'വിചിത്രം', ഹരിയാണയിലെ തോൽവി അംഗീകരിക്കാതെ കോൺഗ്രസ്; അധ്യായം അവസാനിച്ചിട്ടില്ലെന്ന് ജയ്‌റാം രമേശ്

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ന്യൂഡൽഹി: ഹരിയാണയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്സിൽ ഞെട്ടി കോൺഗ്രസ്. വോട്ടെണ്ണൽ ആരംഭത്തിൽ ശക്തമായ മുന്നേറ്റം നടത്തിയ കോൺഗ്രസ്, ഭരണം കൈയിലെത്തി എന്ന് വിചാരിച്ചിരുന്നിടത്ത് നിന്നാണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടാകുന്നത്. വോട്ടെണ്ണൽ പുരോഗമിക്കവെ ബി.ജെ.പി. വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മൂന്നാമതും ഹരിയാണയിൽ ബി.ജെ.പി. അധികാരത്തിൽ എത്തി. ഇതിനിടെ വോട്ടെണ്ണലിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. 

ഹരിയാണയിലെ തിരഞ്ഞെടുപ്പ് ഫലം തീർത്തും അപ്രതീക്ഷിതവും വിചിത്രവുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. 'പ്രതീക്ഷിച്ചതിനും വിപരീതമായിട്ടാണ് ഹരിയാണയിൽ സംഭവിച്ചിരിക്കുന്നത്. യാഥാർത്ഥ്യത്തിനെതിരാണ് ഇത്. ഹരിയാണയിലെ ജങ്ങളുടെ മാറ്റത്തിനും അവരുടെ തീരുമാനങ്ങൾക്കുമെതിരാണ് ഈ വിധി. ഈ സാഹചര്യത്തിൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ഇത് കൃത്രിമത്വത്തിന്റെ വിജയമാണ്. ജനഹിതത്തെ അട്ടിമറിച്ചതിന്റെ വിജയം. സുതാര്യവും ജനാധിപത്യപരവുമായ പ്രക്രിയകളുടെ പരാജയമാണ്. ഹരിയാണയിലെ അധ്യായം പൂർത്തിയായിട്ടില്ല' എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വോട്ടെണ്ണലുമായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നും തിരികെ അവര് മറുപടി നൽകിയെന്നും അതിനുള്ള മറുപടി തിരഞ്ഞെടുപ്പ് കമ്മിഷന് താൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വളരെ ഗുരുതരമായ പരാതികൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ചുരുങ്ങിയത് മൂന്ന് ജില്ലകളിലെങ്കിലും ഇ.വി.എം. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരാതിയുണ്ട്. കൂടുതൽ പരാതികൾ വരുന്നുണ്ടെന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കാര്യങ്ങളൊക്കെ വെച്ച് ഇന്ന് അല്ലെങ്കിൽ ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും' എന്നും ജയ്റാം രമേശ് പറഞ്ഞു.

Content Highlights: Congress Raises Doubts Over Haryana Counting