ഇനിയെങ്ങനെ ഇന്ത്യാസഖ്യം ബി.ജെ.പിയെ നേരിടും; വിനയായത് കോൺഗ്രസിന്റെ പിടിവാശിയോ?

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ലിറ്റ്മസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യാ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലുസീവ് അലയന്‍സ്) സഖ്യം. എന്‍.ഡി.എ. സഖ്യത്തെ, കൃത്യമായി പറഞ്ഞാല്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ പുറപ്പെട്ടവര്‍ പാളയത്തിലെ പട കാരണം സ്വയം പരാജയം വരിക്കുന്നതാണ് തിരഞ്ഞെടുപ്പുഫലങ്ങള്‍ കാണിച്ചുതരുന്നത്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമിഫൈനല്‍- അങ്ങനെയാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭാ പോരാട്ടങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍, പുറത്തെത്തിയ ഫലങ്ങള്‍ ഇന്ത്യാ സഖ്യത്തിന്റെ ദൗര്‍ബല്യത്തെ വെളിപ്പെടുത്തുന്നതായിരുന്നു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യത്തിനുള്ളില്‍ രൂപപ്പെട്ട തര്‍ക്കങ്ങളും അസ്വസ്ഥതകളുമാണ് കോൺഗ്രസിന്‍റെ ഇപ്പോഴത്തെ പരാജയത്തിന് വഴിവെച്ചത്. പലയിടത്തും സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസ് വല്യേട്ടന്‍ കളിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു, പ്രത്യേകിച്ച് മധ്യപ്രദേശില്‍. ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താത്തതും തര്‍ക്കങ്ങള്‍ സമവായത്തിലെത്തിക്കുന്നതിന് പകരം വഷളാക്കിയതും കോണ്‍ഗ്രസിനെയും ഇന്ത്യാസഖ്യത്തെയും കുഴപ്പത്തിലാക്കി. പറഞ്ഞുനില്‍ക്കാന്‍ തെലങ്കാനയിലെ വിജയം മാത്രമാണ് ഇന്ന് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന് നേതൃത്വംനല്‍കാന്‍ ഈ നേട്ടം മാത്രം മതിയാകില്ല. വ്യത്യസ്തമായ രാഷ്ട്രീയമോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്ന 28 പാര്‍ട്ടികളുടെ കൂട്ടായ്മയുടെ നേതൃസ്ഥാനത്തിന് അവകാശം ഉന്നയിക്കാന്‍ കോണ്‍ഗ്രസിന് വിയര്‍ക്കേണ്ടിവരും എന്നത് ഉറപ്പാണ്.
മധ്യപ്രദേശില്‍ കമല്‍നാഥ് വിരിയിച്ചുകൊടുത്ത താമര!
മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ച ലാക്കാക്കി ഇറങ്ങിയ ശിവരാജ്‌സിങ് ചൗഹാനെയും ബി.ജെ.പിയെയും കടപുഴക്കുകയായിരുന്നു ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം. എന്നാല്‍, ഇതില്‍ അവർ അമ്പേ പരാജയപ്പെട്ടു. ഈ പരാജയത്തിന് മുഖ്യകാരണമായത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും എസ്.പിയും തമ്മിലുണ്ടായ തര്‍ക്കങ്ങളായിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിന്‍റെ കടുംപിടിത്തമാണ് ഇതിന് വഴിവെച്ചത്. ഇന്ത്യ സഖ്യത്തിലെ കക്ഷികളായതിനാല്‍ സീറ്റ് വിഭജനത്തില്‍ തങ്ങളെയും പരിഗണിക്കണമെന്ന എസ്.പിയുടെ ആവശ്യം പൂര്‍ണമായി നിരാകരിക്കപ്പെട്ടു. സംസ്ഥാനത്തെ സാഹചര്യം അനുകൂലമാണെന്നും ജനങ്ങള്‍ക്കിടയില്‍ അത്യുത്സാഹമുണ്ടെന്നും പ്രതീക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നുമായിരുന്നു കമല്‍നാഥിന്റെ നിലപാട്.
230 മണ്ഡലങ്ങളാണ് മധ്യപ്രദേശിലുള്ളത്. ഹിന്ദിഹൃദയഭൂമിയായ ഇവിടെ ബി.ജെ.പിയെ താഴെയിറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അത് ഇന്ത്യ സഖ്യത്തിനുണ്ടാക്കുന്ന ആത്മവിശ്വാസം ചില്ലറയാകുമായിരുന്നില്ല. എന്നാല്‍, അതുണ്ടായില്ല. ബി.ജെ.പിയ്‌ക്കെതിരായ മധ്യപ്രദേശിലെ പോരാട്ടത്തിന്റെ ആദ്യചുവടുതന്നെ പിഴച്ചു. സീറ്റ് പങ്കുവെക്കലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുടക്കി. തര്‍ക്കം മൂത്തതോടെ ഇരുപത് മണ്ഡലങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ത്തമ്മില്‍ മത്സരിച്ചു. കോണ്‍ഗ്രസിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്.പി. അധ്യക്ഷന്‍ അഖിലേഷ് സിങ് യാദവ് രംഗത്തത്തി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്ന ഈ നിലപാടിന് ഉത്തര്‍പ്രദേശില്‍ വരുമ്പോള്‍ ഉത്തരം തരാമെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബുന്ദേല്‍ഘണ്ഡ് മേഖലയിലെ ബിജാവര്‍ സീറ്റില്‍ എസ്.പി. വിജയിച്ചിരുന്നു. കൂടാതെ എസ്.പിയും ജി.ജെ.പിയും ചേര്‍ന്ന സഖ്യം അഞ്ച് സീറ്റുകളില്‍ രണ്ടാംസ്ഥാനത്തെത്തുകയും ആകെ 1.30 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വീണത് എങ്ങനെ?
എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് പ്രവചിച്ച സംസ്ഥാനമായിരുന്നു ഛത്തീസ്ഗഢ്. എന്നാല്‍, വോട്ടെണ്ണിത്തീരുമ്പോള്‍ സംസ്ഥാനത്ത് താമരക്കൊടി പാറിപ്പറക്കുന്നതാണ് കണ്ടത്. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് കാരണമായത് ഭിന്നിച്ചുപോയ വോട്ടുകളാണ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ മാത്രമായിരുന്നില്ല മത്സരം. വേറെയും പാര്‍ട്ടികള്‍ രംഗത്തുണ്ടായിരുന്നു. ബി.എസ്.പി.-ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടി സഖ്യം, ആം ആദ്മി പാര്‍ട്ടി, സി.പി.ഐ., ഗോത്രവര്‍ഗ പാര്‍ട്ടിയായ ഹമര്‍ രാജ് പാര്‍ട്ടി, ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഢ് തുടങ്ങിയവരും കളത്തിലിറങ്ങി.
ഇത് മാത്രമല്ല, കഴിഞ്ഞ ജനുവരിയില്‍ ബസ്തര്‍ മേഖലയില്‍ ഗോത്രവര്‍ഗക്കാരും പരിവര്‍ത്തിത ക്രിസ്ത്യന്‍വിഭാഗക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ മേഖലയില്‍ ബി.ജെ.പി. വോട്ടുകള്‍ അടരാതെയും അകലാതെയും നിന്നപ്പോള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടായി. 2018-ലെ തിരഞ്ഞെടുപ്പില്‍ ഗോത്രവര്‍ഗ മേഖലകളായ സര്‍ഗുജയിലും ബസ്തറിലും മുഴുവന്‍ സീറ്റുകളിലും വിജയം നേടിയത് കോണ്‍ഗ്രസായിരുന്നു. സര്‍ഗുജ മേഖലയിലെ 14 മണ്ഡലത്തിലും ബസ്തറിലെ 12 മണ്ഡലത്തിലും കോണ്‍ഗ്രസിന്റെ കൊടി ഉയര്‍ന്നുപാറി. എന്നാല്‍, ഇക്കുറി ഈ രണ്ടുമേഖലയിലും കടന്നുവരാനും സീറ്റുകള്‍ നേടാനും ബി.ജെ.പിക്ക് സാധിച്ചു. മഹാദേവ് ബെറ്റിങ് ആപ്പ് വിവാദവും ഭൂപേഷ് ബാഘേലിനും സംഘത്തിനും തിരിച്ചടിയായി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍
ഇന്ത്യ സഖ്യം കോണ്‍ഗ്രസിന്റെ കാര്‍മികത്വത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കുമെന്ന അവകാശവാദത്തെ ചോദ്യംചെയ്യുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ സംഘടനാപാടവത്തിന്റെ മികവില്‍ തെലങ്കാനയില്‍ അധികാരം പിടിച്ചെടുക്കാനായി. എന്നാല്‍, രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍, പ്രതിപക്ഷ പാര്‍ട്ടി സഖ്യത്തിന്റെ നേതാവായി കോണ്‍ഗ്രസിന് നില്‍ക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം എങ്ങനെ സാധ്യമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ബി.ജെ.പി. കരുത്തുള്ള കോട്ടയായി നിലകൊള്ളുമ്പോള്‍, അതിനെ നേരിടാന്‍ സകലസന്നാഹങ്ങളും ഒരുക്കുക എന്ന വലിയ ഉത്തരവാദിത്വവും ബാധ്യതയും പ്രതിപക്ഷ സഖ്യത്തിനുണ്ട്. പല സംസ്ഥാനത്തുമുള്ള ചെറുപാര്‍ട്ടികള്‍ക്ക് ഒറ്റയ്‌ക്ക് ഒന്നുംചെയ്യാന്‍ സാധിക്കില്ലെങ്കിലും പ്രതിപക്ഷസഖ്യത്തിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പിക്കാന്‍ കഴിഞ്ഞേക്കും. വോട്ടുകള്‍ വിഭജിച്ചുപോകുന്നതിനൊപ്പം വിജയവും കൈപ്പിടിയില്‍നിന്ന് തെന്നിമാറുന്നത് സഖ്യത്തിന് കണ്ടുനില്‍ക്കേണ്ടിവന്നേക്കാം.
ഡിസംബര്‍ ആറിന് ഇന്ത്യ യോഗം വിളിച്ച് കോണ്‍ഗ്രസ്
ബുധനാഴ്ച ഇന്ത്യ സഖ്യത്തിന്റെ യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും കോണ്‍ഗ്രസിന്റെ പ്രകടനവും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ഞായറാഴ്ച, നാലു സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവരുന്നതിനിടെ ജെ.ഡി.യു. നേതാവ് നിഖില്‍ മണ്ഡല്‍, രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കോണ്‍ഗ്രസിന്റെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച നിഖില്‍, ഇന്ത്യ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് നിതീഷ് കുമാറാണെന്നും പറഞ്ഞിരുന്നു.
Content Highlights: election result of madhyapradesh rajastan chhattisgarh and its impact on indiaalliance 2024 election