വിഭാഗീയതയില്‍ നിലംപരിശായി ഉരുക്കുകോട്ട

ചണ്ഡീഗഢ്: തുടര്‍ച്ചയായി പത്ത് വര്‍ഷം അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ ശേഷം 2017-ല്‍ വന്‍ഭൂരിപക്ഷത്തോടെയാണ് പഞ്ചാബ് ജനത കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തത്. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയും അതിനേക്കാള്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷവും പഞ്ചാബ് കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയത ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു. ഒരു മുഖ്യമന്ത്രിയെ പുകച്ച് പുറത്ത് ചാടിച്ചു. അദ്ദേഹം പിന്നീട് മറുകണ്ടം ചാടി. ഇതിനിടെ ലോക്‌സഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായി. തിരഞ്ഞെടുത്ത ജനതയെ ഇളിച്ചുകാട്ടി വിഭാഗീയതയും വിവാദങ്ങളും തുടര്‍ന്നു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസിന്റെ ശ്രദ്ധമുഴുവന്‍ സ്വന്തം പാര്‍ട്ടിയിലെ തര്‍ക്കങ്ങളിലായിരുന്നു. ഇപ്പോള്‍ ജനം കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞിരിക്കുകയാണ്. കര്‍ഷക സമരമടക്കമുള്ള അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് ഇത്ര വലിയ തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത് സിങ് അടക്കമുള്ള പ്രമുഖര്‍ തോറ്റുതുന്നംപാടി. ചന്നി മത്സരിച്ച രണ്ടു സീറ്റിലും തോറ്റു. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയി ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനും കിട്ടി കനത്ത ശിക്ഷ. പാട്യാലയുടെ മഹാരാജാവ് എന്നറിയിപ്പെട്ടിരുന്ന അമരീന്ദര്‍ സിങ് എട്ടുനിലയിലാണ് തന്റെ തട്ടകത്തില്‍ തോറ്റത്. 2017-ല്‍ അരങ്ങേറ്റ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷമായി മാറിയ എഎപി രണ്ടാം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി അധികാരം പിടിച്ചിരിക്കുന്നു.
കോണ്‍ഗ്രസിന് അടിത്തറയുള്ള സംസ്ഥാനം
കോണ്‍ഗ്രസിന് എന്നും വലിയ അടിത്തറയുള്ള സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യമൊട്ടുക്കും വലിയ തിരച്ചടി ലഭിച്ചെങ്കിലും കേരളവും പഞ്ചാബും കോണ്‍ഗ്രസിനെ ചേര്‍ത്തുനിര്‍ത്തുകയാണ് ചെയ്തത്. കേരളത്തില്‍ ആകെയുള്ള 20-ല്‍ 19 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ പഞ്ചാബില്‍ 13ല്‍ എട്ട് സീറ്റുകള്‍ നേടി. 2017-ല്‍ 117-ല്‍ 77 സീറ്റുകള്‍ നേടിയാണ് അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയത്. കര്‍ഷക സമരത്തിനിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ഭൂരിപക്ഷമാണ് ലഭിച്ചത്. 1997ലാണ് കോണ്‍ഗ്രസില്‍ പഞ്ചാബില്‍ ഇതിന് മുമ്പ് ഇത്ര തിരിച്ചടി നേരിട്ടിട്ടുള്ളത്. 14 സീറ്റുകളില്‍ അന്ന് കോണ്‍ഗ്രസ് ഒതുങ്ങി.
തീരാത്ത വിഭാഗീയത
2017-ല്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറി. തൊട്ടുമുമ്പത്തെ വര്‍ഷം ബിജെപി വിട്ടെത്തിയ നവജ്യോത് സിങ് സിദ്ദുവും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടു. എന്നാല്‍ അധികം വൈകാതെ തന്നെ അമരീന്ദറും സിദ്ദുവും തമ്മില്‍ സൗന്ദര്യ പിണക്കം ഉടലെടുത്തു. തങ്ങള്‍ക്ക് വലിയ സ്വീകാര്യനല്ലാത്ത അമരീന്ദര്‍ സിങിനെ തടയിടാന്‍ സിദ്ദു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഒരു ആയുധമായി. അധികം വൈകാതെ സിദ്ദു കോണ്‍ഗ്രസിന് ഒരു പാരയുമായി.
അമരീന്ദര്‍ സിങിന്റെ നിത്യവിമര്‍ശകനായിരുന്ന സിദ്ദു അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. തുടര്‍ന്ന് അദ്ദേഹം അമരീന്ദറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡിന് മുന്നില്‍ എംഎല്‍എമാരെ വെച്ച് വിലപേശല്‍ തുടങ്ങി. സര്‍വ്വ ശക്തിയുമെടുത്ത് അമരീന്ദര്‍ ഇതിനെ തടയിടാന്‍ നോക്കിയെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം സിദ്ദുവിനെ തിരഞ്ഞെടുത്തു. പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നതോടെ സിദ്ദു അമരീന്ദറിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചു. ഒടുവില്‍ അമരീന്ദറിനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് പുറത്ത് ചാടിച്ചു. ഇതോടെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയ സിദ്ദുവിന് തെറ്റി. അമരീന്ദറിന് പകരക്കാരനായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത് ദളിത് വിഭാഗത്തില്‍ നിന്നു ചരണ്‍ജിത് ചന്നിയെയാണ്. നിരാശനായ സിദ്ദു അടങ്ങിയല്ല. ചന്നിയുമായിട്ടായി പിന്നീടുള്ള അദ്ദേഹത്തിന് പോര്. ഇതിനിടെ അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് ബിജെപി സഖ്യത്തിലേര്‍പ്പെട്ടു.
അമരീന്ദര്‍ സിങിനോട് കോര്‍ത്തത് പോലെ ചന്നിയോട് സിദ്ദു കോര്‍ത്തില്ലെങ്കിലും മുഖ്യമന്ത്രിപദമെന്ന തന്റെ സ്വപ്‌നത്തിനായി അദ്ദേഹം ചക്കളത്തിപ്പോര് തുടര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് പഞ്ചാബ് രാഷ്ട്രീയം ഒഴിയാബാധയായി മാറി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി അടുത്ത പോര്. ഒടുവില്‍ ആം ആദ്മി പാര്‍ട്ടിയെ മാതൃകയാക്കി ജനാഭിപ്രായം തേടി കോണ്‍ഗ്രസ് ചന്നിയെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് കേവലം ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഇത്. ഉള്‍പാര്‍ട്ടി പോര് മൂലം തിരഞ്ഞെടുപ്പ് പ്രകടനപത്രിക പോലും കോണ്‍ഗ്രസിന് കൃത്യ സമയത്ത് പുറത്തിറക്കാനായില്ല.
Content Highlights: Punjab Assembly Election Results 2022 Live Updates,Punjab Election Results News Malayalam,