ഒരു ബൂത്തിൽ ആകെയുള്ളത് 35 വോട്ടർമാർ, എല്ലാവരും ഒരേ കുടുംബക്കാർ; രാജസ്ഥാനിലെ വിചിത്രഗ്രാമം

ജയ്പൂര്‍: നവംബര്‍ 25-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ കൗതുകമുള്ള ഒരു പോളിങ് ബൂത്തുണ്ട്. ഇന്ത്യ-പാക് അതിര്‍ത്തി ജില്ലയായ ബാര്‍മറിലെ വിദൂരമായ ഈ ഗ്രാമത്തില്‍ ആകെയുള്ളത് 35 വോട്ടര്‍മാരാണ്. അതും ഒരേകുടുംബത്തിലുള്ളവര്‍. 17 സ്ത്രീകളും 18 പുരുഷന്മാരും. സംസ്ഥാനത്തെ ഏറ്റവും ചെറിയ പോളിങ്ബൂത്തുള്ള ഗ്രാമം അറിയിപ്പെടുന്നത് ബത്മര്‍ കാ പാര്‍ എന്നാണ്.
ഗ്രാമത്തിലേക്ക് പോളിങ്ബൂത്ത് എത്തുന്നതിന് മുമ്പ്, തിരഞ്ഞെടുപ്പ് കാലമായാല്‍ വലിയ വെല്ലുവിളിയാണ് ഇവിടെയുള്ളവര്‍ നേരിടാറ്. 20 കിലോമീറ്റര്‍ അകലെയുള്ള പോളിങ് ബൂത്തിലെത്തിവേണം വോട്ടുചെയ്യാന്‍. കാല്‍നടയായോ ഒട്ടപ്പുറത്തുകയറിയോ ആയിരുന്നു യാത്ര. സ്തീകളേയും പ്രായമായവരേയും ഇത് വലച്ചു. ഇതോടെ വോട്ടുചെയ്യാനെത്തിയവരില്‍ ഭൂരിഭാഗവും പുരുഷന്മാരായി.
എന്നാല്‍, ഇത്തവണ കഥമാറി. ഗ്രാമത്തില്‍ പോളിങ് ബൂത്ത് അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനമെത്തി. വോട്ട് രേഖപ്പെടുത്തൽ എളുപ്പമായതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികള്‍. പ്രത്യേകിച്ച് സ്ത്രീകള്‍.
2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ 200 അംഗസഭയില്‍ കോണ്‍ഗ്രസിന് 99-ഉം ബി.ജെ.പി.ക്ക് 73-ഉം സീറ്റാണ് ലഭിച്ചത്. ബി.എസ്.പി.യുടെയും സ്വതന്ത്രരരുടേയും പിന്തുണയോടെ അശോക് ഗഹ്‌ലോതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി.
മിസോറാം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ഏഴിന് മിസോറാമിലും ഛത്തീസ്ഗഢിലെ ആദ്യഘട്ട തിരഞ്ഞെടുപ്പും നടന്നിരുന്നു. ഛത്തീസ്ഗഢില്‍ രണ്ടാംഘട്ടവും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പും നവംബര്‍ 17-നാണ്. തെലങ്കാനയിലേത് നവംബര്‍ 30-നാണ്. ഛത്തീസ്ഗഢില്‍ മാത്രമാണ് രണ്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടണ്ണല്‍.
Content Highlights: Rajasthan's Smallest Polling Booth Has Just 35 Voters