ഇന്ത്യയിലെ ഏറ്റവുംസമ്പന്ന,കോൺഗ്രസ് വിട്ട് BJPയില്‍; സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രയായി, മിന്നുംവിജയം

ചണ്ഡീഗഡ്: ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ സ്വതന്ത്രയായി ഇറങ്ങിയ സാവിത്രി ജിന്‍ഡാല്‍ ഹരിയാണയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 18,941 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സാവിത്രിയുടെ വിജയം. ഇരുപത് കൊല്ലത്തോളം കോണ്‍ഗ്രസിന്റെ വിശ്വസ്ത സഹചാരിണിയായിരുന്ന സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയതും രണ്ട് തവണ എം.എല്‍.എ. ആയിരുന്നിട്ടും ബി.ജെ.പി. സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചതും ഇത്തവണത്തെ ഹരിയാണ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു.
'ഹരിയാണ നിയമസഭയില്‍ ഹിസാറിലെ ജനങ്ങളുടെ ശബ്ദം' എന്ന ടാഗ് ലൈനിലൂടെയാണ് സാവിത്രി ജിന്‍ഡാല്‍ ഇത്തവണ മത്സരരംഗത്തെത്തിയത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയും ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണുമായ സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് തിരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ കമല്‍ ഗുപ്തയായിരുന്നു പ്രധാന എതിരാളി. സീറ്റ് നല്‍കാന്‍ ബി.ജെ.പി. വിസമ്മതിച്ചതോടെയാണ് സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനം സാവിത്രി ജിന്‍ഡാല്‍ കൈക്കൊണ്ടത്. കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി. എം.പി. നവീന്‍ ജിന്‍ഡാല്‍ സാവിത്രിയുടെ മകനാണ്.
ഹിസാറിലെ ജനത തന്റെ കുടുംബമാണെന്നും അവരുടെ ആഗ്രഹപ്രകാരമാണ് താന്‍ മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും അവര്‍ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി സഭയില്‍ താന്‍ ശബ്ദമുയര്‍ത്തുമെന്നും അവര്‍ പറഞ്ഞു. ജിന്‍ഡാല്‍ കുടുംബം എക്കാലവും ഹിസാറിനെ സേവിക്കുന്നതില്‍ സന്തോഷിക്കുന്നതായും ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും കാത്തുസൂക്ഷിക്കാന്‍ താനെപ്പോഴും പ്രതിജ്ഞാബദ്ധയാണെന്നും എഴുപത്തിനാലുകാരിയായ സാവിത്രി കൂട്ടിച്ചേര്‍ത്തു.
36.3 ബില്യണ്‍ ഡോളര്‍ (ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) ആസ്തിയ്ക്കുടമയാണ് സാവിത്രി. സെപ്റ്റംബര്‍ 28-ന് പ്രസിദ്ധീകരിച്ച ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡെക്സ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സാവിത്രിയുടെ സ്ഥാനം. രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ആദ്യപത്തിലുള്‍പ്പെട്ട ഏക വനിത കൂടിയാണിവര്‍.
2005-ല്‍ ഭര്‍ത്താവ് ഓം പ്രകാശ് ജിന്‍ഡാലിന്റെ മരണത്തോടെയാണ് ജിന്‍ഡാല്‍ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃനിരയിലേക്ക് സാവിത്രി കടന്നുവന്നത്. സ്റ്റീല്‍ നിര്‍മാണം, ഖനനം, ഊര്‍ജോല്‍പാദനം തുടങ്ങി സുപ്രധാന മേഖലകളില്‍ പ്രമുഖ സ്ഥാനത്തുള്ള കമ്പനിയാണ് ഓം പ്രകാശ് ജിന്‍ഡാല്‍ സ്ഥാപിച്ച ജിന്‍ഡാല്‍. പദ്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും സാവിത്രിയ്ക്ക് ലഭിച്ചു. സാവിത്രിയുടെ പ്രവര്‍ത്തന-നേതൃനേട്ടങ്ങള്‍ വനിതാസംരംഭകര്‍ക്കും വ്യവസായ നേതൃത്വങ്ങള്‍ക്കും വലിയ പ്രചോദനം കൂടിയാണ്.
എം.എല്‍.എ. എന്ന നിലയില്‍ സാവിത്രി ജിന്‍ഡാല്‍ രണ്ടു തവണ ഹിസാറിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2005-ലാണ് ആദ്യമായി സാവിത്രി നിയമസഭയിലേക്കെത്തിയത്. 2009-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സാവിത്രി ഭൂപീന്ദര്‍ സിങ് ഹൂഡ മന്ത്രിസഭയില്‍ അംഗമാകുകയും ചെയ്തു. രണ്ട് പതിറ്റാണ്ടുകാലം കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അവര്‍ മകന്‍ നവീന്‍ ജിന്‍ഡാലിന് പിന്നാലെയാണ് ഇക്കൊല്ലം മാര്‍ച്ചില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
Content Highlights: Savitri Jindal Indias richest woman, Hisar, Haryana Assembly Election