പ്രൊഫഷണലുകൾക്ക് എം.ടെക്.: കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലേക്ക് വരൂ

കരിയർ വളർച്ചയ്ക്കും കൂടുതൽ അറിവ് നേടാനും അത് പ്രയോഗിക്കാനും ജോലി ചെയ്തുകൊണ്ടുള്ള പഠനം സഹായിക്കും. കോഴ്‌സ് പൂർത്തിയാക്കുന്നതോടെ വിദഗ്ധരുമായി ബന്ധങ്ങൾ സ്ഥാപിക്കാനും അത് ജോലി ചെയ്യുമ്പോൾ ഉപയോഗപ്പെടുത്താനും കഴിയും. കൂടാതെ, സവിശേഷമേഖലകൾ കണ്ടെത്തി മുന്നോട്ടുപോകാം. ഇങ്ങനെ ഒട്ടേറെ ഗുണങ്ങൾ ജോലിചെയ്തുള്ള പഠനത്തിനുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) കോട്ടയം, ജോലി ചെയ്യുന്നവർക്കായി എം.ടെക്. കോഴ്‌സ് (പ്രൊഫഷണൽ എം.ടെക്.) നടത്തുന്നു. വ്യവസായ ലോകവുമായി ബന്ധപ്പെട്ട് വിദഗ്ധർ തയ്യാറാക്കിയ സിലബസ് അടിസ്ഥാനമാക്കിയാണ് പഠനം. ആഴ്ചയിൽ അവസാനവും പൊതു അവധി ദിവസങ്ങളിലുമായിരിക്കും ഓൺലൈൻ ക്ലാസുകൾ.
കോഴ്സുകൾ
- എം.ടെക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്
- എം.ടെക്. സൈബർ സെക്യൂരിറ്റി
- എം.ടെക്. സി.എസ്.ഇ. -ബിഗ് ഡേറ്റാ ആൻഡ് മെഷീൻ ലേണിങ്
യോഗ്യത: ബി.ടെക്., ബി.ഇ., എ.എം.ഐ.ഇ., എം.സി.എ, എം.എസ്‌സി., എം.എസ്. ഇൻ സി.എസ്., ഐ.ടി., മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് 60 ശതമാനം മാർക്കോടെ വിജയം. നിലവിൽ ജോലി ചെയ്യുന്നവരാകണം. ബിരുദം നേടിയ ശേഷമാകണം ജോലി ലഭിക്കേണ്ടത്. ഫീസ്: 5.24 ലക്ഷം രൂപ
പൂർത്തിയാക്കാൻ അഞ്ചുവർഷം
വർക്കിങ് പ്രൊഫഷനലുകൾക്ക് അവരുടെ സൗകര്യവും സമയവും അനുസരിച്ച് കോഴ്സ് പൂർത്തിയാക്കാനുള്ള അവസരമുണ്ട്.ജോലി ചെയ്യുമ്പോൾ മറ്റിടങ്ങളിലേക്ക് മാറേണ്ടിവന്നാൽ കോഴ്‌സ് ബ്രേക്ക് അനുവദിക്കും. മൂന്നുവർഷമാണ് കോഴ്‌സ് പൂർത്തിയാക്കേണ്ടതെങ്കിലും അഞ്ചുവർഷംവരെ എടുക്കാം.
ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.
ഐ.ഐ.ഐ.ടി.യിലെ അധ്യാപകരുമായി ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിൽ ചേരാൻ അവസരം ലഭിക്കും. എം.ടെക്കിൽ അവസാന രണ്ട് സെമസ്റ്ററുകളിൽ പ്രോജക്റ്റ് ഉണ്ടാകും. ജേണലുകളിൽ എഴുതാനും കോൺഫറൻസുകളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. അവസാന തീയതി:നവംബർ 24വിവരങ്ങൾക്ക്: mtech.iiitkottayam.ac.in
വെർച്വൽലാബ്
തിയറിയും പ്രാക്ടിക്കലും വളരെ താത്പര്യത്തോടെ പഠിക്കാം. പ്രാക്ടിക്കൽ ചെയ്യാൻ വെർച്വൽലാബ് ഉണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടോ പ്രശ്നമോ ഉണ്ടെങ്കിൽ ഫാക്കൽറ്റിയെ അറിയിച്ചാൽ വേഗത്തിൽ പരിഹരിക്കും. വിഷയത്തിൽ വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ എടുക്കുന്നത്. ബാച്ചിന് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ട്. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഇതിലും ചർച്ച ചെയ്യും. പ്രൊഫഷണലായി വിദഗ്ധരാണ് എല്ലാവരും. ഇതും പഠനത്തെ സഹായിക്കുന്നുണ്ട്.
-കെ.എസ്. ശാലിനി
നാലാം സെമസ്റ്റർ, എം.ടെക്. സൈബർ സെക്യൂരിറ്റി (ജോലി: ജാവ ഡിവലപ്പർ, കെൽട്രോൺ. തിരുവനന്തപുരം)
ഓൺലൈൻ ക്ലാസുകൾ
കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള ഏകദേശം 200-ൽപ്പരം മൾട്ടി നാഷണൽ കമ്പനികളിൽനിന്നുള്ള വർക്കിങ് പ്രൊഫഷനലുകൾ കോഴ്സ് ചെയ്യുന്നുണ്ട്. ഇവിടുത്തെ അധ്യാപകരാണ് ലൈവ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്. സെമസ്റ്റർ പരീക്ഷകൾ രാജ്യത്തുടനീളമുള്ള അംഗീകൃത സെന്ററുകളിൽ നടത്തും.
-ഡോ. എം. രാധാകൃഷ്ണൻ
രജിസ്ട്രാർ, ഐ.ഐ.ഐ.ടി. -കോട്ടയം
സഹായങ്ങൾക്ക്: 0482-2202173/37/00, pgacademics@iiitkottayam.ac.in, registrar@iiitkottayam.ac.in
Content Highlights: Indian institute of information technology, kottayam, M.Tech, engineering