അമരത്ത് മോദി; തുഴഞ്ഞത് കേന്ദ്രനേതൃത്വം,അനായാസമായിരുന്നില്ല ബി.ജെ.പി.ക്ക് ഈ വിജയങ്ങള്‍

#അരുണ്‍ സാബു
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് |ഫോട്ടോ:PTI
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഇരട്ട എന്‍ജിന്‍ വേഗത്തോടെ ഉത്തരേന്ത്യയില്‍ ബി.ജെ.പി. തേരോട്ടം തുടരുന്നു. തിരഞ്ഞെടുപ്പുനടന്ന അഞ്ചുസംസ്ഥാനങ്ങളില്‍ ഫലംവന്ന നാലില്‍ മൂന്നിടത്തും ഭരണംപിടിച്ച പാര്‍ട്ടി ഇന്ത്യന്‍രാഷ്ട്രീയത്തിലെ അജയ്യരെന്ന് വീണ്ടും തെളിയിച്ചു. ഇതോടെ ഹിന്ദി ഹൃദയഭൂമി ബി.ജെ.പി.യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ 'കോണ്‍ഗ്രസ് മുക്ത'മായി. നേരിട്ടുമത്സരിച്ച മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയാണ് ജയം. തോറ്റെങ്കിലും തെലങ്കാനയിലും പാര്‍ട്ടിക്ക് നേട്ടംമാത്രമേയുള്ളൂ.

ഒട്ടും അനായാസമായിരുന്നില്ല ബി.ജെ.പി.ക്ക് ഈ വിജയങ്ങള്‍. സംസ്ഥാനങ്ങളിലെ സംഘടനാദൗര്‍ബല്യങ്ങളും നേതാക്കളുടെ പോരും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന താരപ്രചാരകനെ മുന്നില്‍നിര്‍ത്തിയാണ്. പ്രാദേശികനേതൃനിരയില്ലാതെ മോദിപ്രഭാവത്തെ ആശ്രയിച്ചായിരുന്നു പോരാട്ടം. പാര്‍ട്ടിയുടെ പ്രത്യേകതയെന്ന് അവകാശവാദങ്ങളുണ്ടായെങ്കിലും ഉള്‍പ്പോരുകാരണം എടുത്തുകാണിക്കാന്‍ മുഖ്യമന്ത്രി മുഖങ്ങളില്ലായിരുന്നു എന്നതാണ് വസ്തുത. 'മോദിയുടെ ഗാരന്റി' എന്നായിരുന്നു പ്രകടനപത്രികയെ വിശേഷിപ്പിച്ചതും.

തമ്മിലടി കൊടുമ്പിരികൊണ്ട രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സംസ്ഥാന നേതൃത്വങ്ങളെ നോക്കുകുത്തിയാക്കി കേന്ദ്രനേതൃത്വമാണ് കളത്തിലിറങ്ങി കളിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും മെനഞ്ഞ തന്ത്രങ്ങള്‍ ഒടുവില്‍ വിജയംകണ്ടു.

തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോഴാണ് കേന്ദ്രമന്ത്രി ജി. കിഷന്റെ റെഡ്ഡിയെ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയാക്കിയത്. ഭരണമുണ്ടായിരുന്നെങ്കിലും മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കേന്ദ്രത്തിനു മതിപ്പില്ല. അതിനാലാണ് മുഖ്യമന്ത്രിയായിട്ടും ചൗഹാനെ മുന്നില്‍നിര്‍ത്താഞ്ഞത്. ഛത്തീസ്ഗഢിലാകട്ടെ 2018-ല്‍ ഒഴിവാക്കിയ രമണ്‍സിങ്ങിനെ വീണ്ടുമിറക്കേണ്ടിവന്നു. കോണ്‍ഗ്രസിനു മേല്‍ക്കൈ പ്രവചിച്ചിരുന്ന സംസ്ഥാനത്ത് നഡ്ഡ മുന്‍കൈയെടുത്താണ് പ്രചാരണം നിയന്ത്രിച്ചത്. രാജസ്ഥാനില്‍ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് വസുന്ധര രാജെയുമായി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയാണ് ദേശീയനേതൃത്വം വെടിനിര്‍ത്തലുറപ്പിച്ചത്. ജയ്പുര്‍ രാജകുടുംബാഗം ദിയകുമാരി എം.പി.യെ സംസ്ഥാന രാഷ്ട്രീയത്തിലേക്കിറക്കിയതും കണക്കുകൂട്ടലുകളോടെത്തന്നെ.

സ്ത്രീവോട്ടര്‍മാര്‍ക്ക് പ്രത്യേകം നന്ദി
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ മനസ്സില്‍ ഇന്ത്യ സഖ്യത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം പാര്‍ട്ടി ആസ്ഥാനത്ത് പ്രസംഗിക്കകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്തും പറയുന്നവരെയല്ല. രാജ്യത്തിന്റെ വികസനത്തിന് വ്യക്തമായ മാര്‍ഗരേഖയുള്ളവരെയാണ് ജനങ്ങള്‍ തിരഞ്ഞെടുത്തത്. അഴിമതിക്കാര്‍ക്കും ഒപ്പം നില്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം. ഈ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ജാതീയമായി വിഭജിക്കുന്നതിനുള്ള നിറയെ ശ്രമങ്ങള്‍ നടന്നു. എന്നാല്‍, ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിവരെയാണ്. ഇവര്‍ മാത്രമായിരുന്നു ബി.ജെ.പി.ക്ക് മുന്‍പിലുള്ള ജാതി. വിജയത്തില്‍ രാജ്യത്തെ സ്ത്രീവോട്ടര്‍മാര്‍ക്ക് പ്രത്യേകം നന്ദിപറയുന്നു. രാജ്യത്തിന്റെ സ്ത്രീശക്തിക്ക് പകരമാകാന്‍ മറ്റൊന്നിനുമാകില്ല. ബി.ജെ.പി. സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയ നാരീശക്തി അധിനിയം രാജ്യത്തെ സ്ത്രീകള്‍ക്ക് പുതിയ വിശ്വാസമാണ് നല്‍കിയത്. രാജ്യത്തെ സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളും ഉള്‍പ്പെടെ നിറയെ സൗകര്യങ്ങള്‍ ബി.ജെ.പി. ഉറപ്പാക്കിയെന്നും മോദി പറഞ്ഞു.

Content Highlights: these victories were not easy for the BJP-pm modi and bjp leadership