സീറ്റില്ല; പഞ്ചാബ് കോൺഗ്രസ് നേതാവ് എഎപിയില്‍, ചന്നിക്കെതിരേ വിമര്‍ശനം

ജഗ്‌മോഹന്‍ സിങ് കാങ്ങും മക്കളായ യതീന്ദ്ര സിങ് കാങ്ങും അമരീന്ദര്‍ സിങ് കാങ്ങും എഎപി നേതാവ്  അരവിന്ദ് കെജ്രിവാളിനൊപ്പം | Photo: ANI
ജഗ്‌മോഹന്‍ സിങ് കാങ്ങും മക്കളായ യതീന്ദ്ര സിങ് കാങ്ങും അമരീന്ദര്‍ സിങ് കാങ്ങും എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനൊപ്പം | Photo: ANI

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിലുള്ള എതിര്‍പ്പ് പ്രകടമാക്കി പഞ്ചാബിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജഗ്‌മോഹന്‍ സിങ് കാങ് കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ജഗ്‌മോഹന്‍ സിങ് കാങിനൊപ്പം അദ്ദേഹത്തിന്റെ മക്കളായ യതീന്ദ്ര സിങ് കാങ്ങും അമരീന്ദര്‍ സിങ് കാങ്ങും എഎപിയില്‍ ചേര്‍ന്നിട്ടുണ്ട്. 

മൊഹാലി ജില്ലയിലെ ഖരാര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ജഗ്‌മോഹന്‍ സിങ് കാങ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു. വിജയ് ശര്‍മയെ ആണ് കോണ്‍ഗ്രസ് ഖരാറില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ഇതില്‍ പ്രതിഷേധിച്ച്  ജഗ്‌മോഹന്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. 

മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയാണ് ഖരാറിലെ തന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തെന്ന് അദ്ദേഹം ആരോപിച്ചു. സീറ്റ് നിഷേധിച്ചാല്‍ ഖരാറില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ ജഗ്‌മോഹന്‍ സിങ് കാങ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് എഎപിയില്‍ ചേര്‍ന്നുവെന്ന ജഗ്‌മോഹന്റെ പ്രഖ്യാപനം. 

2002-07ലെ അമരീന്ദര്‍ സിങ് സര്‍ക്കാറിലെ മൃഗസംരക്ഷണം, ക്ഷീരവകുപ്പ്, മത്സ്യബന്ധനവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു  ജഗ്‌മോഹന്‍ സിങ് കാങ്. 

ഫെബ്രുവരി 20നാണ് പഞ്ചാബിലെ 117 നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 

Content Highlights: