ആഭ്യന്തരം ജെഡിയുവിനോ ബിജെപിക്കോ? സത്യപ്രതിജ്ഞ നാളെ, നിതീഷ് ഇന്ന് രാജി സമര്‍പ്പിക്കും

#ന്യൂസ് ഡെസ്ക്
നരേന്ദ്ര മോദി, നിതീഷ് കുമാർ | Photo:AFP
നരേന്ദ്ര മോദി, നിതീഷ് കുമാർ | Photo:AFP

പട്‌ന: സംസ്ഥാനത്തെ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ രൂപവത്കരണത്തിന് മുന്നോടിയായി ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം നിതീഷ് കുമാര്‍ ബുധനാഴ്ച രാജിവെക്കും. ജെഡിയുവിന്റെ നിയമസഭാ കക്ഷി നേതാവായി ഇന്നുതന്നെ നിതീഷിനെ തിരഞ്ഞെടുക്കും. വൈകുന്നേരം മൂന്നരയോടെ എന്‍ഡിഎയിലെ അഞ്ച് പാര്‍ട്ടികളും ചേര്‍ന്ന് നിതീഷ് കുമാറിനെ സഭാകക്ഷി നേതാവായും തിരഞ്ഞെടുക്കും. തുടര്‍ന്ന് രാജ് ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിസമര്‍പ്പിച്ച ശേഷം സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കും.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ഒരുദിവസം മാത്രമാണ് ശേഷിക്കുന്നതെങ്കിലും വകുപ്പുവിഭജനം സംബന്ധിച്ച് ഇപ്പോഴും അന്തിമതീരുമാനമായിട്ടില്ലെന്നാണ് സൂചന. ആഭ്യന്തരവകുപ്പ് ആർക്കെന്ന കാര്യത്തിൽ തര്‍ക്കം കലശലാണ്. ദീര്‍ഘകാലമായി ജെഡിയുവിന്റെ കൈവശമാണ് ആഭ്യന്തരവകുപ്പ്. അത് വിട്ടുകൊടുക്കാന്‍ അവര്‍ക്ക് തീരെ താല്‍പര്യമില്ല. അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കണമെന്നാണ് ബിജെപിയുടെ നിലപാട്.

സ്പീക്കര്‍ സ്ഥാനത്തെച്ചൊല്ലിയും ബിജെപിയും ജെഡിയുവും തമ്മില്‍ തര്‍ക്കങ്ങളുണ്ട്. ഇപ്പോള്‍ കാലാവധി അവസാനിക്കുന്ന നിയമസഭയില്‍ ബിജെപിക്കായിരുന്നു സ്പീക്കര്‍സ്ഥാനം. അത് വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറല്ല. ജെഡിയുവിനായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം.

നിലവിലെ മന്ത്രിമാരെ ജെഡിയു നിലനിര്‍ത്തിയേക്കും. പുതുമുഖങ്ങള്‍ക്കാകും ബിജെപി അവസരം നല്‍കുക. ചിരാഗ് പസ്വാന്റെ എല്‍ജെപി (ആര്‍വി)ക്ക് മൂന്ന് മന്ത്രിസ്ഥാനവും എച്ച്എഎമ്മിനും ആര്‍എല്‍എമ്മിനും ഓരോ മന്ത്രിസ്ഥാനവും ലഭിക്കുമെന്നാണ് വിവരം. വ്യാഴാഴ്ച രാലവിലെ പട്‌നയിലെ ഗാന്ധി മൈതാനത്തിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Content Highlights: bihar nda government formation