ഹരിയാണയിൽ മധുരിക്കാതെ രാഹുലിന്റെ 'ജിലേബിയും ജാട്ടും', ജിലേബി വിതരണംചെയ്ത് പരിഹസിച്ച് ബി.ജെ.പി

രാഹുൽ ​ഗാന്ധി | ഫോട്ടോ: എ.എൻ.ഐ, പി.ജി. ഉണ്ണിക്കൃഷ്ണൻ \ മാതൃഭൂമി
രാഹുൽ ​ഗാന്ധി | ഫോട്ടോ: എ.എൻ.ഐ, പി.ജി. ഉണ്ണിക്കൃഷ്ണൻ \ മാതൃഭൂമി

ചണ്ഡീ​ഗഢ്: രണ്ട് വാക്കുകളായിരുന്നു ഹരിയാണ തിരഞ്ഞെടുപ്പിന്റെ ​ഗോദയിൽ പ്രധാനമായും ഉയർന്നുകേട്ടത്. കോൺ​ഗ്രസ് നേതാവും എം.പിയുമായ രാഹുൽ ​ഗാന്ധി ഉയർത്തിയ ആ രണ്ട് വാക്കുകൾ ജാട്ടും ജിലേബിയുമായിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമെന്ന് കരുതിയ ഈ രണ്ട് കാര്യങ്ങൾക്കും ഹരിയാണയിൽ കോൺ​ഗ്രസിനെ സഹായിച്ചില്ല എന്നുമാത്രമല്ല, ബി.ജെപിയുടെ പരിഹാസത്തിന് കാരണമാകുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിയാണയിലെ ​ഗോഹനയിലെ പ്രസിദ്ധമായ ജിലേബിയേക്കുറിച്ച് രാഹുൽ ​ഗാന്ധി പരാമർശിച്ചിരുന്നു. ജിലേബി വന്‍തോതില്‍ ഉണ്ടാക്കി സംസ്ഥാനത്തിന് പുറത്തേക്ക് കയറ്റിയയ്ക്കുന്നതിനേക്കുറിച്ചും അതുവഴിയുണ്ടാകുന്ന തൊഴിൽ സാധ്യതകളേക്കുറിച്ചുമായിരുന്നു രാഹുൽ സംസാരിച്ചത്. ഇതിനെ അന്ന് ബി.ജെ.പി കളിയാക്കുകയും ചെയ്തിരുന്നു.

ഇനി വോട്ടെണ്ണൽ ദിവസത്തിലെ സംഭവങ്ങളിലേക്കുവന്നാൽ ആദ്യഘട്ടത്തിൽ ഹരിയാണയിൽ കോൺ​ഗ്രസിനായിരുന്നു മുൻതൂക്കം. ആദ്യഫലസൂചനകൾ കോൺ​ഗ്രസിന് അനുകൂലമായതോടെ ഡൽഹിയിൽ ആഘോഷം തുടങ്ങി. അതും ജിലേബിതന്നെ വിതരണംചെയ്തുകൊണ്ട്. പക്ഷേ ആ ആഘോഷത്തിന് അധികനേരം ആയുസുണ്ടായിരുന്നില്ല. ഫലം നേരേ തിരിച്ചുവന്നതോടെ കോൺ​ഗ്രസ് ക്യാമ്പ് മ്ലാനമായിത്തുടങ്ങി. കോൺ​ഗ്രസിന് അതേ നാണയത്തിൽ തിരിച്ചടി നൽകിക്കൊണ്ട്, ജിലേബിതന്നെ വാങ്ങി വിതരണംചെയ്തുകൊണ്ട് ബി.ജെ.പി ആസ്ഥാനത്ത് ആഘോഷവും ആരംഭിച്ചു. വിജയാഘോഷത്തിന് ജിലേബി വാങ്ങിയതിലൂടെ കൃത്യമായ രാഷ്ട്രീയ സന്ദേശവും കോൺ​ഗ്രസിനും രാഹുൽ ​ഗാന്ധിക്കും നൽകുകയായിരുന്നു ബി.ജെ.പി.

മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ ​ഗോഹനാ ജിലേബിയേക്കുറിച്ച് പ്രസം​ഗിച്ചിരുന്നു. അധികാരത്തിലെത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരുണ്ടാകുമെന്ന ഫോർമുല പ്രതിപക്ഷത്തിനുണ്ടെന്നാണ് അന്ന് ഇന്ത്യാ സഖ്യത്തിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനമെന്നത് മാഥു റാമിന്റെ ജിലേബിയാണോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.

1958-ലാണ് ഹരിയാണയിൽ മാഥു റാം എന്നയാൾ ​ഗോഹന ജിലേബിയുടെ നിർമാണം ആരംഭിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ കൊച്ചുമക്കളാണ് വ്യാപാരം മുന്നോട്ടുകൊണ്ടുപോവുന്നത്. 

Content Highlights: renowned jalebis in Haryana's Gohana featured in Congress leader Rahul Gandhi's speech