മിലിറ്ററി നഴ്‌സിങ്: പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം, വേണം NEET-UG സ്കോർ

Representational Image | Photo: PTI
Representational Image | Photo: PTI

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിലെ (എ.എഫ്.എം.എസ്.) നഴ്സിങ് കോളേജുകളിലെ ബി.എസ്‌‌സി നഴ്സിങ് കോഴ്സ് പ്രവേശനവിജ്ഞാപനം ഇന്ത്യൻ ആർമി പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർ കോഴ്‌സ് ജയിച്ചശേഷം മിലിറ്ററി നഴ്സിങ് സർവീസസിൽ (എം.എൻ.എസ്.) സേവനം അനുഷ്ഠിക്കാൻ ബാധ്യസ്ഥരാണ്. അതിലേക്ക് ബോണ്ട് നൽകണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പെർമനന്റ്/ഷോർട്ട് സർവീസ് കമ്മിഷൻ അനുവദിക്കും.

കോളേജുകളും (കോളേജ് ഓഫ് നഴ്സിങ്) സീറ്റുകളും
ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (എ.എഫ്.എം.സി.), പുണെ-40 സീറ്റ്. കമാൻഡ് ഹോസ്പിറ്റൽ ഈസ്റ്റേൺ കമാൻഡ്-സി.എച്ച്. (ഇ.സി.) കൊൽക്കത്ത-30, ഇന്ത്യൻ നേവൽ ഹോസ്പിറ്റൽ ഷിപ്പ്- ഐ.എൻ.എച്ച്.എസ്. അശ്വിനി, മുംബൈ-40. ആർമി ഹോസ്പിറ്റൽ റിസർച്ച് ആൻഡ് റഫറൽ-എ.എച്ച്. (ആർ ആൻഡ് ആർ) ന്യൂഡൽഹി-30. കമാൻഡ് ഹോസ്പിറ്റൽ സെൻട്രൽ കമാൻഡ്-സി.എച്ച്. (സി.സി.) ലഖ്നൗ-40. കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സ്-സി.എച്ച്. (എ.എഫ്.) ബെംഗളൂരു-40 (മൊത്തം 220 സീറ്റ്). പരിശീലനകാലത്ത് സൗജന്യറേഷൻ, താമസം, യൂണിഫോം അലവൻസ്, പ്രതിമാസ സ്റ്റൈപ്പെൻഡ് എന്നിവ ലഭിക്കും.

പെൺകുട്ടികൾക്കുമാത്രം
പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം. അപേക്ഷക അവിവാഹിതയായിരിക്കണം. വിവാഹബന്ധം വേർപെടുത്തിയവർ, നിയമപരമായി വേർപിരിഞ്ഞവർ, കുട്ടികളില്ലാത്ത വിധവകൾ എന്നിവർക്കും അപേക്ഷിക്കാം.  അപേക്ഷകർ 1.10.1998-നും 30.9.2006-നും ഇടയ്ക്ക് (രണ്ടു ദിവസങ്ങളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. റെഗുലർ വിദ്യാർഥിയായി ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും) എന്നിവ പഠിച്ച് ആദ്യ ശ്രമത്തിൽതന്നെ പ്ലസ്ടു (10+2)/തത്തുല്യപരീക്ഷ 50 ശതമാനം മാർക്ക് മൊത്തത്തിൽ വാങ്ങി ജയിച്ചിരിക്കണം. മെഡിക്കൽ ഫിറ്റ്നസ് വ്യവസ്ഥകളുണ്ട്.

നീറ്റ് യു.ജി. 2023 സ്കോർ
നാലുവർഷ കോഴ്സിലെ പ്രവേശനം നീറ്റ് യു.ജി. 2023 സ്കോർ, കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ഓഫ് ജനറൽ ഇൻറലിജൻസ്, ജനറൽ ഇംഗ്ലീഷ് (ടി.ഒ.ജി.ഐ.ജി.ഇ.), സൈക്കോളജിക്കൽ അസസ്‌മെന്റ് ടെസ്റ്റ് (പി.എ.ടി.), അഭിമുഖം, മെഡിക്കൽ ഫിറ്റ്നസ്, ഓരോ കോളേജിലെയും ഒഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.  

പ്രവേശനനടപടികൾ
അപേക്ഷകരെ നീറ്റ് യു.ജി. 2023 മെറിറ്റ് (സ്കോർ/റാങ്ക്) പരിഗണിച്ച് ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഇതിൽവരുന്നവർ ഡൽഹി കന്റോൺമെന്റ് ബേസ് ഹോസ്പിറ്റലിൽ നടത്തുന്ന സ്‌ക്രീനിങ്ങിൽ പങ്കെടുക്കണം. പട്ടികയിൽ ഉൾപ്പെടുന്നവരെ ടി.ഒ.ജി.ഐ.ജി.ഇ., പി.എ. ടി., അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് വിളിക്കും. അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭിക്കും. രേഖാപരിശോധന സ്‌ക്രീനിങ്ടെസ്റ്റിന് ഹാജരാകുമ്പോൾ നടത്തും. ടി.ഒ.ജി.ഐ.ജി.ഇ., രണ്ട് മാർക്ക് വീതമുള്ള 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള 30 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഉത്തരം തെറ്റിയാൽ അരമാർക്ക് വീതം നഷ്ടപ്പെടും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ ബോർഡ് ഓഫ് ഓഫീസേഴ്സിന്റെ മുന്നിൽ സൈക്കോളജിക്കൽ അസസ്‌മെന്റ് ടെസ്റ്റിനും അഭിമുഖത്തിനും ഹാജരാകണം. പന്ത്രണ്ടാംക്ലാസ് വരെയുള്ള കോർവിഷയങ്ങൾ, ജനറൽനോളജ്, കറന്റ് അഫയേഴ്സ്, വിദ്യാർഥിനിയുടെ താത്‌പര്യങ്ങൾ, ഹോബികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇതിൽ പ്രതീക്ഷിക്കാം. വിവിധ തലങ്ങളിലെ സ്പോർട്സ് നേട്ടങ്ങൾക്ക് വെയ്റ്റേജ് ലഭിക്കും. സേനകളിൽ സേവനത്തിലുള്ള/എക്സ് സർവീസ് വിഭാഗ/മുന്നേറ്റത്തിൽ മരണമടഞ്ഞ ഓഫീസർമാർ, ജെ.സി. ഒ.മാർ, അദർ റാങ്ക്സ് എന്നിവരുടെ ആശ്രിതർക്കും വെയിറ്റേജ് നൽകും. 
വിവരങ്ങൾക്ക്:www.joinindianarmy.nic.in

അപേക്ഷ
www.joinindianarmy.nic.in വഴി ജൂലായ്‌ നാലുവരെ രജിസ്റ്റർ ചെയ്യാം. പട്ടിക വിഭാഗക്കാരൊഴികെയുള്ളവർ, പ്രോസസിങ് ഫീസായി 200 രൂപ ഓൺലൈനായി അടയ്ക്കണം. അപേക്ഷയുടെയും കൺഫർമേഷൻ പേജിന്റെയും പ്രിന്റ്ഔട്ടുകൾ  ഭാവിയിലെ റഫറൻസിനായി എടുത്തുവെക്കാം  
 

Content Highlights: Military Nursing Service, Join Indian Army, Indian Army BSc Nursing 2023