കേരളത്തിൽ എൽഎൽ.എം. പ്രവേശനം: ഇപ്പോള്‍ അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ ലോ കോളേജുകൾ, സംസ്ഥാനസർക്കാരുമായി സീറ്റ് പങ്കുവെക്കൽ കരാറിൽ ഏർപ്പെട്ടിട്ടുള്ള സ്വകാര്യ സ്വാശ്രയ ലോ കോളേജുകൾ എന്നിവയിലെ എൽഎൽ.എം. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടുവർഷമാണ് കോഴ്‌സ് കാലയളവ്.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളേജുകളിലെ മുഴുവൻ സീറ്റുകൾ, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ ഗവൺമെന്റ് സീറ്റുകൾ എന്നിവയാണ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ അലോട്െമന്റിന്റെ പരിധിയിൽ വരുന്നത്. 2022-2023-ൽ ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരുന്ന കോളേജുകൾ (ഗവൺമെന്റ്- 4, സ്വാശ്രയം- 8), ഓരോ കോളേജിലെയും സീറ്റുകൾ, ലഭ്യമായ സ്പെഷ്യലൈസേഷനുകൾ എന്നിവ പ്രോെസ്പക്ടസിൽ നൽകിയിട്ടുണ്ട്. (അനക്സ്ചർ- I)
അപേക്ഷാർഥി ഇന്ത്യക്കാരനായിരിക്കണം. എന്നാൽ, കേരളീയർക്കുമാത്രമേ സംവരണം, ഫീസ് ഇളവ് എന്നിവ ലഭിക്കുകയുള്ളൂ. 50 ശതമാനം മാർക്കോടെയുള്ള, അംഗീകൃത എൽഎൽ.ബി. ബിരുദം (അഞ്ചുവർഷം/മൂന്നുവർഷം) ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. തിരഞ്ഞെടുപ്പ് സെപ്റ്റംബർ 10-ന് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന രണ്ടുമണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രവേശനപരീക്ഷ അടിസ്ഥാനമാക്കിയായിരിക്കും. പരീക്ഷയ്ക്ക് രണ്ടുഭാഗങ്ങളുണ്ടാകും.
എൽഎൽ.ബി. പരീക്ഷയുടെ നിലവാരമുള്ള 100 വീതം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഓരോ ഭാഗത്തുമുണ്ടാകും. പാർട് എ.യിൽ, ജൂറിസ്‌പ്രൂഡൻസ്, കോൺസ്റ്റിറ്റ്യൂഷണൽ ലോ, ലോ ഓഫ് ക്രൈംസ്, ലോ ഓഫ് കോൺട്രാക്ട്‌സ് എന്നിവയിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. പാർട്ട് ബി.യിൽ, പബ്ലിക് ഇന്റർനാഷണൽ ലോ, അഡ്മിനിസ്‌ട്രേറ്റീവ് ലോ, ലോ ഓഫ് പ്രോപ്പർട്ടി, കമ്പനി ലോ (20 വീതം ചോദ്യങ്ങൾ), ഇന്റർപ്രറ്റേഷൻ ഓഫ് സ്റ്റാറ്റ്യൂട്ട്‌സ്, ലോ ഓഫ് ടോർട്‌സ് (10 വീതം) എന്നിവയിൽനിന്നായിരിക്കും ചോദ്യങ്ങൾ. പരീക്ഷയുടെ സമയക്രമം പിന്നീട് അറിയിക്കും.
അപേക്ഷ www.cee.kerala.gov.in വഴി 16-ന് വൈകീട്ട് നാലുവരെ നൽകാം. അപേക്ഷാഫീസ് 840 രൂപ. പട്ടികവിഭാഗക്കാർക്ക് 420 രൂപ. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഓൺലൈനായി അടയ്ക്കാം. പ്രോെസ്പക്ടസ് പ്രകാരം നൽകേണ്ട മറ്റു രേഖകൾ/സർട്ടിഫിക്കറ്റുകൾ 18-ന് വൈകീട്ട് നാലിനകം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. റാങ്ക് പട്ടിക തയ്യാറാക്കൽ, കേന്ദ്രീകൃത സീറ്റ് അലോട്‌മെന്റ് നടപടികൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിലെ പ്രോെസ്പക്ടസിൽ ലഭിക്കും.
Content Highlights: Kerala LLM admission 2023