപ്പ് കാർഡുകൾ ഉണ്ടായിരുന്നതായും സിബൽ ആരോപിച്ചു.

എന്നാൽ, ഇത് റെയിൽവേ നിഷേധിച്ചു. ഏതെങ്കിലും സ്റ്റേഷനിൽ പെട്ടെന്ന് യാത്രക്കാരുടെ തിരക്ക് ഉണ്ടാകുമ്പോഴെല്ലാം ഷെഡ്യൂൾ ചെയ്യാത്ത പ്രത്യേക തീവണ്ടികൾ ഓടാറുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഈ ഉത്സവസീസണിൽ 12,000 പ്രത്യേക വണ്ടികളാണ് ഓടിക്കുന്നത്. പ്രത്യേക ട്രെയിനുകൾ 10,700 ഷെഡ്യൂൾ ചെയ്തു. അല്ലാത്തത് രണ്ടായിരവും. ഡിവിഷണൽ, സോണൽ, റെയിൽവേ ബോർഡ് തലങ്ങളിൽ ഇതിനായി വാർ റൂമുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു.

Content Highlights: Bihar Elections: Opposition Alleges BJP-Sponsored Special Trains, Demands Railway Minister's Explanation