ഇമേജില്‍ കെജ്‌രിവാളിന് പരിക്ക്; ജനത്തിന്റെ പള്‍സറിഞ്ഞ് ബിജെപി

രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബി.ജെ.പി. ശ്രമങ്ങൾക്ക് കാൽനൂറ്റാണ്ടിനിപ്പുറം ഫലം. നീണ്ട 27 വർഷങ്ങൾക്ക് ശേഷം ഇന്ദ്രപ്രസ്ഥത്തിൽ താമര വിരിഞ്ഞു. പാർട്ടിയുടെയും സർക്കാരിന്റെയും അധികാരകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഡൽഹിയിൽ ഭരണം പിടിക്കുകയെന്ന ബി.ജെ.പി.യുടെ സ്വപ്നമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. ഈ ഒരൊറ്റ നേട്ടത്തിനായി അരയും തലയും മുറുക്കി പാർട്ടി രംഗത്തിറങ്ങിയിട്ട് വർഷങ്ങളേറെയായി.
ചിട്ടയായ പ്രവർത്തനവും മോദി പ്രഭാവവും ബി.ജെ.പി.യെ തുണച്ചപ്പോൾ പരസ്പരം മത്സരിച്ച കോൺഗ്രസും എ.എ.പി.യും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് സ്വന്തം കുഴിയെടുത്തു. വിഭജന മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ ഡൽഹിയിൽ ബി.ജെ.പി. ഉയർത്തിയില്ല. ഏകപക്ഷീയമായി ന്യൂനപക്ഷ വോട്ടുകൾ എ.എ.പി. ബാലറ്റിലേക്കെത്തുന്നത് തടയാനുള്ള കൃത്യമായ തന്ത്രമായിരുന്നു നീക്കത്തിന് പിന്നിൽ. മധ്യവർഗത്തെ ലക്ഷ്യംവെച്ചുള്ള വാഗ്ദാനങ്ങൾ കൂടെ ഫലംകണ്ടതോടെ 1998-ന് ശേഷം മറ്റൊരു ബി.ജെ.പി. മുഖ്യമന്ത്രി കൂടെ ഡൽഹി നിയമസഭയുടെ പടികയറും.
പത്ത് വർഷത്തിലധികം നീണ്ട എ.എ.പി. തേരോട്ടത്തിനാണ് ഇപ്പോൾ ബി.ജെ.പി. കടിഞ്ഞാണിട്ടിരിക്കുന്നത്. നേതൃത്വം നൽകിയതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. കെജ്‌രിവാളിനെ പോലൊരു ജനപ്രിയ നേതാവ് ബി.ജെ.പി.ക്ക് സംസ്ഥാനത്ത് അവകാശപ്പെടാനുണ്ടോ എന്ന ചോദ്യത്തിന് മോദി ഫാക്ടറിലൂടെ മറുപടി നൽകാൻ പാർട്ടിക്കായി. ഒന്നിടറിയ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മങ്ങിയ മോദി പ്രഭാവത്തിന്റെ അമ്പരപ്പിക്കുന്ന തിരിച്ചുവരവ് കൂടെയാകുന്നുണ്ട് ഡൽഹി തിരഞ്ഞെടുപ്പ് ഫലം.
ബി.ജെ.പി.യുടെ ഡൽഹി ചരിത്രം
1998 ൽ കൈവിട്ട ഡൽഹി. കോൺഗ്രസിനൊപ്പം നിന്ന ജനങ്ങൾ പിന്നീടുള്ള 15 വർഷക്കാലം അവർക്കുതന്നെ കൈ കൊടുത്തു. മൂന്ന് തവണ മുഖ്യമന്ത്രിപദത്തിലേക്കെത്തിയ ഷീല ദീക്ഷിത് സംസ്ഥാനത്ത് വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. അടിസ്ഥാനസൗകര്യ വികസനരംഗത്ത് വലിയ മുന്നേറ്റം നടന്ന കാലഘട്ടം ഷീല ദീക്ഷിതിനെ മൂന്ന് ടേം വിജയിപ്പിച്ചു. ഇക്കാലയളവിലെല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും ജനങ്ങൾ ബി.ജെ.പി.ക്കൊപ്പം നിന്നില്ല. എന്തിന്, മോദിയുണ്ടാക്കിയ ദേശീയതരംഗത്തിൽപ്പോലും ഡൽഹിയിലെ ജനങ്ങൾ നിയമസഭയിലേക്ക് കൈകൊടുത്തത് ആം ആദ്മി പാർട്ടിയേയും കെജ്‌രിവാളിനെയുമാണ്.
