കേരള ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിസൈൻ ബാച്ച്‌ലർ പ്രോഗ്രാം

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം | Photo: Freepik
പ്രതീകാത്മക ചിത്രം | Photo: Freepik

കേരള സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി-കേരള (ഐഎഫ്ടികെ-കൊല്ലം, കുണ്ടറ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി(നിഫ്റ്റ്)യുടെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന നാലുവർഷ ബാച്ച്‌ലർ ഇൻ ഡിസൈൻ (ബിഡിസ്) ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

പ്രോഗ്രാം ഘടന

ആദ്യവർഷം ഫൗണ്ടേഷൻകോഴ്സായിരിക്കും. സാമൂഹിക-സാംസ്കാരിക കാഴ്ചപ്പാടിൽ ഡിസൈൻ, ടെക്നോളജി, മാനേജ്മെൻറ് എന്നിവയുടെ അടിസ്ഥാനതത്ത്വങ്ങൾ മനസ്സിലാക്കാൻ ഫൗണ്ടേഷൻ കോഴ്സ് സഹായകമാകും.

രണ്ടാംവർഷം ഫാഷൻ ഡിസൈനിങ്ങിന്റെ വിവിധതലങ്ങൾ -ഫാഷൻ ഇലസ്ട്രേഷൻ ആൻഡ് ഡിസൈൻ, ഫാഷൻ സ്റ്റഡീസ്, എലമെൻറ്സ് ഓഫ് ടെക്സ്െറ്റെൽസ്, സർഫസ് ഡിവലപ്മെൻറ് ടെക്നിക്സ്, ഡിസൈൻ പ്രോസസ്, ഹിസ്റ്ററി ഓഫ് ഡിസൈൻ ആൻഡ് ഫാഷൻ, പാറ്റേൺ മേക്കിങ്, ഡ്രാപ്പിങ്, ഗാർമൻറ് കൺസ്ട്രക്‌ഷൻ തുടങ്ങിയവ പഠിപ്പിക്കുന്നു.

അപ്പാരൽ വ്യവസായത്തിന്റെ വ്യത്യസ്തമേഖലകൾ മൂന്നാംവർഷം പഠിപ്പിക്കുന്നു. ഇൻഡസ്ട്രി ഇന്റേൺഷിപ്പും ഉണ്ടാകും. നാലാംവർഷം റിസർച്ച്, ഡിസൈൻ ഡിവലപ്മെൻറ് എന്നിവയ്ക്ക് ഊന്നൽനൽകി ