മിസോറമില്‍ MNF നെ അട്ടിമറിച്ച് ZPM ഭരണം പിടിച്ചു, കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങി

ഐസ്വാള്‍: മിസോറമില്‍ ഭരണകക്ഷിയായ എം.എന്‍.എഫിനെ അട്ടിമറിച്ച് സെഡ്.പി.എമ്മിന് ജയം. 40 അംഗ നിയമസഭാ സീറ്റുകളില്‍ 27-ലും വിജയിച്ചാണ് ലാല്‍ഡുഹോമയുടെ നേതൃത്വത്തിലുള്ള സെഡ്.പി.എമ്മിന്റെ കുതിപ്പ്. ഭരണകക്ഷിയായ എം.എന്‍.എഫിന് ഇത്തവണ 10 സീറ്റുകളേ നേടാനായുള്ളൂ. ബി.ജെ.പി.ക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും സീറ്റുകള്‍ ലഭിച്ചു.
കേവല ഭൂരിപക്ഷമായ 21 മറികടന്നതോടെ സെഡ്.പി.എമ്മിന് സംസ്ഥാനത്ത് ഒറ്റക്ക് ഭരിക്കാനാകും. മുഖ്യമന്ത്രിയായിരുന്ന സോറംതങ്ക, ഉപമുഖ്യമന്ത്രി തോന്‍ലിയ, ആരോഗ്യമന്ത്രി ലാല്‍തങ്കിയാന ഉള്‍പ്പെടെയുള്ള എം.എന്‍.എഫ്. പ്രമുഖര്‍ തോറ്റു. സെഡ്.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ലാല്‍ഡുഹോമ സേര്‍ഛിപില്‍ വിജയിച്ചു. ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം ജെജെ ലാല്‍പെഖ്‌ലുവയും ജയിച്ചു. സെഡ്.പി.എം. ബാനറിലാണ് ഇദ്ദേഹം മത്സരിച്ചത്.
വിജയത്തിനു പിന്നാലെ നാളെയോ മറ്റെന്നാളോ ഗവര്‍ണറെ കാണുമെന്നും സത്യപ്രതിജ്ഞ ഈ മാസത്തില്‍തന്നെ ഉണ്ടാകുമെന്നും ലാല്‍ഡുഹോമ വ്യക്തമാക്കി.
രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യമെണ്ണി. പിന്നാലെ ഇ.വി.എം. വോട്ടുകളും എണ്ണി. മിസോറമില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന് വോട്ടെണ്ണലിന് മുന്‍പുതന്നെ സെഡ്.പി.എം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ലാല്‍ഡുഹോമ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ മിസോറമില്‍ അടുത്ത സര്‍ക്കാരിന്റെ ഭാഗമായിരിക്കും ബി.ജെ.പിയെന്ന് സംസ്ഥാന പ്രസിഡന്റ് വാന്‍ലാല്‍മുകയും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബി.ജെ.പി. മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന ലാല്‍ഡുഹോമയാണ് സെഡ്.പി.എമ്മിന്റെ സ്ഥാപകന്‍. ആറ് പ്രാദേശികപ്പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്താണ് സെഡ്.പി.എം. സ്ഥാപിച്ചത്. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി, 2018 മിസോറം തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെക്കാള്‍ മുന്നിലെത്തി. 2019-ലാണ് രാഷ്ട്രീയപ്പാര്‍ട്ടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്.
Content Highlights: mizoram election 2023, zpm win, mnf lose