ഫലംകാണാതെ BJP-യുടെ ചർച്ച; 3 സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി തീരുമാനമായില്ല; നിരീക്ഷകരെ നിയോഗിച്ചു

ന്യൂഡൽഹി: ജയിച്ച സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനാകാതെ ബി.ജെ.പി. കേന്ദ്ര നേതൃത്വം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ഉന്നതതലയോഗം വെള്ളിയാഴ്ചയും തുടരും.
അതേസമയം മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിനായി പാർട്ടി നിരീക്ഷകരെ നിയോഗിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ നിന്ന് നിരീക്ഷകർ നിർദേശങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.
മുഖ്യമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുതിർന്ന പല നേതാക്കളും സംസ്ഥാനത്ത് ഉണ്ടായിരുന്നുവെങ്കിലും ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ജയത്തിന് പിന്നാലെ ബിജെപി കേന്ദ്രനേതൃത്വം ഉന്നതതല യോഗം വിളിച്ചുചേർത്ത് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള മാരത്തൺ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ജയിച്ച കേന്ദ്ര മന്ത്രിമാരുടേയും മുൻ എം.പിമാരുടേയും യോഗം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കേന്ദ്ര നേതൃത്വം യോഗം ചേർന്നത്. എന്നാൽ ഇതുവരേയും മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ ആരാണ് എന്ന കാര്യത്തിൽ ഒരു സമവായത്തിൽ എത്താൻ സാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. എന്നാൽ കേന്ദ്ര മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ അടക്കമുള്ളവർ ബി.ജെ.പി. നേതൃത്വത്തിന്റെ മുമ്പിലുണ്ട്. ഇത് ചൗഹാന് വെല്ലുവിളിയാണ്. മൂന്നുപേരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുക എന്ന കടമ്പയാണ് ഇനി ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് മുന്നിലുള്ളത്.
ഛത്തീസ്ഗഡിൽ മുൻ മുഖ്യമന്ത്രി രമൺ സിങ്, സംസ്ഥാന ബിജെപി അധ്യക്ഷൻ അരുൺ കുമാർ സാവോ, പ്രതിപക്ഷ നേതാവ് ധരംലാൽ കൗഷിക്, മുൻ ഐഎഎസ് ഓഫീസർ ഒ.പി ചൗധരി തുടങ്ങിയവർ അടക്കമുള്ളവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.
രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയാണ് നിലവിൽ മുതിർന്ന നേതാവായി മുമ്പിലുള്ളത്. രണ്ടുതവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വസുന്ധര തന്നെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. വസുന്ധരയെ തള്ളി മറ്റു പേരുകൾ രാജസ്ഥാനിൽ ഉയർന്നു കേട്ടിരുന്നെങ്കിലും ഇതിനെയൊക്കെ തടയിടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് വസുന്ധരയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 25 എം.എൽ.എമാർ വസുന്ധരയെ കണ്ട് പിന്തുണ അറിയിച്ചത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, കോൺഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയ തെലങ്കാനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍ക്കയും 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
Content Highlights: No Consensus On Chief Ministers Yet BJP To Pick Observers Tomorrow