മോദിക്കും ഹിന്ദുത്വയ്ക്കും മുന്നില്‍ കോണ്‍ഗ്രസിന് അടിപതറുമ്പോള്‍

കോണ്‍ഗ്രസിന് മുന്നില്‍ ഭാവി ഇരുളുകയാണ്. തെലങ്കാനയിലെ തിരിച്ചുവരവ് ഗംഭീരമാണ്. പക്ഷേ, ഹിന്ദി ഹൃദയഭൂമി കൈവിട്ടുപോവുമ്പോള്‍ തെലങ്കാനയില്‍ നിന്നുയരുന്ന പ്രകാശം മങ്ങുകയാണെന്ന് പറയാതെവയ്യ. അഞ്ച് കൊല്ലം മുമ്പ് മൂന്നിടങ്ങളില്‍-രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തിസ്ഗഢിലും-കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടായിരുന്നു. ഇവിടെ മൊത്തം അടിപതറുന്നുവെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടി തന്നെയാണ്. രാജസ്ഥാനും മദ്ധ്യപ്രദേശും ഒരര്‍ത്ഥത്തില്‍ യുപി പോലെതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. കാരണം, ഈ രണ്ട് സംസ്ഥാനങ്ങളും ആര്‍എസ്എസ്സും ബിജെപിയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ഇടങ്ങളാണ്. ഇവിടെ ബിജെപിക്ക് തകര്‍ച്ചയുണ്ടായാല്‍ അതിന്റെ അനുരണനങ്ങള്‍ ഏറ്റവുമാദ്യം പ്രതിദ്ധ്വനിക്കുക നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തായിരിക്കും. അതുണ്ടായില്ലെന്നത് 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സൂചകവും വഴികാട്ടിയുമാവുന്നു.
മിസോറാമിലെ ഒരു സീറ്റുള്‍പ്പെടെ 83 ലോക്‌സഭ സീറ്റുകളാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലായുള്ളത്. 2018-ലെ തിരഞ്ഞെടുപ്പില്‍ ഇതില്‍ മൂന്നിടത്തും കോണ്‍ഗ്രസ് മുന്നേറിയെങ്കിലും തൊട്ടുപിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ബിജെപിയുടെകൂടെയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുണച്ചപ്പോഴും ലോക്‌സഭയിലേക്കുള്ള പോരാട്ടത്തില്‍ ഹിന്ദി ഹൃദയഭൂമിക്ക് മോദിക്കും ബിജെപിക്കുമൊപ്പം നില്‍ക്കാനായിരുന്നു താല്‍പര്യം. ഇക്കുറി രാജസ്ഥാനും മദ്ധ്യപ്രദേശും ഛത്തിസ്ഗഢും ബിജെപിയെ ഒരുപോലെ ഏറ്റെടുക്കുമ്പോള്‍ അതിന്റെയര്‍ത്ഥം 2024 കോണ്‍ഗ്രസിന് ശരിക്കും കടുപ്പമാവും എന്നുതന്നെയാണ്.
കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനുണ്ടായ അഭൂതപൂര്‍വ്വ വിജയം ബിജെപി ഉള്‍ക്കൊണ്ടുവെന്നതിന്റെ തെളിവുകൂടിയാണ് രാജസ്ഥാനിലും മദ്ധ്യപ്രദേശിലും താമരയുടെ മുന്നേറ്റം. രാജസ്ഥാന്‍ കോണ്‍ഗ്രസ് നിലനിര്‍ത്തുകയും മദ്ധ്യപ്രദേശ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് ബിജെപിയില്‍ ഏല്‍പിക്കുമായിരുന്ന ആഘാതം ചില്ലറയാവുമായിരുന്നില്ല. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് കളിച്ച കളി തുടരുന്നതിന് രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമായില്ലെന്നതും ഛത്തിസ്ഗഢ് പോലൊരു തട്ടകം കളഞ്ഞുകുളിച്ചുവെന്നതും കോണ്‍ഗ്രസിന് ഉള്‍വെളിച്ചമാവേണ്ടതാണ്. പക്ഷേ, ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഈ ഉള്‍വെളിച്ചംകൊണ്ട് എന്ത് ഗുണമാണ് കോണ്‍ഗ്രസിനുണ്ടാവുക എന്ന് പറയാനാവില്ല.
ഗെഹ്ലൊത്ത് എന്ന അദ്ധ്യായം അവസാനിക്കുന്നു
രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഒരുതരത്തില്‍ ഒരുതരം ആഭയന്തരയുദ്ധത്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. സച്ചിന്‍പൈലറ്റിനെ ഒതുക്കിയ ശേഷം മുഖ്യമന്ത്രിസ്ഥാനത്ത് തുടര്‍ന്ന ഗെഹ്ലൊത്ത് നെഹ്രു കുടുംബത്തിന്റെ, പ്രത്യേകിച്ച് സോണിയ ഗാന്ധിയുടെ വിശ്വസ്തനായാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിര്‍ദ്ദേശം ഗെഹ്ലോത്ത് നിരസിച്ചു. എന്നിട്ടും അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു. നെഹ്രു കുടുംബത്തിന്റെ ശാസനം പരസ്യമായി തള്ളിക്കളഞ്ഞിട്ടും ഒരു നേതാവിന് മുഖ്യമന്ത്രിയായി തുടരാനായി എന്നത് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ വലിയൊരപൂര്‍വ്വതയായിരുന്നു. പാര്‍ട്ടി ഹൈക്കമാൻഡ് എത്രമാത്രം ദുര്‍ബ്ബലമായി എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്.
ഇന്നിപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഗെഹ്ലോത്ത് അന്നെടുത്ത തീരുമാനത്തില്‍ ഖേദിക്കുന്നുണ്ടാവണം. മുഖ്യമന്ത്രിസ്ഥാനം ത്യജിച്ച് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുവരാന്‍ ഗെഹ്ലൊത്ത് തീരുമാനിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ നിലവില്‍ വരുന്നതിന് ഈ ദിനങ്ങളില്‍ രാജസ്ഥാന്‍ സാക്ഷ്യംവഹിക്കുമായിരുന്നു. ഗെഹ്ലോത്തിന്റെ അച്ചടക്കലംഘനം ഒരു കാലത്തും സോണിയയും രാഹുലും പ്രിയങ്കയും മറക്കാനിടയില്ല. തങ്ങളെ ധിക്കരിച്ച ഒരാള്‍ പാര്‍ട്ടിയുടെ മുഖവും ആത്മാവുമായി ഒരു സംസ്ഥാനത്ത് തുടരുന്നത് എന്തൊക്കെയായാലും നെഹ്രുകുടുംബത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംഗതിയല്ല. രാജസ്ഥാനില്‍ മാത്രമല്ല കോണ്‍ഗ്രസിനുള്ളിലും ഇതോടെ ഗെഹ്ലോത്ത് അടഞ്ഞ അദ്ധ്യായമാവുകയാണ്. ഒരു തലത്തില്‍ നെഹ്രു കുടുംബത്തിന് മുന്നിലുണ്ടായിരുന്ന വലിയൊരു വെല്ലുവിളിയാണ് ഗെഹ്ലോത്തിന്റെ പതനത്തോടെ ഇല്ലാതാവുന്നത്. പക്ഷേ, അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് നല്‍കേണ്ടിവരുന്ന വില വളരെ കനത്തതാവുന്നു.
അനാഥമായി കമല്‍നാഥിന്റെ ബദല്‍ ഹിന്ദുത്വ
മദ്ധ്യപ്രദേശില്‍ കമല്‍നാഥ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കും എന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മോദിയുടെയും ബിജെപിയുടെയും ഹിന്ദുത്വയ്ക്ക് ബദല്‍ കമല്‍നാഥിന്റെ ഹിന്ദുത്വയാണ് എന്ന പ്രതീതിയാണ് മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. ഇന്ത്യ മുന്നണിയുടെ റാലി ഭോപ്പാലില്‍ നടത്താനുള്ള തീരുമാനം കമല്‍നാഥ് അട്ടിമറിച്ചത് 'സനാതന ധര്‍മ്മ'ത്തിനെതിരെ പടനയിക്കുന്ന ഡിഎംകെയെപ്പോലൊരു പാര്‍ട്ടിക്കൊപ്പം അണിനിരക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലെ സാദ്ധ്യത ഇല്ലാതാക്കുമെന്ന വാദമാണ്. നല്ല പത്തരമാറ്റ് ഹിന്ദുത്വ ബിജെപി മുന്നോട്ടുവെക്കുമ്പോള്‍ എന്തിനാണ് കമല്‍നാഥിന്റെ മൃദു ഹിന്ദുത്വ എന്നാണ് മദ്ധ്യപ്രദേശ് ചോദിക്കുന്നത്. ഹിന്ദി ഹൃദയ ഭൂമിയുടെ കാവിവത്കരണം ഏതാണ്ട് സമ്പൂര്‍ണ്ണമാവുന്ന കാഴ്ചയാണ് രാജസ്ഥാനും മദ്ധേ്യ്രപദശും ചത്തിസ്ഗഢും മുന്നോട്ടുവെയ്ക്കുന്നത്. കാവിവത്കരണവും ക്ഷേമ പദ്ധതികളും ഒന്നുചേര്‍ന്ന് സമ്മാനിക്കുന്ന വന്‍ വിജയം. ഛത്തിസ്ഗഢിലെ തകര്‍ച്ചയ്ക്ക് ഉത്തരം പറയാന്‍ കോണ്‍ഗ്രസ് ശരിക്കും വിഷമിക്കും. ഭൂപേഷ് ബഘേല്‍ എന്ന ജനകീയ മുഖ്യമന്ത്രിക്കും ക്ഷേമ പദ്ധതികള്‍ക്കും മോദിയുടെയും ഹിന്ദുത്വയുടെയും മുന്നേറ്റം ചെറുക്കാനായില്ല എന്നത് വല്ലാത്തൊരു വിഷമസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ എത്തിച്ചിരിക്കുന്നത്.
അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തി ദുര്‍ബ്ബലമാവുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് വായിക്കാവുന്ന ഒരു രാഷ്ട്രീയ സന്ദേശം. കര്‍ണ്ണാടകം നല്‍കിയ ഗംഭീര വിജയത്തില്‍ നിധീഷിനേയും ശരദ് പവാറിനെയും മമതയെയും ഒന്നിരുത്താന്‍ നോക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയിപ്പോള്‍ അവര്‍ക്ക് മുന്നില്‍ മസില്‍ പിടിക്കാനാവില്ല. മോദിക്ക് ബദല്‍ രാഹുല്‍ ഗാന്ധി എന്ന സമവാക്യത്തിനും ഇടം നഷ്ടപ്പെടുകയാണ്. വരുന്ന അഞ്ച് മാസങ്ങളില്‍ പ്രതിപക്ഷനിരയെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇനിയിപ്പോള്‍ ശരിക്കും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ഓരോ സംസ്ഥാനത്തും അതാതിടങ്ങളിലെ പ്രബല പാര്‍ട്ടിയുടെ നേതൃത്വം അംഗീകരിക്കുക എന്ന നയത്തിലേക്കാണ് ഇത് കോണ്‍ഗ്രസിനെ എത്തിക്കുക. ബംഗാളില്‍ അത് മമതയാണെങ്കില്‍ തമഴകത്ത് അത് എംകെ സ്റ്റാലിനാവും. ആ അര്‍ത്ഥത്തില്‍ ഫെഡറലിസത്തിന്റെ വഴിയിലൂടെ ഇന്ത്യ മുന്നണി സഞ്ചരിക്കുന്ന കാഴ്ചയാവും ഇനിയങ്ങോട്ട് ദൃശ്യമാവുക. തെലങ്കാനയിലെ കോണ്‍ഗ്രസ് വിജയത്തില്‍ ഒരു കാവ്യനീതിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിനെ പിന്നില്‍നിന്ന് കുത്തിയാണ് ചന്ദ്രശേഖര്‍ റാവു തെലങ്കാനയില്‍ അധികാരം പിടിച്ചത്. അവിടെ റാവുവിന്റെ പാര്‍ട്ടിയുടെ അധീശത്വം തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ അഴിമതിയുടെ നിലയില്ലാക്കയങ്ങളിലേക്ക് റാവുവും കുടുംബവും നടത്തിയ യാത്രകള്‍ക്കാണ് അവസാനമാവുന്നത്.
കേരളത്തില്‍ സിപിഎമ്മിന് ഒന്നാശ്വസിക്കാനുള്ള വകകൂടി ഈ തിരഞ്ഞെടുപ്പ് ഫലങ്ങളിലുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഒന്നടങ്കം കോണ്‍ഗ്രസിലേക്ക് നീങ്ങിയ 2019 ഇനിയിപ്പോള്‍ കേരളത്തില്‍ ആവര്‍ത്തിക്കണമെന്നില്ല. വിലപേശാനുള്ള മുസ്ലിം ലീഗിന്റെ കഴിവ് ഒന്നുകൂടി വര്‍ദ്ധിക്കുന്നതിനുള്ള സാദ്ധ്യതയും കൂടുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ശശി തരൂരിന് കൈമാറണമെന്ന ആവശ്യം ശക്തിയാര്‍ജ്ജിക്കുന്നതും വരുംദിനങ്ങളില്‍ കാണാനാവും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി മൂന്നാംവട്ടവും കേന്ദ്രത്തില്‍ അധികാരത്തിലേക്ക് എന്ന പ്രതീതി ദേശീയ രാഷ്ട്രീയ ചക്രവാളത്തില്‍ കൂടുതല്‍ കൂടുതലായി ഉയരവെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയും സങ്കീര്‍ണ്ണമാവുകയാണ്.
Content Highlights: fate of congress 2024 election after five states election 2023