അന്ന് കെ.സി.ആറിന്റെ ഓഫർ നിരസിച്ചു; ഇന്ന് സുനിൽ കനുഗൊലു തെലങ്കാനയിൽ കോണ്‍ഗ്രസ്സിന്റെ വിജയതന്ത്രജ്ഞൻ

രണ്ട് വര്‍ഷം മുന്‍പാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവുമായി സുനില്‍ കനുഗൊലു കൂടിക്കാഴ്ച നടത്തിയത്. രണ്ട് വര്‍ഷത്തിനിപ്പുറം നടക്കേണ്ട തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയുന്നതിനായാണ് സുനിലിനെ കെ.സി.ആര്‍ ഹൈദരാബാദിലുള്ള തന്റെ ഫാം ഹൗസിലേക്ക് വിളിച്ചത്. തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുനിലിന് കെ.സി.ആറിന്റെ ക്ഷണം ലഭിച്ചത്. ദിവസങ്ങളോളം നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ സുനില്‍ ഒരു തീരുമാനമെടുത്തു. കെ.സി.ആറിനൊപ്പം നില്‍ക്കുന്നില്ല, പകരം കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിക്കാം. ആ തീരുമാനമാണ് 2023 തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. സുനിലിന്റെയും സംഘത്തിന്റെയും തന്ത്രങ്ങളാണ് കോണ്‍ഗ്രസ്സിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
തന്ത്രങ്ങള്‍ മെനയുന്നതില്‍ അഗ്രഗണ്യനായ സുനില്‍ കോണ്‍ഗ്രസ്സിന്റെ ഇലക്ഷന്‍ സ്ട്രാറ്റജി കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. സുനിലിനെ എന്തുവിലകൊടുത്തും കൂടെ നിര്‍ത്തണമായിരുന്നു എന്ന് കെ.സി.ആര്‍ ഇപ്പോള്‍ ചിന്തിച്ചുകാണും. കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന സുനില്‍ തെലങ്കാന, കര്‍ണാടക തിരഞ്ഞെടുപ്പുകളില്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചു. തെലങ്കാനയില്‍ വളരെ ആഴത്തിലുള്ള പഠനമാണ് സുനില്‍ നടത്തിയത്. തെലങ്കാനയില്‍ ബി.ആര്‍.എസ്സിനെ തകര്‍ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഈ ഉദ്യമം അദ്ദേഹം ഒരു വെല്ലുവിളിയായിത്തന്നെ എടുത്തു. ബി.ജെ.പി ശക്തിയാര്‍ജിക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് വീഴുമോ എന്നുവരെ പലരും ഭയപ്പെട്ടു. എന്നാല്‍, കര്‍ണാടകയില്‍ പയറ്റിത്തെളിഞ്ഞ അതേ വിജയഫോര്‍മുല സുനില്‍ തെലങ്കാനയിലും കൊണ്ടുവന്നു.
പക്ഷേ, ഇത് ശ്രദ്ധയില്‍പ്പെട്ട കെ.സി.ആര്‍ സര്‍ക്കാര്‍ സുനിലിനെ കടന്നാക്രമിച്ചു. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തി നിരവധി ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സുനില്‍ അറസ്റ്റിലുമായി. എന്നാല്‍, അദ്ദേഹം പിന്മാറാന്‍ തയ്യാറായില്ല. പുതിയൊരു ഓഫീസ് കെട്ടിപ്പടുത്ത് സുനില്‍ ജോലി പുനരാരംഭിച്ചു. തന്നെ ദ്രോഹിച്ച കെ.സി.ആറിനുള്ള മറുപടി സുനില്‍ നല്‍കിയത് കോണ്‍ഗ്രസ്സിന്റെ വിജയത്തിലൂടെയാണ്. പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സുനില്‍ പ്രശസ്തനല്ല. വളരെ നിശബ്ദമായായിരുന്നു പ്രവര്‍ത്തനം. രാഹുല്‍ ഗാന്ധിയ്ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കിയാണ് സുനില്‍ കോണ്‍ഗ്രസ്സിന് വിജയം നേടിക്കൊടുത്തത്.
രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യുടെ പിന്നിലെ ബുദ്ധികേന്ദ്രം സുനിലായിരുന്നു. കന്യാകുമാരിയില്‍നിന്ന് കശ്മീര്‍വരെ കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി നടത്തിയ യാത്ര ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. തെലങ്കാനയില്‍ കെ.സി.ആറിനെ മുട്ടുകുത്തിക്കാന്‍ ആഴ്ചയിലെ ഏഴുദിവസവും സുനില്‍ പ്രവര്‍ത്തിച്ചു. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്നത്തെ ജനവിധി. ഇതോടെ കോണ്‍ഗ്രസ്സിലെ ചാണക്യനായി മാറുകയാണ് സുനില്‍.
കര്‍ണാടകയിലെ ബെല്ലാരിയില്‍ ജനിച്ച സുനില്‍ ചെന്നൈയിലാണ് വളര്‍ന്നത്. അമേരിക്കയില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സുനില്‍ മക്‌കെന്‍സി എന്ന ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് ഭീമന്മാര്‍ക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയിലെത്തിയശേഷം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാനാണ് സുനില്‍ തീരുമാനിച്ചത്.
2014-ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച സുനില്‍ 2017-ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞു. പിന്നീട് തമിഴ്‌നാട്ടില്‍ സ്റ്റാലിനുമായി ബന്ധം സ്ഥാപിച്ച അദ്ദേഹം ഡി.എം.കെയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അവിടെ മിന്നുന്ന വിജയം സമ്മാനിക്കുകയും ചെയ്തു. 2021 തമിഴ്‌നാട് അസംബ്ലി ഇലക്ഷനില്‍ കെ.പളനിസ്വാമിയ്ക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്തത് സുനിലാണ്. അദ്ദേഹത്തിന്റെ മികവില്‍ പാര്‍ട്ടി 75 സീറ്റുകളിലാണ് വിജയിച്ചത്.
വെറും 10 വര്‍ഷം കൊണ്ട് മാത്രമാണ് അദ്ദേഹം ഇത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. തൊട്ടതെല്ലാം പൊന്നാക്കുന്ന സുനിലിനെ നിലനിര്‍ത്താനായി കോണ്‍ഗ്രസ് എന്തും ത്യജിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കാലിടറിയപ്പോഴും തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയം നേടിയത് സുനിലിന്റെ തന്ത്രങ്ങള്‍ ഒന്നുകൊണ്ടുമാത്രമാണ്.
Content Highlights: Declined KCR’s Offer, Planned Rahul Gandhi’s Yatra, Meet the Man Behind Congress' Success in Telanga