വലിയ പ്രതീക്ഷയോടെയാണ് ബി.ജെ.പി. 2015-ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതിരഹിത പോരാട്ടത്തിൽ ബി.ജെ.പി.ക്കൊപ്പം നിന്ന കിരൺ ബേദിയെ പാർട്ടി കളത്തിലിറക്കി. പ്രചാരണം മോദി നയിച്ചപ്പോൾ ബിജെപിയുടെ മുഖ്യമന്ത്രി മുഖമായിരുന്നു ബേദി. എന്നാൽ, 70-ൽ 67 സീറ്റുകളും സ്വന്തമാക്കി കെജ്‌രിവാൾ സംസ്ഥാനം ഭരിച്ചു. 2020-ലും കാര്യങ്ങൾ ബി.ജെ.പിയെ സംബന്ധിച്ച് അനുകൂലമയിരുന്നില്ല. ഉയർത്തിക്കാട്ടാൻ ഒരു മുഖ്യമന്ത്രി മുഖംപോലുമില്ലാതെ ബി.ജെ.പി അന്ന് കീഴടങ്ങി. സീറ്റ് നില മൂന്നിൽ നിന്ന് എട്ടായത് മാത്രം ആശ്വാസം.
എഎപിക്കൊപ്പം നിന്നപ്പോഴും ലോക്‌സഭയിലേക്ക് ബിജെപിക്ക് എല്ലാ സീറ്റും സമ്മാനിക്കാൻ ഡൽഹി ജനത മത്സരിച്ചു. 2014-ലും, 2019-ലും, 2024-ലും ഏഴ് സീറ്റും കൈക്കലാക്കി ബി.ജെ.പി ഉജ്ജ്വല വിജയം കരസ്ഥമാക്കി. വോട്ടുവിഹിതത്തിലും ബി.ജെ.പി.ക്ക് കാര്യമായ വളർച്ചയുണ്ടായി. 2009-ൽ 35.2 ശതമാനം മാത്രം വോട്ടുവിഹിതമുണ്ടായ ബി.ജെ.പി. 2014-ൽ അത് 46.4 ശതമാനമായി ഉയർത്തി. 2019-ൽ 56.85-ഉം. എന്നാൽ, 2024-ൽ വോട്ടുവിഹിതത്തിന്റെ കാര്യത്തിൽ ബി.ജെ.പി.ക്ക് നേരിയ ചോർച്ചയുണ്ടായി. 56.85-ൽ നിന്ന് കണക്കുകൾ 54.7-ലേക്ക് താഴ്ന്നു. ഇത് ലോക്‌സഭയിലെ കണക്ക്.
ദേശീയരാഷ്ട്രീയത്തിൽ എ.എ.പി?
നരേന്ദ്രമോദിയോട് നേരിട്ട് ഏറ്റുമുട്ടാൻ ആര് എന്ന ചോദ്യത്തിന് ഇതുവരെ പല ഉത്തരങ്ങളിൽ ഏറ്റവും മുന്നിൽ രാഹുലിനൊപ്പം കേട്ടത് കെജ് രിവാളിന്റെ പേരായിരുന്നു. ഡൽഹിയിലും പഞ്ചാബിലും ഹരിയാണയിലുമായി ഒതുങ്ങുമ്പോഴും കെജ്‌രിവാളിന് വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ടാക്കാനുള്ള ശ്രമവും എ.എ.പി. നടത്തിയിരുന്നു. 2019-ൽ വാരാണസിയിൽ മോദിയോട് ഏറ്റുമുട്ടാൻ കെജ്‌രിവാൾ രംഗത്തിറങ്ങിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിജയപ്രതീക്ഷകളൊന്നും ഇല്ലായിരുന്നുവെങ്കിലും മോദിയെ നേരിടാൻ പോന്ന നേതാവായി തന്നെ പ്രതിഷ്ഠിക്കുന്നതിൽ അന്ന് അദ്ദേഹം വിജയിച്ചു.
