തീയതി മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല; മിസോറമില്‍ നിശ്ചയിച്ച ഡിസം. 3-ന് തന്നെ വോട്ടെണ്ണല്‍ നടക്കും

പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI

ഐസ്വാള്‍: വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന മിസോറമിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. നേരത്തേ നിശ്ചയിച്ച ഡിസംബര്‍ മൂന്ന് ഞായറാഴ്ചതന്നെ വോട്ടെണ്ണുമെന്ന് മിസോറം മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മധുപ് വ്യാസ് അറിയിച്ചു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത്‌, ഞായറാഴ്ച സഭാ പരിപാടികളും പ്രാര്‍ഥനകളുമൊക്കെയായി കഴിയാറാണ് ജനങ്ങളുടെ പതിവ്. അതില്‍ മുടക്കം വരാതിരിക്കാനായിരുന്നു വോട്ടെണ്ണല്‍ തീയതി മാറ്റാന്‍ ആവശ്യപ്പെട്ടത്.

മധുപ് വ്യാസ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഓഫീസിലെത്തിയിരുന്നെങ്കിലും തീയതി മാറ്റുന്ന തീരുമാനമുണ്ടായില്ല. 'വോട്ടെണ്ണല്‍ പോളിങ് പോലെ അല്ല. അതില്‍ എല്ലാവരും പങ്കെടുക്കേണ്ടി വരുന്നില്ല. നിശ്ചിത ഉദ്യോഗസ്ഥര്‍ മാത്രമേ വോട്ടെണ്ണലിന് വേണ്ടി വരുന്നുള്ളൂ. ഡിസംബര്‍ മൂന്ന് എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മിസോറമിലും മറ്റു നാലു സംസ്ഥാനങ്ങളിലും നിശ്ചയിച്ച ഡിസംബര്‍ മൂന്നിനു തന്നെ വോട്ടെണ്ണല്‍ നടക്കും' - മധുപ് വ്യാസ് പറഞ്ഞു. 

ജനസംഖ്യയില്‍ 87 ശതമാനത്തിലധികവും ക്രൈസ്തവരാണ് മിസോറമില്‍. അതിനാല്‍ത്തന്നെ ഞായറാഴ്ച ദിവസങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി സംഘടനകളും മറ്റുള്ളരും സഭാ പരിപാടികളും പ്രാര്‍ഥനാ പരിപാടികളുമായി കഴിയുന്നതാണ് സംസ്ഥാനത്തെ പതിവുരീതി. ഇത് തടസ്സപ്പെടുത്തരുതെന്നും തീയതി മാറ്റണമെന്നും ആവശ്യപ്പെട്ട് എം.എന്‍.എഫ്., ബി.ജെ.പി. ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയിരുന്നു. ഡിസംബര്‍ നാലിലേക്കോ അഞ്ചിലേക്കോ മാറ്റണമെന്നായിരുന്നു ആവശ്യം. 

മിസോറമിലെ 40 നിയമസഭാ സീറ്റുകളിലേക്ക് നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ്‌ നടന്നത്. ഛത്തീസ്ഗഢിലും അന്ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്നിരുന്നു. മിസോറമിലെ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടത്തോടെ തന്നെ പൂര്‍ത്തിയായി. ഛത്തീസ്ഗഢിലെ അടുത്ത ഘട്ടം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലുമെല്ലാം ഇനി തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന്.

Content Highlights: mizoram election, counting will happen on december 3