ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്

Representational image | Photo: gettyimages.in
Representational image | Photo: gettyimages.in

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. ലൈബ്രറി സയൻസിന്റെ അടിസ്ഥാനതത്ത്വങ്ങൾ, നിയമങ്ങൾ, ലൈബ്രറികളുടെ ഘടന, നടത്തിപ്പ്, ലൈബ്രറികൾ നൽകുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച് പരിശീലനം കോഴ്സ് വഴി ലഭിക്കും.

സ്കൂൾ, കോളേജ് ലൈബ്രറികൾ, പബ്ലിക് ലൈബ്രറികൾ, സ്‌പെഷ്യൽ ലൈബ്രറികൾ എന്നിവയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ അറിവും പരിശീലനവും നേടാം. സംസ്ഥാന പരീക്ഷാകമ്മിഷണറാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ആറുമാസമായിരിക്കും കോഴ്സിന്റെ കാലാവധി. നാലുമാസം പഠനവും രണ്ടുമാസം തൊഴിൽപരിചയവുമായിരിക്കും. ‘ഏൺ വൈൽ യു ലേൺ’ പദ്ധതിപ്രകാരം തൊഴിൽപരിചയം നേടുന്ന അവസാനത്തെ ഒരുമാസം വിദ്യാർഥികൾക്ക് പ്രതിമാസം 900 രൂപവീതം വേതനം ലഭിക്കും. വകുപ്പുതല സെലക്‌ഷൻ ലഭിക്കുന്നവർക്ക് വേതനമില്ല. യോഗ്യത: എസ്.എസ്.എൽ.സി. വിജയം.

പഠന വിഷയങ്ങൾ

ആറ് പേപ്പറുകൾ: 1. ലൈബ്രറി ഓർഗനൈസേഷൻ ആൻഡ് മാനേജ്മെൻറ്് 2. ലൈബ്രറി ക്ളാസിഫിക്കേഷൻ ആൻഡ് കാറ്റലോഗിങ് (തിയറി) 3. ലൈബ്രറി ക്ളാസിഫിക്കേഷൻ (പ്രാക്ടീസ്) 4. ലൈബ്രറി കാറ്റലോഗിങ് (പ്രാക്ടീസ്) 5. ഇൻഫർമേഷൻ സോഴ്സസ് ആൻഡ് സർവീസസ് 6. ഇൻഫർമേഷൻ ടെക്നോളജി

ഫീസ്: ഫീസ് 650 രൂപ. രജിസ്ട്രേഷൻ ഫീസ്, ട്യൂഷൻ ഫീസ്, കരുതൽ തുക, പരീക്ഷാഫീസ് എന്നിവ ഇതിൽ ഉൾപ്പെടും. പട്ടികജാതി-വർഗ വിദ്യാർഥികൾ കോഴ്സ് ഫീസ് നൽകേണ്ടതില്ല. അവർ കരുതൽതുകയായി 200 രൂപ അടയ്ക്കണം. 41 സീറ്റിലേക്കാണ് പ്രവേശനം.

അപേക്ഷ: പ്രോസ്പെക്ടസും വിജ്ഞാപനവും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.statelibrary.kerala.gov.in -ൽ ലഭിക്കും. അവസാന തീയതി ഡിസംബർ 10.

Content Highlights: library and information science certificate course