ദേശീയതലത്തിൽ മോദിതരംഗം ആഞ്ഞടിക്കുന്ന കാലത്തുതന്നെയാണ് കെജ്‌രിവാളും അഴിമതിരഹിത പോരാട്ടത്തിന്റെ മുഖമായി രാഷ്ട്രീയനേതൃനിരയിലേക്കെത്തുന്നത്. കേന്ദ്രം മോദിയും ഡൽഹി കെജ് രിവാളും മാറിമാറി ഭരിച്ചു. സംസ്ഥാന സർക്കാരിനെ ഞെരുക്കാനുള്ള കേന്ദ്രശ്രമങ്ങളിലും അവർ വീണില്ല. അമ്പരിക്കുന്ന വിജയം എ.എ.പി. ആവർത്തിച്ചു. ഈ മാജിക്കാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാതെ പോയതോടെ മോദിയുടെ വ്യക്തിപ്രഭാവം ചോദ്യം ചെയ്യപ്പെട്ടു. ഈ ആരോപണത്തിനുള്ള മറുപടിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. മഹാരാഷ്ട്രയും ഹരിയാണയും ചിട്ടയായ പാർട്ടി പ്രവർത്തനത്തിന്റെ ഫലമായിരുന്നവെങ്കിൽ ഡൽഹിയിൽ ബി.ജെ.പി.യുടെ മുഖം മോദിയായിരുന്നു. എടുത്തുപറയാൻ ഒരു മുഖ്യമന്ത്രിമുഖം പോലും 2015-ന് ശേഷം ബി.ജെ.പി.ക്ക് സംസ്ഥാനത്തില്ലായിരുന്നു. ഈ സാഹചര്യത്തിൽ നീണ്ട 27 വർഷങ്ങൾക്ക് ശേഷം ഒരു ബി.ജെ.പി. മുഖ്യമന്ത്രി ഡൽഹി നിയമസഭയിലേക്കെത്തുമ്പോൾ അതിന്റെ ക്രെഡിറ്റ് വീഴുന്നത് മോദിയുടെ പോക്കറ്റിൽ തന്നെയാണ്.
ഒരുസമയത്ത്, ഇന്ത്യാസഖ്യത്തിലെ പ്രമുഖർ പ്രധാനമന്ത്രി സ്ഥാനാർഥിയായി പോലും കണക്കാക്കിയിരുന്ന നേതാവാണ് കെജ്‌രിവാൾ. രാഹുലിന്റെ വ്യക്തിപ്രഭാവം അവസാനിക്കുന്നുവെന്നും സഖ്യത്തെ നയിക്കാൻ മറ്റൊരാളെ തേടണമെന്നും ആവശ്യം ഉയർന്നപ്പോൾ പലരും വിരൽചൂണ്ടിയതും കെജ്‌രിവാളിലേക്കായിരുന്നു. പ്രതിപക്ഷത്തിന്റെ കൈയ്യിൽ നിന്ന് വഴുതിപ്പോയ ഹരിയാണയ്ക്കും മഹാരാഷ്ട്രയും പിന്നാലെ ഡൽഹി ഫലം മാറ്റിമറിക്കാൻ കെജ്‌രിവാളിന് സാധിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ. ഈ നിർണായക ഘട്ടത്തിലാണ് ഉള്ളംകൈയ്യിലായിരുന്ന ഉരുക്കുകോട്ട ആം ആദ്മിക്ക് നഷ്ടപ്പെടുന്നത്. ദേശീയതലത്തിൽ നിർണായകമാകാനുള്ള എല്ലാ വാതിലുകളും ഇതോടെ കെജ്‌രിവാളിന് മുന്നിൽ അടയുകയാണ്.
2015 മുതൽ ദേശീയതലത്തിലേക്ക് വളരാനുള്ള ശ്രമങ്ങൾ പാർട്ടി ആരംഭിച്ചിരുന്നു. എന്നാൽ, പഞ്ചാബിലെ മുന്നേറ്റം ഒഴിച്ചുനിർത്തിയാൽ പദ്ധതി പരാജയമായിരുന്നു. മോദിപ്രഭാവത്തിൽ ബി.ജെ.പി. മുന്നേറിയതും കോൺഗ്രസിന്റെ ക്ഷീണവും പ്രതീക്ഷിച്ച ഫലം നൽകുന്നതിന് ആം ആദ്മിയെ സംബന്ധിച്ച് വിലങ്ങുതടിയായി തുടർന്നു. അപ്പോഴും ഡൽഹി തങ്ങളുടെ കൈയ്യിലാണെന്നതായിരുന്നു കെജ്‌രിവാളിന്റെ ആശ്വാസം. ഈ വിശ്വാസത്തിനാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.
