അംബാലയിൽ ത്രികോണപ്പോരാട്ടം; പ്രതീക്ഷയോടെ കോൺഗ്രസ്, രണ്ടാമൂഴത്തിൽ തിളങ്ങാൻ ചിത്ര സർവാർ

#അംബാലയിൽ നിന്ന് രാഹുൽ ഗോപിനാഥ്
അംബാലയിൽനടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകർ കുമാരി സെൽജയ്ക്ക് വാൾ സമ്മാനിക്കുന്നു |ഫോട്ടോ: സാബു സ്കറിയാച്ചൻ
അംബാലയിൽനടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകർ കുമാരി സെൽജയ്ക്ക് വാൾ സമ്മാനിക്കുന്നു |ഫോട്ടോ: സാബു സ്കറിയാച്ചൻ

അംബാല: ബി.ജെ.പി. സ്ഥാനാർഥി അനിൽ വിജും സ്വതന്ത്രസ്ഥാനാർഥി ചിത്ര സർവാരയും കളംനിറഞ്ഞുനിൽക്കുന്ന ഹരിയാണയിലെ അംബാലയിലെ ബജാജ ചൗക്കിൽ കുമാരി സെൽജയുടെ സാന്നിധ്യം കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. പാർട്ടി സ്ഥാനാർഥി പർവീന്ദർ സിങ് പരിയുടെ പ്രചാരണപരിപാടികൾക്കായാണ് സെൽജയെത്തിയത്. കോൺഗ്രസ് ഹരിയാണയിൽ വൻവിജയത്തിലേക്കാണ് കുതിക്കുന്നതെന്നും ബി.ജെ.പി.യുടെ ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടിയെന്നും സെൽജ പറഞ്ഞു.

കോൺഗ്രസ് സീറ്റ് നൽകാത്തതിനെത്തുടർന്നാണ് സ്വതന്ത്രസ്ഥാനാർഥിയായി ചിത്ര സർവാർ മത്സരരംഗത്തെത്തിയത്. തൊട്ടടുത്തമണ്ഡലമായ അംബാല സിറ്റിയിൽ ചിത്രയുടെ പിതാവ് നിർമൽ സിങ് മോഹ്റയാണ് സ്ഥാനാർഥി.

ഒരു കുടുംബത്തിൽനിന്ന്‌ രണ്ടുസ്ഥാനാർഥികളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തെത്തുടർന്നാണ് ചിത്രയ്ക്ക് സീറ്റ് നൽകാതിരുന്നത്. എന്നാൽ, അംബാലയിലെ മത്സരത്തിൽനിന്നു പിന്മാറാൻ ചിത്ര തയ്യാറാകാതിരുന്നത് കോൺഗ്രസ് കേന്ദ്രനേതൃത്വത്തെ അസ്വസ്ഥപ്പെടുത്തി. അതുകൊണ്ട് ചിത്രയുടെ സ്ഥാനാർഥിത്വം ബി.ജെ.പി.യെക്കാൾ കോൺഗ്രസിനാകും വെല്ലുവിളിയാകുക. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ചിത്രയെ കോൺഗ്രസ് പുറത്താക്കിയത് രണ്ടാഴ്ചമുൻപാണ്. മുൻപ് എ.എ.പി.യുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അനിൽ വിജിന്റെ എതിർസ്ഥാനാർഥിയായിരുന്നു ചിത്ര.

അന്ന് 36.8 ശതമാനം വോട്ടുകമായി രണ്ടാംസ്ഥാനത്തെത്തിയ ചിത്ര ഇത്തവണ വോട്ടുവിഹിതം മെച്ചപ്പെടുത്തിയേക്കാം.

ബി.ജെ.പി. സ്ഥാനാർഥിയായി 2009 മുതലാണ് അനിൽ വിജ് അംബാലയിലെ ഗോധയിലിറങ്ങിയത്. അതിനുമുൻപ് സ്വതന്ത്രസ്ഥാനാർഥിയായി മൂന്നുതവണയും. അനിലിന്റെ വികസനപദ്ധതികളിൽ അംബാലയിലെ ജനങ്ങൾക്ക് മതിപ്പുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് വീണ്ടും മത്സരത്തിനിറങ്ങുന്നത്.

Content Highlights: Triangle fight in Ambala, Congress with hope