''എവിടെ കക്കൂസ്, കക്കൂസുണ്ടെങ്കില്‍ ഞങ്ങളീ റോഡില്‍ പോകുമോ'' ബിഹാറിലെ കാഴ്ചകള്‍ | Bihar Voter Cycle Diary

ഗയയില്‍ നിന്ന് പട്നയിലേയ്ക്കുള്ള വഴിയില്‍ കുറേ നേരമായി സഞ്ചരിക്കുന്നു. നിറച്ചും നെല്‍പ്പാടങ്ങളാണ്. ഇടയ്ക്കിടയ്ക്കുമാത്രം ആള്‍ത്താമസമുള്ള സ്ഥലങ്ങള്‍ കാണാം. മുന്നോട്ട് മുന്നോട്ട് പോകവെ ഇടയ്ക്ക് അതിരൂക്ഷമായ ദുര്‍ഗന്ധം, സഹിക്കാന്‍ പറ്റാത്ത അവസ്ഥ. റോഡിനിരുവശവും അപ്പോഴാണ് ശ്രദ്ധിച്ചത്. ഇരുഭാഗത്തും മനുഷ്യ വിസര്‍ജ്യമാണ്. ഏതാണ്ട് അരക്കിലോമീറ്റര്‍ ദൂരത്തില്‍ ഈ കാഴ്ച കാണുന്നു.
അല്‍പ്പം കൂടി മുന്നോട്ട് പോയപ്പോള്‍ കുറച്ച് കുടിലുകള്‍ കണ്ടു. റോഡില്‍ രണ്ടുപേരിരിക്കുന്നു.
ഇവിടെ കക്കൂസ് ഇല്ലേ?
''എവിടെ കക്കൂസ്, കക്കൂസുണ്ടെങ്കില്‍ ഞങ്ങളീ റോഡില്‍ പോകുമോ''
കൂട്ടത്തില്‍ പ്രായപ്പെട്ടയാള്‍, രാജേഷ് ആണ് മറുപടി പറഞ്ഞത്. തൊട്ടടുത്താണ് അദ്ദേഹത്തിന്റെ കുടില്‍. ഒരു മുറി മാത്രമുള്ള മണ്‍കുടില്‍. ഒരു ഭാഗം മാത്രം സാരി കൊണ്ട് മറകെട്ടിയ കുളിമുറി അദ്ദേഹം കാണിച്ചു തന്നു. വേറൊരു മറയ്ക്കപ്പുറത്ത് നിന്നൊരു യുവതി ഞങ്ങളെ നോക്കുന്നുണ്ട്.
നിങ്ങളുടെ വീട്ടിലും കക്കൂസില്ലേ?
''ഇല്ല, ഞങ്ങളൊക്കെ അവിടെ റോഡിലാ പോകുന്നത്''
എവിടെ?
''ദാ, അവിടെ'' അവര്‍ മുന്നില്‍ നടന്നു.
''പുലര്‍ച്ചെയ്ക്ക് നാല് മണിയ്ക്കൊക്കെ ഞങ്ങള് ഇവിടെ വരും.''
ചാന്ദ്നി ദേവിയെന്ന യുവതി പറഞ്ഞു.
അതെന്താ നാല് മണിയ്ക്കൊക്കെ?
''നേരം വെളുത്താല്‍ എല്ലാരും കാണില്ലേ, മകളെയും മരുമകളയുമൊക്കെ ഇങ്ങനെ കാണുന്നത് വിഷമമുണ്ടാക്കില്ലേ?''
ഒരു കുപ്പി വെള്ളവുമായി റോഡിലേയ്ക്ക് വന്ന അനിലാണ് ആ ചോദ്യത്തിന് മറുപടി പറഞ്ഞത്.
സ്ത്രീകളും കുഞ്ഞുങ്ങളുമെല്ലാം ഇതേ റോഡിലാണ് വെളിയ്ക്കിരിക്കുന്നത്. ഈ മാസങ്ങളില്‍ ഉത്തരേന്ത്യയില്‍ പുലര്‍ച്ചെ അഞ്ച് മണിയ്ക്കൊക്കെ വെളിച്ചം വരും. അതിന് മുന്‍പ് എണീറ്റ് റോഡില്‍ പോയി വരണം. ഒന്നോര്‍ത്ത് നോക്കിയേ, നമ്മുടെ സഹോദരങ്ങളുടെ ഗതികേട്. ഇത് അക്വര്‍പൂര്‍ എന്ന ഒരു ഗ്രാമത്തിന്റെ അവസ്ഥയല്ല. ബിഹാറിലെ പല ഗ്രാമങ്ങള്‍ക്കും പറയാനുള്ള കഥയാണ്.
Content Highlights: Discover the harsh reality of open defecation in rural Bihar, India. Thousands face health risks and lack of dignity due to insufficient sanitation facilities.