നിയമസഭയിൽ കാര്യങ്ങൾ അനുകൂലമാകുമ്പോഴും ലോക്‌സഭാ മത്സരങ്ങളിലേൽക്കുന്ന തിരിച്ചടിയും എ.എ.പി.യെ സംബന്ധിച്ച് അവരുടെ ദേശീയമോഹത്തിനുള്ള തിരിച്ചടിയായിരുന്നു. വലിയ പ്രതീക്ഷയോടെ കോൺഗ്രസുമായി ചേർന്ന് സഖ്യമുണ്ടാക്കി മത്സരിച്ചപ്പോഴും കാര്യങ്ങൾ അനുകൂലമായില്ല. നിയമസഭാ ഫലം കൂടിയാകുമ്പോൾ വരാനിരിക്കുന്നത് ആം ആദ്മിയെ സംബന്ധിച്ച് കറുത്ത ദിനങ്ങളായിരിക്കും. ദേശീയമോഹങ്ങൾ മാറ്റിവെച്ചത് അടിത്തറ തിരിച്ചുപിടിക്കാൻ ഡൽഹിക്കപ്പുറം തത്കാലം ചിന്തിക്കാൻ കെജ് രിവാളിനാകില്ല. ഇന്ത്യ സഖ്യത്തിലെ വിലപേശൽ ശേഷിയേയും അത് ബാധിച്ചേക്കാം.
അടിതെറ്റുന്ന പ്രതിപക്ഷസഖ്യം
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം മുതൽ പ്രതിപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഒത്തൊരുമയില്ലാതെ മുന്നോട്ട് പോകുന്ന സഖ്യം. സീറ്റ് വിഭജനംമുതൽ സ്ഥാനാർഥിനിർണയം വരെയുള്ള വിഷയങ്ങളിൽ തർക്കം. ഉൾപാർട്ടിയിലും സഖ്യത്തിലും നിലനിന്നിരുന്ന ഭിന്നിപ്പുകളിൽ വഴുതിപ്പോയ ഒട്ടേറെ തിരഞ്ഞെടുപ്പുകളുടെ കഥ പറയാനുണ്ടാകും പ്രതിപക്ഷസഖ്യത്തിന്. വലിയ പ്രതീക്ഷയോടെ മുന്നോട്ടുപോയ ഹരിയാണയിലും മഹാരാഷ്ട്രയിലും പോലും ഇവർ തകർന്നടിഞ്ഞു. ഇപ്പോഴിതാ, ആം ആദ്മി കോട്ടയായി കാത്തുവെച്ച തലസ്ഥാനവും.
ലോക്‌സഭയിലേക്ക് പരീക്ഷിച്ച് പരാജയപ്പെട്ടതിനാലാകും സഖ്യം ഒഴിവാക്കി എ.എ.പി.യും കോൺഗ്രസും കളത്തിലിറങ്ങിയത്. എന്നാൽ, അത് കൃത്യമായ രീതിയിൽ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ട്. എ.എ.പി.യുടെ മുഖമായ അരവിന്ദ് കെജ്‌രിവാളിനെതിരേ ബി.ജെ.പിയേക്കാൾ മൂർച്ചയേറിയ ഭാഷയിൽ കോൺഗ്രസ് ആരോപണങ്ങൾ ഉന്നയിച്ചു. വ്യക്തിയേയും നയങ്ങളേയും ചോദ്യം ചെയ്തു. മദ്യ അഴിമതിയുടെ സൂത്രധാരൻ എന്നാണ് കെജ്‌രിവാളിനെ രാഹുൽ വിശേഷിപ്പിച്ചത്. മറുഭാഗത്ത്, ബി.ജെ.പി. ഉന്നയിക്കുന്ന ഓരോ ആരോപണങ്ങളേയും കൂട്ടുപിടിച്ചുകൊണ്ട് ലഭിച്ച പൊതുവേദികളിലെല്ലാം രാഹുൽ കെജ്‌രിവാളിനെ ഉന്നംവെച്ചു. ശുദ്ധമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഉയർത്തിക്കാട്ടിയ മുൻ ഡൽഹി മുഖ്യമന്ത്രി അഴിമതിയുടെ സൂത്രധാരനാണെന്ന് വരെ രാഹുൽ പറഞ്ഞുവെച്ചു.
