മോദിയുടെ മിസോറം യാത്ര റദ്ദാക്കി; തീരുമാനം വേദി പങ്കിടാനില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെ

പ്രധാനമന്ത്രി നരേന്ദ്ര മോദി, മിസോറം മുഖ്യമന്ത്രി സോറംതങ്ക | AP, ANI
പ്രധാനമന്ത്രി നരേന്ദ്ര മോദി, മിസോറം മുഖ്യമന്ത്രി സോറംതങ്ക | AP, ANI

ഐസ്വാള്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറമിലെ മാമിത് ജില്ല സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് നവംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബി.ജെ.പി. പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി ഈ മാസം 30-ന് മോദി മിസോറമിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഇത് റദ്ദാക്കിയതായി മുതിര്‍ന്ന ബി.ജെ.പി. നേതാവ് അറിയിച്ചു. എന്നാല്‍ കാരണം വ്യക്തമാക്കിയില്ല. 

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മിസോറമില്‍ പ്രചാരണത്തിനെത്തും. തീയതി തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി. മീഡിയ കണ്‍വീനര്‍ ജോണി ലാല്‍തന്‍പിയ പറഞ്ഞു. മാമിത് ജില്ലയിലടക്കം അമിത്ഷാ പ്രചാരണം നടത്തും. തിങ്കളാഴ്ച നിതിന്‍ ഗഡ്കരിയും സംസ്ഥാനം സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ട്. 

പ്രചാരണത്തിനെത്തുന്ന മോദിയുമായി വേദി പങ്കിടില്ലെന്ന് മിസോറമില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന എം.എന്‍.എഫ്. നേതാവും മുഖ്യമന്ത്രിയുമായ സൊറംതങ്ക നേരത്തേ പ്രഖ്യാപിച്ചിരുന്നു. മണിപ്പുരില്‍ കുക്കികള്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മോദി സംസ്ഥാനത്തേക്കുള്ള യാത്ര റദ്ദാക്കിയതായി ബി.ജെ.പി. നേതാവ് പ്രഖ്യാപിക്കുന്നത്. 

നവംബര്‍ ഏഴിനാണ് മിസോറമില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍. 40 അംഗ നിയമസഭാ സീറ്റില്‍ 23 ഇടങ്ങളിലാണ് ബി.ജെ.പി. മത്സരിക്കുന്നത്. നിലവില്‍ ഒറ്റ എം.എല്‍.എ. മാത്രമാണ് ബി.ജെ.പി.ക്ക് സംസ്ഥാനത്തുള്ളത്. 

Content Highlights: pm modi cancelled poll bound mizoram visit, amit shah will fill in for modi