ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി; മൂന്നിലൊതുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുഫലം വന്ന നാലില്‍ മൂന്നുസംസ്ഥാനങ്ങളിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ രാജ്യത്ത് ബിജെപി ഒറ്റയ്ക്ക് സർക്കാരുണ്ടാക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിലവില്‍ ബി.ജെ.പി. ഒറ്റയ്ക്കാണ് ഭരിക്കുന്നത്.
മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്തുകയും രാജസ്ഥാനും ചത്തീസ്ഗഢും കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുക്കയും ചെയ്തതോടെ 12 സംസ്ഥാനങ്ങള്‍ ഇനി 'താമര'യ്ക്കുള്ളിലാവും. മഹാരാഷ്ട്ര, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം എന്നീ നാലു സംസ്ഥാനങ്ങളില്‍ ബിജെപി ഉൾപ്പെടുന്ന മുന്നണിയുമാണ് ഭരിക്കുന്നത്.
ചത്തീസ്ഗഢും രാജസ്ഥാനും 'കൈ'വിട്ടതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ഭരണം മൂന്നു സംസ്ഥാനങ്ങളില്‍ ഒതുങ്ങി. കര്‍ണാടക, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നിലവില്‍ ഭരണമുള്ളത്. ബി.ആര്‍.എസിനെ തകര്‍ത്ത് അധികാത്തിലേക്കെത്തുന്ന തെലങ്കാനയാണ് പിന്നീടുള്ളത്. ബീഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ഭരണമുന്നണിയുടെ ഭാഗമാണ് കോണ്‍ഗ്രസ്. തമിഴ്‌നാട്ടില്‍ ഡി.എം.കെയ്‌ക്കൊപ്പം സംഖ്യമുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗമല്ല.
പഞ്ചാബിലും ഡല്‍ഹിയിലും ഭരണമുള്ള ആംആദ്മിയാണ് രാജ്യത്തെ മൂന്നാമത്തെ വലിയ ദേശീയ പാര്‍ട്ടി. ബി.ജെ.പി, കോണ്‍ഗ്രസ്, ആംആദ്മി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി), സി.പി.എം, നാഷണൽ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) എന്നിങ്ങനെ നിലവില്‍ ആറ് ദേശീയപാര്‍ട്ടികളാണുള്ളത്.
സിറ്റിങ്ങ് എം.പിമാരായിരുന്ന പലരും ഇപ്പോള്‍നടന്ന നിയസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതോടെ നിരവധി ലോക്‌സഭാ സീറ്റുകളില്‍ ഒഴിവുവന്നിട്ടുണ്ട്. അടുത്തവര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല. 2024-ല്‍ സിക്കിം, അരുണാചല്‍പ്രദേശ്, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കും. ജമ്മുകശ്മീരിലും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.
Content Highlights: five state assembly election result