സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന് പുതിയ പേര്;ഭാഗ്യനഗര്‍ എന്നാക്കും-കേന്ദ്രമന്ത്രി

ജി. കിഷന്‍ റെഡ്ഡി | Photo : ANI
ജി. കിഷന്‍ റെഡ്ഡി | Photo : ANI

ഹൈദരാബാദ്: തെലങ്കാനയില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയും തെലങ്കാന ബി.ജെ.പി. അധ്യക്ഷനുമായ ജി. കിഷന്‍ റെഡ്ഡി. ഹൈദരബാദിന്റെ പേര് 'ഭാഗ്യനഗര്‍' എന്നാക്കി മാറ്റുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

'ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റും. ആരാണ് ഹൈദര്‍ എന്നാണ് എന്റെ ചോദ്യം. എവിടെ നിന്നാണ്‌ ഹൈദര്‍ വന്നത്? നമുക്ക് അയാളുടെ പേര്  ആവശ്യമുണ്ടോ? ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ 'ഹൈദറി'നെ മാറ്റി നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കും',കിഷന്‍ റെഡ്ഡി പറഞ്ഞു. 

'മദ്രാസിന്റെയും ബോംബെയുടെയും കല്‍ക്കട്ടയുടെയുമെല്ലാം പേരുകള്‍ മാറ്റിയില്ലേ. മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കിയത് ബി.ജെ.പി. അല്ല, ഡി.എം.കെ. ആണ്. മദ്രാസ് ചെന്നൈയും ബോംബെ മുംബൈയും കല്‍ക്കട്ട കൊല്‍ക്കത്തയും രാജ്പഥ് കര്‍ത്തവ്യപഥും ആയി മാറുമ്പോള്‍ ഹൈദരബാദ് ഭാഗ്യനഗര്‍ ആകുന്നതില്‍ എന്താണ് പ്രശ്‌നം? ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ അടിമമനോഭാവം പ്രതിഫലിപ്പിക്കുന്ന ഇത്തരത്തിലുള്ളതെല്ലാം പൂര്‍ണ്ണമായി നീക്കം ചെയ്യും,'  റെഡ്ഡി പറഞ്ഞു. 

പേരുകള്‍ മാറ്റുമ്പോള്‍ പണ്ഡിതന്മാ‍രോട്  ഉപദേശം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. തെലങ്കാനയില്‍ ബി.ജെ.പിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് യോഗി ഇക്കാര്യം പറഞ്ഞത്. മഹബൂബ് നഗറിന്റെ പേര് പലമുരു എന്നാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയില്‍ നിലവില്‍ ബി.ജെ.പിയ്ക്ക് ഒരു എം.എല്‍.എയാണ് ഉള്ളത്. 2018-ലെ തിരഞ്ഞെടുപ്പില്‍ 6.98 ശതമാനം വോട്ട് മാത്രമാണ് സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് ലഭിച്ചത്. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ഭരണകക്ഷിയായ ബി.ആര്‍.എസ്സും പ്രതിപക്ഷമായ കോണ്‍ഗ്രസുമാണ് ഏറ്റുമുട്ടുന്നത്. 

Content Highlights: Will Rename Hyderabad As Bhagyangar If BJP Comes To Power in Telengana says Union Minister G Kishan