മിസോറമില്‍ ഏറ്റവും കൂടുതല്‍ പോള്‍ചെയ്തത് സ്ത്രീകള്‍; സ്ഥാനാര്‍ഥികളില്‍ 10% പോലും പ്രാതിനിധ്യമില്ല

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ഐസ്വാള്‍: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിസോറമില്‍ മാത്രമാണ് നിലവില്‍ വിധിയെഴുത്ത് പൂര്‍ത്തിയായത്. ഭരണചക്രം ആര്‍ക്കൊപ്പം ഉരുളുമെന്നറിയാന്‍ അന്നാട്ടുകാര്‍ ഇനിയും കാത്തിരിക്കണം. ബാക്കി നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ കൂടി കഴിഞ്ഞശേഷം ഡിസംബര്‍ മൂന്നിനാണ് എല്ലായിടത്തും വോട്ടെണ്ണല്‍. 

8.52 ലക്ഷം വോട്ടര്‍മാരാണ് മിസോറമില്‍ ആകെയുള്ളത്. അതില്‍ 80.66 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിച്ചു. 174 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. സംസ്ഥാനത്ത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകളാണ്. മിസോറമിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരം 81.25 ശതമാനം സ്ത്രീകളാണ് നവംബര്‍ ഏഴിലെ വിധിയെഴുത്തില്‍ പങ്കാളികളായത്. അതേസമയം, പുരുഷന്മാരുടെ വോട്ടിങ് ശതമാനം 80.04 മാത്രം. 80.66 എന്ന സംസ്ഥാന ശരാശരിയെക്കാള്‍ കുറവാണ് പുരുഷന്മാരുടെ വോട്ടിങ് ശതമാനം. 

അതേസമയം, 174 സ്ഥാനാര്‍ഥികളിലെ വനിതാ പ്രാതിനിധ്യമാവട്ടെ, വെറും 15 പേര്‍. പുരുഷന്മാരെക്കാള്‍ വനിതാ വോട്ടുപ്രാതിനിധ്യമുള്ള സംസ്ഥാനത്ത് വനിതാ സ്ഥാനാര്‍ഥികളായി പത്തുശതമാനം പേര്‍ പോലുമില്ല. ഇതില്‍ മൂന്നുപേര്‍ ബി.ജെ.പി.യില്‍നിന്നുള്ളവര്‍. എം.എന്‍.എഫ്., ഇസഡ്.പി.എം., കോണ്‍ഗ്രസ് പാര്‍ട്ടികളില്‍നിന്ന് രണ്ടുപേര്‍ വീതം. ബാക്കിയുള്ളവര്‍ സ്വതന്ത്രര്‍. 

സംസ്ഥാനത്തെ 11 ജില്ലകളില്‍നിന്നുള്ള  കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് സെര്‍ച്ചിപ് ജില്ലയിലാണ് -84.78 ശതമാനം. മാമിത്തില്‍ 84.65 ശതമാനം. മണ്ഡലങ്ങൾ നോക്കിയാല്‍ തൊറാങ് മണ്ഡലത്തില്‍ 88.19 ശതമാനം പേര്‍ വോട്ടുചെയ്തു. തയ്കം മണ്ഡലം 87.32 ശതമാനവുമായി രണ്ടാമതുണ്ട്. 

നിലവില്‍ സോറംതങ്കയുടെ നേതൃത്വത്തിലുള്ള എം.എന്‍.എഫ്. ആണ് മിസോറം ഭരിക്കുന്നത്. ഇവർക്കൊപ്പം കോണ്‍ഗ്രസ്, സെഡ്.പി.എം. പാര്‍ട്ടി എന്നിവർ ചേര്‍ന്ന ത്രികോണ മത്സരമാണ് സംസ്ഥാനത്തെന്നാണ് പൊതുവിലയിരുത്തൽ. അനിശ്ചിതത്വങ്ങള്‍ നീങ്ങാന്‍ ഡിസംബര്‍ മൂന്നുവരെ കാത്തിരിക്കണം.

Content Highlights: mizoram election, women representation, female voter turnout