500 കിലോ ലഡു, 5 ലക്ഷം രസഗുള, 50,000 പേര്‍ക്ക് സദ്യ; ബിഹാറില്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി എന്‍ഡിഎ

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എൻഡിഎ. മുന്നണി ക്യാമ്പിൽ ഇതിനോടകം ആഘോഷങ്ങൾ ആരംഭിച്ചു.
പട്നയിൽ, ലഡുവും വലിയ സദ്യയ്ക്കുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബിജെപി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓർഡർ നൽകിയിട്ടുണ്ട്. വലിയ പാചക പാത്രത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങൾ വെച്ചാണ് ലഡു തയ്യാറാക്കുന്നത്.
ദൃഷ്ടിദോഷം അകറ്റാൻ സമീപത്ത് നാരങ്ങയും മുളകും തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹരോഗികളായ പ്രവർത്തകരെയും പരിഗണിച്ച് മധുരം കുറച്ചാണ് ലഡു തയ്യാറാക്കിയിരിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.
"ബിഹാറിലെ ജനങ്ങളുടെയും ഞങ്ങളുടെ അർപ്പണബോധമുള്ള പാർട്ടി പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇത്തവണയും എൻഡിഎ സർക്കാർ തന്നെ അധികാരത്തിൽ വരും," കല്ലു പറഞ്ഞു.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട്, പട്നയിൽ 50,000 പേർക്ക് വലിയ സദ്യയൊരുക്കുമെന്ന് അനന്ത് സിങ്ങിന്റെ കുടുംബാംഗങ്ങൾ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യ നീലം ദേവിയുടെ വസതിയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. ഈ വലിയ ഒത്തുചേരലിനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് തൊഴിലാളികൾ.
അഞ്ച് ലക്ഷം രസഗുളയും ഗുലാബ് ജാമുനും തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മൊകാമ അസംബ്ലി ടീമും ഒരു പ്രത്യേക പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിലേക്ക് എല്ലാ എൻഡിഎ പ്രവർത്തകരെയും അനുഭാവികളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിച്ചിട്ടുണ്ട്.
ചില മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും എൻഡിഎ തികഞ്ഞ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ്.
ഫലം വരുമ്പോൾ തങ്ങൾ അധികാരത്തിൽ തിരിച്ചെത്തുമെന്ന സഖ്യത്തിന്റെ വിശ്വാസത്തെയാണ് പട്നയിലെ ഈ ആഘോഷാന്തരീക്ഷം പ്രതിഫലിപ്പിക്കുന്നത്.
പ്രവർത്തകർക്കും ക്ഷണക്കത്തുകൾ അയക്കുന്നുണ്ട്. ക്ഷണക്കത്തിൽ ഇങ്ങനെ പറയുന്നു, "നിങ്ങളുടെ സാന്നിധ്യം ഞങ്ങൾക്ക് ബഹുമതിയാണ്, നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു." ഈ സന്ദേശം അനന്ത് സിങ്ങിന്റെ പ്രവർത്തകർക്കിടയിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ദുലാർചന്ദ് കൊലപാതക കേസിൽ അനന്ത് സിങ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Content Highlights: NDA exudes confidence after Bihar exit poll predictions. Celebrations including massive feasts and sweets have begun in Patna