കോൺഗ്രസിന്റെ ചാരത്തിൽ നിന്ന് വളർന്ന പാർട്ടിയാണ് എ.എ.പി. അമ്പരപ്പിക്കുന്ന വളർച്ചയോടെ ഇനി ഒരു തിരിച്ചുവരവില്ലാത്ത വിധം അവർ കോൺഗ്രസിനെ തറപറ്റിച്ചുകൊണ്ട് വിജയിച്ചുകയറി. 2008-ൽ 40.3 ശതമാനം വോട്ടുവിഹിതത്തോടെ 43 സീറ്റുകളിൽ വിജയിച്ചുകയറിയ കോൺഗ്രസ് തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ എട്ടിലൊതുങ്ങി. 2015ലും 2020 ലും സംപൂജ്യത്തിലേക്കും. ലോക്‌സഭയിലെ പ്രകടനം കണക്കിലെടുക്കുമ്പോഴും സ്ഥിതി കഷ്ടമാണ്. 2009-ൽ ഡൽഹിയിൽ നിന്ന് ഏഴുപേരെ പാർലമെന്റിലേക്കയച്ച കോൺഗ്രസിന് പിന്നീട് ഇതുവരെ ഒരു ലോക്‌സഭാ അംഗം പോലും ഡൽഹിയിൽ നിന്നുണ്ടായിട്ടില്ല.
എന്നാൽ, ചരിത്രം മാത്രമല്ല ഇവിടെ വിഷയം. മറ്റ് പലയിടത്തേയും പോലെ കോൺഗ്രസ് പിടിക്കുന്ന വോട്ടുകൾ തലസ്ഥാനത്ത് പ്രഹരമേൽപ്പിച്ചത് ബി.ജെ.പി.യെ അല്ല. മറിച്ച്, എ.എ.പി.യെയായിരുന്നു. കലങ്ങിമറഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ അത് ഒരുപക്ഷേ തങ്ങളുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചേക്കാമെന്ന വ്യക്തമായ ബോധ്യം നേരത്തെ കെജ്‌രിവാളിനുമുണ്ടായിരുന്നു. അതുകൊണ്ടാണ് ബി.ജെ.പി.യെ തോൽപ്പിക്കാൻ എ.എ.പി.ക്ക് വോട്ടുചെയ്യണമെന്നും കോൺഗ്രസിനുനൽകി പാഴാക്കരുതെന്നും അദ്ദേഹം തുറന്നടിച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷവോട്ടുകൾ ഏത് ദിശയിലേക്ക് വ്യതിചലിക്കുമെന്നതിലും പാർട്ടിക്ക് ഭയമുണ്ടായിരുന്നു.
യമുനയിൽ തിളച്ച രാഷ്ട്രീയം
കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലും കെജ്‌രിവാൾതന്നെയായിരുന്നു എ.എ.പി.യുടെ താരപ്രചാരകൻ. ജാഗ്രതയോടെ അളന്നുമുറിച്ചുള്ള ആരോപണങ്ങളായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ അദ്ദേഹം ഉന്നയിച്ചത്. ചിലപ്പോൾ തിരിച്ചടിച്ചേക്കാവുന്ന വിഷയങ്ങളെയെല്ലാം കെജ്‌രിവാൾ വിദഗ്ധമായി മറച്ചുവെച്ചു. അതിൽ, ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു യമുനാനദി കേന്ദ്രീകരിച്ചുള്ള വിവാദകോലാഹലങ്ങൾ. യമുനാനദി ശുദ്ധീകരിക്കാമെന്ന പ്രതിജ്ഞയോടെ അധികാരത്തിലേറിയ കെജ്‌രിവാൾ തന്നെ മറ്റ് സർക്കാരുകൾക്ക് മേൽ പഴിചാരി. ഇതോടെ, സ്വന്തം പ്രചരണങ്ങളെല്ലാം വിട്ടെറിഞ്ഞ് കെജ്‌രിവാൾ മുന്നോട്ട് വച്ച വിഷയങ്ങളിൽ പ്രതികരിക്കാൻ ബി.ജെ.പി.യും കോൺഗ്രസും നിർബന്ധിതരായി.
പ്രചാരണം അതിന്റെ അവസാനഘട്ടമെത്തിയതോടെ വിഷയത്തിൽ ബി.ജെ.പി. സർക്കാരുകളെ കടന്നാക്രമിച്ച് കെജ്‌രിവാൾ രംഗത്തെത്തി. അതിനിടെ, ഹരിയാണ സർക്കാർ അമിതമായ വിഷജലം യമുനയിലേക്ക് ഒഴുക്കിവിടുന്നുവെന്ന് ഞെട്ടിക്കുന്ന ആരോപണത്തിനും കെജ്‌രിവാൾ തന്നെ നേതൃത്വം നൽകി. ഡൽഹിയിലെ ജനങ്ങളെ കൊല്ലാനുള്ള നീക്കമാണ് ബി.ജെ.പി. സർക്കാർ നടത്തുന്നത് എന്നുകൂടെ ആരോപണമുയർന്നതോടെ വിഷയം മറ്റൊരു ട്രാക്കിലേക്ക് മാറി. പിന്നീട്, നടന്ന പൊതുവേദികളിലെല്ലാം വിഷയത്തിൽ നേതാക്കൾ മറുപടി നൽകി. താൻ ഹരിയാണയിൽ നിന്ന് വരുന്ന വെള്ളമാണ് കുടിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദി തന്നെ നേരിട്ടെത്തി. തന്നെ വധിക്കുന്നതിന് ഹരിയാണ ശ്രമിക്കുമെന്ന് എങ്ങനെ കരുതാനാകുമെന്നും മോദി ചോദിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വിഷയത്തിൽ മുൻ ഡൽഹി മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചിരുന്നു. ഒടുവിൽ, തിരഞ്ഞെടുപ്പ് കമ്മിഷന് തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടേണ്ടി വന്നു.
സൗജന്യങ്ങളുടെ തിരഞ്ഞെടുപ്പ്
മൂന്നുവട്ടം ഡൽഹി ഭരിച്ച എ.എ.പി.യെ സംബന്ധിച്ച് അഭിമാനപോരാട്ടമായിരുന്നു ഇത്തവണത്തേത്. കേന്ദ്രഭരണം ഉള്ളംകൈയ്യിലും ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് വൻ വിജയങ്ങൾ സ്വന്തമാക്കുമ്പോഴും ഡൽഹി മാത്രം ബി.ജെ.പി.യെ സംബന്ധിച്ച് അകന്നുനിന്നു. അതിനാൽ തന്നെ, വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു ഡൽഹിയിലെ ജനങ്ങൾക്കായി ഇരുപാർട്ടികളും ഒരുക്കിയത്.
സ്ത്രീകൾക്കും വിദ്യാർഥികൾക്കുമായി അനേകം വാഗ്ദാനങ്ങൾ ഇരുവരും മുന്നോട്ടുവെച്ചു. സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുമെന്ന് എ.എ.പി. പ്രഖ്യാപിച്ചതോടെ ഒരുപടി കൂടെ കടന്ന് ബി.ജെ.പി. അത് 2500 രൂപയായി ഉയർത്തി. ഗർഭിണികൾക്ക് 21,000 രൂപയുടെ സഹായവും പാർട്ടി വാ?ഗ്ദാനം ചെയ്തു. 47 ശതമാനത്തിലധികം സ്ത്രീ വോട്ടർമാരുള്ള 19 മണ്ഡലങ്ങൾ ഡൽഹിയിലുണ്ട് എന്നും നാം നോക്കിക്കാണേണ്ടതുണ്ട്. സൗജന്യ ബസ് യാത്രയും, മെട്രോ ട്രെയിനിൽ 50 ശതമാനം നിരക്കിളവും വിദ്യാർഥികളെ ലക്ഷ്യമിട്ട് എ.എ.പി പ്രഖ്യാപിച്ചു. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഒറ്റത്തവണ 15,000 രൂപയായിരുന്നു ബി.ജെ.പി.യുടെ വാഗ്ദാനം. മുതിർന്ന പൗരരേയും ഇരുവരും മറന്നില്ല. 60 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യചികിത്സയായിരുന്നു എ.എ.പി.യുടെ വാഗ്ദാനമെങ്കിൽ ബി.ജെ.പി അവർക്കായി ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ആദായനികുതി ഇളവും ശമ്പള കമ്മീഷനും ബിജെപിക്ക് തുറുപ്പുചീട്ടായി.
കൂട്ടിയും കിഴിച്ചുമുള്ള പരിശോധനയിൽ വോട്ടർമാർ ബി.ജെ.പി.യെ വിശ്വസിച്ചു. മേൽപ്പറഞ്ഞ വാഗ്ദാനങ്ങളിൽ ഇനി എത്രയെണ്ണം പ്രാവർത്തിമാകുമെന്നേ കണ്ടറിയാനുള്ളൂ....
Content Highlights: After 27 years, BJP wins Delhi Assembly elections, Modi`s influence and AAP`s internal conflicts