'സദ്ഭരണത്തിന്റെ വിജയം'; ഹരിയാണയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹരിയാണയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കൽ കൂടി ബി.ജെ.പിക്ക് കൃത്യമായ ഭൂരിപക്ഷം നേടിത്തന്ന ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഹരിയാണയിലെ ജനങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ. വികസന രാഷ്ട്രീയത്തിന്റേയും സദ്ഭരണത്തിന്റേയും വിജയമാണിത്. ഹരിയാണയിലെ ജനങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ പാർട്ടി പ്രവർത്തകർക്കും അഭിവാദ്യം അറിയിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുക മാത്രമല്ല കേന്ദ്രത്തിന്റെ വികസന അജണ്ടകളെ അവരിലേക്ക് എത്തിക്കുക കൂടിയാണ് പ്രവർത്തകർ ചെയ്തതെന്നും കുറിച്ചു. ഹരിയാണയിലെ ചരിത്രഫലം ഇതിന്റെ ഫലമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിൽ ബി.ജെ.പിയുടെ പ്രകടനത്തിലും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹാട്രിക് വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകൾ ബിജെപി ആസ്ഥാനത്ത് സജീവമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്നാഥ് സിങ് അടക്കമുള്ളവർ ഡൽഹിയിലെ ആസ്ഥാനത്ത് എത്തി.
Content Highlights: pm narendra modi hail haryana party workers