പുല്‍വാമ വാര്‍ഷികത്തിലും 'പാപ് ലീല' തുടരുന്നു; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

നരേന്ദ്ര മോദി| Photo: ANI
നരേന്ദ്ര മോദി| Photo: ANI

പത്താന്‍കോട്ട്: മിന്നലാക്രമണ വിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016-ലെ പത്താന്‍കോട്ട് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ കോണ്‍ഗ്രസ് കുറച്ചുകാണുകയും അപമാനിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. 

പാക് ആക്രമണത്തിനെതിരായ ഇന്ത്യയുടെ പ്രതികരണത്തില്‍ കോണ്‍ഗ്രസ് ഒഴികെ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ പത്താന്‍കോട്ടിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ രൂക്ഷവിമര്‍ശനം. 'അവര്‍ സര്‍ക്കാരിനെയും പഞ്ചാബിലെ ജനങ്ങളെയും എന്തിന് നമ്മുടെ സൈന്യത്തെയും പോലും ചോദ്യംചെയ്തു. സൈനികരുടെ ത്യാഗത്തെ അവര്‍ ഇകഴ്ത്തി', പ്രധാനമന്ത്രി പറഞ്ഞു.

2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷിക വേളയിലും കോണ്‍ഗ്രസ് അതുതന്നെയാണ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'പുല്‍വാമ വാര്‍ഷികത്തില്‍ പോലും അവര്‍ അവരുടെ 'പാപ് ലീല' തുടരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

ഇതിന് ചുട്ടമറുപടി നല്‍കി ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതിന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനത്തിന് വിധേയനായിരുന്നു. 

പുല്‍വാമയിലെ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഇതിന് തിരിച്ചടിയായി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്ഥാനിലെ ബാലാകോട്ടിനുള്ളിലെ ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ പരിശീലന ക്യാമ്പ് (ലോഞ്ച് പാഡ്) തകര്‍ത്തിരുന്നു.

ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ ഫോട്ടോകോപ്പി എന്ന് വിശേഷിപ്പിച്ച മോദി അയോധ്യ ക്ഷേത്രത്തിന്റെ കാര്യത്തിലും സൈന്യം എന്തെങ്കിലും ചെയ്യുമ്പോഴും ഇവര്‍ സന്തുഷ്ടരല്ലെന്നും കുറ്റപ്പെടുത്തി. ഇവരോട് ഒരിക്കലും പൊറുക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞു.

Content Highlights: congress continuing its paap leela even on pulwama anniversary says narendra modi

Content Highlights: