സംസ്കൃതദിനസ്യ ശുഭകാമനാ ! ഓഗസ്റ്റ് 28 സംസ്കൃത ദിനാഘോഷം

ശ്രാവണമാസത്തിലെ പൗർണമി ദിവസമാണ് സംസ്കൃതദിനമായി ആചരിക്കുന്നത്. ആകാശവാണിയിൽ സംസ്കൃത വാർത്താ പ്രക്ഷേപണം തുടങ്ങിയതും സംസ്കൃത ദിനാഘോഷങ്ങൾ തുടങ്ങിയതും 1969 മുതലായിരുന്നു. 2000-01 സംസ്കൃത വർഷമായി ആചരിച്ചു. പിന്നീട് സംസ്കൃത വാരാചരണമായി ആഘോഷിക്കുന്നു. സംസ്കൃത ദിനത്തിന് മുമ്പും പിമ്പുമുള്ള മുമ്മൂന്ന് ദിവസങ്ങൾ ചേർത്താണ് വാരാചരണം നടക്കുക. ഈ വർഷത്തെ സംസ്കൃതദിനം (വിശ്വസംസ്കൃത ദിനം) ഓഗസ്റ്റ് 27 വ്യാഴാഴ്ച ആണ്. ഒന്നാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെ കേരളത്തിലെ പൊതുവിദ്യാലയത്തിൽ സംസ്കൃതഭാഷ പഠിപ്പിക്കുന്നുണ്ട്. അതിവിപുലമായ സംസ്കൃതവാങ്ങ്മയത്തെ ചില ഉദാഹരണങ്ങളിലൂടെ ചെറുതായി പരിചയപ്പെടാം.
മഹാവാക്യം മുതൽ മഹാകാവ്യം വരെ
മഹാവാക്യങ്ങൾ
1.തത്ത്വമസി
സാമവേദത്തിലെ ഛന്ദോഗ്യോപനിഷത്തിൽ ഉദ്ദാലകൻ ശ്വേതകേതുവിന് ഉപദേശിക്കുന്നു
2.''അയമാത്മ ബ്രഹ്മ''
അഥർവവേദത്തിലെ മാണ്ഡൂക്യോപനിഷത്തിലെ വാക്യം
3.''പ്രജ്ഞാനം ബ്രഹ്മ''
ഋഗ്വേദത്തിലെ ഐതരോപനിഷത്തിൽ പറയുന്നു
4 അഹം ബ്രഹ്മാസ്മി
യജുർവേദത്തിലെ ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നു.
സൂക്തികൾ
അല്പാക്ഷരങ്ങളെ കൊണ്ട് അർത്ഥവത്തായി പറയുന്ന ചെറുതും വലുതുമായ സൂക്തികൾ ഒട്ടേറെയുണ്ട്. പലതും സർവ്വകലാശാലയുടെയും, ദേശീയസ്ഥാപനങ്ങളുടെയും, വിദ്യാകേന്ദ്രങ്ങളുടെയും ലക്ഷ്യവാക്യങ്ങളാണ്.
അതിഥി: ദേവോ ഭവ .
സത്യമേവ ജയതെ.
വിദ്യാ ദദാതി വിനയം.
വസുധൈവ കുടുംബകം.
വിനാശകാലേ വിപരീതബുദ്ധി:
എന്താണ് സൂത്രം ?
സംസ്കൃത സാഹിത്യത്തിൽ സൂത്രം എന്നാൽ ചുരുങ്ങിയ വാക്കുകളിൽ ആശയം പറയുന്നതാണ്. പ്രാചീന സംസ്കൃത വ്യാകരണത്തിലും ശാസ്ത്രഗ്രന്ഥങ്ങളിലും ഒരു സൂത്രത്തിന് ഉണ്ടായിരിക്കേണ്ട ആറ് പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.
അൽപാക്ഷരം = വാക്കുകൾ വളരെ കുറവായിരിക്കുക.
അസന്ദിഗ്ധം = അർത്ഥവ്യക്തത ഉണ്ടായിരിക്കുക
സാരവത് = അർത്ഥം ഗഹനവും വിശാലവുമായിരിക്കുക.
വിശ്വതോമുഖം = എല്ലാ വിഷങ്ങളിലേക്കും /ഇടങ്ങളിലേക്കും ബാധകമാകുന്നതും
അസ്തോഭം = കുറ്റമറ്റതും നിരർത്ഥകമായ പദങ്ങളില്ലാത്തതുമായിരിക്കുക.
അനവദ്യം = ആക്ഷേപങ്ങൾക്കോ ദോഷങ്ങൾക്കോ അതീതമായിരിക്കുക.
'അ ഇ ഉ ണ് '
പതിനാല് മാഹേശ്വരസൂത്രങ്ങളിൽ ആദ്യ സൂത്രമാണിത്.
'യോഗ : ചിത്തവൃത്തിനിരോധ: (യോഗശാസ്ത്രം)
പ്രഹേളിക :
രഹസ്യമായി അർത്ഥം മറച്ചുപിടിക്കുന്ന പ്രസ്താവന എന്നാണ് പ്രഹേളിക എന്ന വാക്കിന്റെ അർത്ഥം. ഇത് ബുദ്ധിമത്സരമാണ്, വിനോദമാണ് . കടം കഥകൾക്ക് തുല്യം. സംസ്കൃതസാഹിത്യത്തിൽ ഒട്ടേറെയുണ്ട്.
ഉദാ:
വിരാജരാജപുത്രാരി
യന്നാമ ചതുരക്ഷരം I
പൂർവ്വാർദ്ധം തവ വൈരീണാം
പരാർത്ഥം തവ സങ്കരേ II
(വിരാജരാജപുത്രന്റെ ശത്രുവിന്റെ നാലക്ഷരമുള്ള പേരിന്റെ പൂർവ്വാർധം താങ്കളുടെ ശത്രുക്കൾക്കും ഉത്തരാർധം താങ്കൾക്കും യുദ്ധത്തിൽ സംഭവിക്കട്ടെ. ഇതിൽ ഒരു പ്രഹേളികയുണ്ട്. ഉത്തരം പറയാമോ?
(വിഃ = പക്ഷി, വിരാജ: = ഗരുഡൻ (പക്ഷികളുടെ രാജാവ്), വിരാജരാജൻ = കാമദേവൻ, വിരാജരാജപുത്രാരി: = കാമദേവന്റെ ശത്രു (ശിവൻ) യന്നാമ ചതുരക്ഷരം = ശിവന്റെ നാലക്ഷരമുള്ള പേര് = മൃത്യുഞ്ജയ: അതിന്റെ പൂർവ്വാർദ്ധം = മൃത്യുഃ , ഉത്തരാർദ്ധം = ജയ: , ശതുക്കൾക്ക് നാശവും അങ്ങേക്ക് വിജയവും ഉണ്ടാവട്ടെ എന്നർത്ഥം.
സമസ്യ :
സംസ്കൃത ഭാഷയിലെ മറ്റൊരു സാഹിത്യ വിനോദമാണ് സമസ്യ. നാലു വരികളുള്ള സംസ്കൃത വൃത്തത്തിലുള്ള ശ്ലോകത്തിന്റെ മൂന്നു വരികളും മറച്ചു വച്ച് ഒരു വരി മാത്രം നൽകി ബാക്കി പൂരിപ്പിക്കാനായി മറ്റുള്ളവരോട് ആവശ്യപ്പെടുന്നതാണ് സമസ്യാപൂരണത്തിന്റെ സമ്പ്രദായം . ചിലപ്പോൾ ഒരു വരിയുടെ ഒരു ഭാഗം മാത്രം കൊടുത്ത് ബാക്കി പൂരിപ്പിക്കാൻ നല്കുന്നതും കണ്ടിട്ടുണ്ട് .
പ്രസിദ്ധമായ ഒരു ഉദാഹരണം.
'.......ക ഖ ഗ ഘ ' എന്നായിരുന്നു സമസ്യ.
കാ ത്വം ബാലേ? (ചോദ്യം - ആരാണ് നീ ?)
കഞ്ചനമാലാ (പെൺകുട്ടിയുടെ മറുപടി) - എന്റെ പേര് കഞ്ചനമാല.
കസ്യാ: പുത്രി? - ആരുടെ മകളാണ് നീ?
കനകലതായാഃ - കനകലതയുടെ.
ഹസ്തേ കിം തേ? - കയ്യിൽ എന്താണുള്ളത്?
താളീപത്രം - എഴുതാൻ ഉപയോഗിക്കുന്ന താളിയോല.
കാ വാ രേഖാ? - അതിൽ എന്താണ് വരച്ചിട്ടുള്ളത്/എഴുതിയിട്ടുള്ളത്?
ക, ഖ, ഗ, ഘ (അക്ഷരങ്ങൾ).
കാളിദാസനാണ് ഇത് പൂരിപ്പിച്ചതെന്ന് ഐതിഹ്യം.
സുഭാഷിതം:
അതിവിപുലമാണ് സുഭാഷിതസാഹിത്യം. എല്ലാ ക്ലാസ്സുകളിലും സുഭാഷിതങ്ങൾ പഠിക്കാനുണ്ട്. സുഭാഷിതത്തിന്റെ പ്രാധാന്യം പറയുന്ന ഒരു സുഭാഷിതം.
പൃഥിവ്യാം ത്രീണി രത്നാനി
ജലമന്നം സുഭാഷിതം I
മൂഢൈഃ പാഷാണഖണ്ഡേഷു
രത്നസഞ്ജ്ഞാ വിധീയതേ II
അർത്ഥം:
ഈ ഭൂമിയിൽ മൂന്ന് രത്നങ്ങളുണ്ട്- വെള്ളം, ഭക്ഷണം, നല്ല വാക്ക്.
എന്നാൽ മൂഢന്മാർ കല്ലിന്റെ കഷ്ണങ്ങൾക്ക് 'രത്നം' എന്ന് പേര് കൊടുക്കുന്നു. വിധിക്കുന്നു.
ജലം - ജീവന് ആധാരം. വെള്ളമില്ലെങ്കിൽ ജീവനില്ല
അന്നം - ശരീരത്തിന് ആധാരം. ഭക്ഷണമില്ലെങ്കിൽ ജീവിക്കാൻ പറ്റില്ല
സുഭാഷിതം - മനസ്സിന് ആധാരം. നല്ല വാക്ക്, നല്ല ഉപദേശം. ഇത് ആത്മാവിനെ പോഷിപ്പിക്കുന്നു.
'സുഭാഷിതരസം പീത്വാ
സുധാ ഭീതാ ദിവംഗതാ'
നല്ല വാക്കുകൾ,സുഭാഷിതങ്ങൾ എന്നിവയുടെ മധുരം അത്രയ്ക്കുണ്ട്.അത് കുടിച്ചപ്പോൾ ദേവന്മാരുടെ അമൃതിനും പോലും പേടിയായി. 'ഇതിനോട് മത്സരിക്കാൻ പറ്റില്ല' എന്ന് കരുതി അമൃതും സ്വർഗത്തിലേക്ക് മടങ്ങിപ്പോയി എന്നും സംഭാഷിതത്തിന്റെ പ്രാധാന്യം പറയുന്നു.
ഈയിടെ പ്രൊഫ.എം.ലീലാവതിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുണ്ടായ സംസാരത്തിനിടക്ക് ലീലാവതിടീച്ചർ സൂചിപ്പിച്ച സുഭാഷിതവും അർത്ഥവും വളരെ ആഴമുള്ളതാണ്.
ചിന്തായാശ്ച ചിതായാശ്ച ബിന്ദുമാത്രം വിശിഷ്യതേ I
ചിതാ ദഹതി നിർജീവം
ചിന്താ ദഹതി ജീവിതം II
'ചിന്ത' എന്നും 'ചിത' എന്നും തമ്മിൽ വ്യത്യാസം ഒരു ബിന്ദു മാത്രം.
ചിത - മൃതദേഹത്തെ ദഹിപ്പിക്കുന്നു.
ചിന്ത - ജീവിച്ചിരിക്കുന്ന മനുഷ്യന്റെ ജീവിതത്തെ തന്നെ ദഹിപ്പിക്കുന്നു.
ചിത ശ്മശാനത്തിൽ മൃതശരീരം കത്തിക്കുന്നത്. അത് ഒരിക്കൽ മാത്രം. ശരീരം കഴിഞ്ഞാൽ തീരും.
ചിന്ത മനസ്സിലെ ആകുലത, ടെൻഷൻ, വിഷമം. ഇത് ദിവസവും, ഓരോ നിമിഷവും നമ്മുടെ സമാധാനം, ആരോഗ്യം, ജീവിതം മുഴുവൻ കത്തിച്ചു കളയും.
അതുകൊണ്ട് ശരീരത്തെ കത്തിക്കുന്ന തീയേക്കാൾ അപകടമാണ് മനസ്സിനെ കത്തിക്കുന്ന 'ചിന്ത' എന്ന് സാരം
മുക്തകസാഹിത്യം
സ്ഫുട: ശ്ലോക : സ്വയമ്പൂർണ: യത്രാർത്ഥ: നാപരാശ്രയ: I
മുക്തകം തം വിദുഃ പ്രാജ്ഞാ: ചമത്കാരൈക ഹേതുകം II
(വ്യക്തവും സ്വയം പൂർണവും പരാശ്രയം കൂടാതെ അർത്ഥം വരുന്ന മനോഹരമായ ശ്ലോകങ്ങളാണ് മുക്തകങ്ങൾ)
നിന്ദന്തു നീതിനിപുണാ: യദി വാ സ്തവന്തു
ലക്ഷ്മീ: സമാവിശതു ഗച്ഛതു വാ യഥേഷ്ടം I
അദൈ്യവ വാ മരണമസ്തു യുഗാന്തരേ വാ
ന്യായാത് പഥ: പ്രവിചലന്തി പദം ന ധീരാ: II
നീതിനിപുണർ നിന്ദിക്കുകയോ സ്തുതിക്കുകയോ ചെയ്യട്ടെ. ലക്ഷ്മീ ദേവി തന്നിഷ്ടം പോലെ വരികയോ പോവുകയോ ചെയ്യട്ടെ. ഇന്നു തന്നെയോ അല്ലെങ്കിൽ അടുത്ത യുഗത്തിലോ (എപ്പോൾ വേണമെങ്കിലും) മരണം സംഭവിച്ചു കൊള്ളട്ടെ. എങ്ങനെയായാലും ധീരന്മാർ ശരിയായ മാർഗ്ഗത്തിൽ നിന്നും ഒരടി പോലും തെറ്റി നടക്കില്ല.
(9-ാം ക്ലാസ്സിൽ മുക്തകസമാനമായ കാളിദാസശ്ലോകങ്ങൾ പഠിക്കാനുണ്ട്)
ദശരൂപകങ്ങളിലൊന്നുമാത്രമാണ് നാടകം.
ദശരൂപകങ്ങൾ:
സംസ്കൃത സാഹിത്യത്തിലെ 10 പ്രധാന രൂപകങ്ങളുണ്ട്. അതിൽ ഒന്നു മാത്രമാണ് നാടകം. ദശരൂപകങ്ങൾ ഏതൊക്കെ?
1.നാടകം
2.പ്രകരണം
3.ഭാണം
4.പ്രഹസനം
5.ഡിമം
6.വ്യായോഗം
7.സമവകാരം
8.വീഥി
9.അങ്കം
10.ഈഹാമൃഗം.
'ന പ്ര ഭ പ്ര ഡി വ്യാ സ വീ അ ഈ' (നാടക, പ്രകരണം, ഭാണം, പ്രഹസനം, ഡിമം, വ്യായോഗം, സമവകാരം, വീഥി, അങ്കം, ഈഹാമൃഗം.)
സംസ്കൃത മഹാകാവ്യങ്ങൾ അഞ്ചെണ്ണം:
സംസ്കൃത സാഹിത്യത്തിലെ മഹാകാവ്യ ലക്ഷങ്ങൾ പൂർണ്ണമായും ഒത്തുവരുന്ന അഞ്ച് പ്രമുഖ കാവ്യങ്ങളെയാണ് പഞ്ചമഹാകാവ്യങ്ങൾ എന്ന് വിളിക്കുന്നത്. കാളിദാസൻ, ഭാരവി, മാഘൻ, ശ്രീഹർഷൻ എന്നിവരാണ് ഈ കാവ്യങ്ങളുടെ രചയിതാക്കൾ.
1.രഘുവംശം - കാളിദാസൻ (രഘുരാജാക്കന്മാരുടെ ചരിതം വിവരിക്കുന്നു)
2.കുമാരസംഭവം - കാളിദാസൻ (കുമാരന്റെ അതായത് സുബ്രഹ്മണ്യന്റെ ജനനം പ്രതിപാദിക്കുന്നു)
3.കിരാതാർജ്ജുനീയം ഭാരവി (അർജുനനും ശിവനും തമ്മിലുള്ള കൂടിക്കാഴ്ച)
4.ശിശുപാലവധം - മാഘൻ (ശ്രീകൃഷ്ണൻ ശിശുപാലനെ വധിക്കുന്നത്)
5.നൈഷധീയചരിതം (നൈഷധം) - ശ്രീഹർഷൻ (നളന്റെയും ദമയന്തിയുടെയും കഥ)
കേരളവും സംസ്കൃതവും:
കേരള പാണിനി = എ ആർ രാജരാജവർമ്മ
കേരള വാല്മീകി = മഹാകവി വള്ളത്തോൾ നാരായണമേനോൻ
കേരളവ്യാസൻ = കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കേരളകാളിദാസൻ = കേരളവർമ്മ വലിയകോയിതമ്പുരാൻ
സ്കൂളുകളിൽ ഈ ദിനം എങ്ങിനെ ആചരിക്കാം ?
1.സ്കൂൾ അസംബ്ലി സംസ്കൃതഭാഷയിൽ നടത്താം.
2.സംസ്കൃത പ്രദർശിനി സംഘടിപ്പിക്കാം
3.പ്രശ്നോത്തരി സംഘടിപ്പിക്കാം.
4.തയ്യാറാക്കിയ കുട്ടികളുടെ ശ്ലോകാലാപനം നടത്താം. (അക്ഷരശ്ലോക കലയുടെ അവരണം)
5.ചെറു സംസ്കൃത സംഭാഷണ പ്രദർശനങ്ങൾ സംഘടിപ്പിക്കാം.
6.സംസ്കൃതത്തിലെ കോശഗ്രന്ഥങ്ങൾ, ദർശന സാഹിത്യം, വേദഗ്രന്ഥങ്ങൾ, ഇതിഹാസ ഗ്രന്ഥങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ച് പ്രദർശിപ്പിക്കാം.
7.സംസ്കൃതത്തിൽ പ്രസിദ്ധീകരിക്കുന്ന മാസികകളുടെ പ്രദർശനം.
8.സംസ്കൃതത്തിലുള്ള ഓൺലൈൻ മാഗസിൻ വാർത്താ സൈറ്റുകൾ പരിചയപ്പെടുത്തൽ, വിവരശേഖരണം.
9.സംസ്കൃതവിഷയത്തിൽ അറിവുള്ളവരെ വിദ്യാലയത്തിലേക്ക് ക്ഷണിച്ച് ആദരിക്കാം.
സംസ്കൃതദിനസ്യ ശുഭകാമനാ: I
സംസ്കൃതദിനത്തിൽ വർഷങ്ങളായി പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി തുടരുന്ന പ്രതിജ്ഞയാണിത്.
സംസ്കൃതം മമ ജീവവാണീ I തസ്യാ: സമൃദ്ധായാം പൂർവ്വിക സമ്പത്തൗ അഭിമാനീ ഭമാമി I സംസ്കൃതപഠനം മമ വിനയ - ആത്മഗൗരവ-സദാചാര -സാമൂഹ്യ ബോധാദീനാം സദ്ഗുണാനാം വികാസായ പ്രഭവതി I 'വസുധൈവ കുടുംബകം' ,' സത്യമേവ ജയതേ', സർവ്വേ ഭവന്തു സുഖിന:' ഇത്യാദിഭിഃ ആപ്തവചനൈ: രാഷ്ട്രസ്യ അഖണ്ഡതാം ഐക്യം ച സംസ്കൃതഭാഷായാം സുരക്ഷി
തമിതി വിവേചയാമി I അഹം ജാതി - വർഗ- സ്ത്രീ-പുരുഷഭേദബുദ്ധിം വിനാ സംസ്കൃതപഠനെ തഥാ പ്രചാരണെ ച സദാ സർവ്വഥാ പ്രയത്നം കരോമി I സ്നേഹമയീ മാതാ സ്വപുത്രാനിവ അന്യഭാഷാം ആദരിഷ്യേ I ജയതു ജയതു സംസ്കൃതം.
Content Highlights: Overview of Sanskrit literature including Mahaakyas, Sukthis, and Mukthakas., Detailed list of Pancha Mahakavyas and Dasha Rupakas., Practical ideas for celebrating Sanskrit Day in schools.