ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍; സ്വാഗതം ചെയ്ത് KC വേണുഗോപാല്‍

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളും ഒളിമ്പ്യന്മാരുമായ വിനേഷ് ഫോഗട്ടും ബജ്‌രംഗം പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാണ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയിലേക്ക് കടക്കാനിരിക്കെയാണ് രണ്ട് താരങ്ങളുടേയും കോണ്‍ഗ്രസ് പ്രവേശം.
ഇന്ത്യന്‍ റെയില്‍വേയിലെ ജോലി രാജിവെച്ചശേഷമാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെ താരം തന്നെയാണ് രാജിവിവരം അറിയിച്ചത്. കോണ്‍ഗ്രസില്‍ ചേരാനാണ് രാജിയെന്ന് അപ്പോള്‍ മുതല്‍ തന്നെ അഭ്യൂഹമുണ്ടായിരുന്നു.
നേരത്തേ ഇരുതാരങ്ങളും ഡല്‍ഹിയിലെ 10 രാജാജി മാര്‍ഗിലെ വസതിയിലെത്തി എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും കണ്ടിരുന്നു. ഇതിന് ശേഷമാണ് എ.ഐ.സി.സി. ആസ്ഥാനത്തെത്തി ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലാണ് വിനേഷ് ഫോഗട്ടിനേയും ബജ്‌രംഗ് പുനിയയേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ബുധനാഴ്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയേയും ഇരുതാരങ്ങളും കണ്ടിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് അംഗത്വം സ്വീകരിച്ചശേഷം വിനേഷ് ഫോഗട്ട് പറഞ്ഞു. 'ഗുസ്തിയിലെ യാത്രയില്‍ പിന്തുണച്ചതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടും നന്ദി പറയുകയാണ്. ഞങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ ബി.ജെ.പി. ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്കൊപ്പം നിന്നു. ഞങ്ങളുടെ കണ്ണീരും വേദനയും അവര്‍ക്ക് മനസിലായി. സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ സന്നദ്ധമായ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയുടെ ഭാഗമാകുന്നതില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. തെരുവ് മുതല്‍ പാര്‍ലമെന്റ് വരെ പോരാടാന്‍ ഈ പാര്‍ട്ടി തയ്യാറാണ്.' -വിനേഷ് ഫോഗട്ട് പറഞ്ഞു.
Content Highlights: Wrestlers Vinesh Phogat and Bajrang Punia join Congress ahead of Haryana Election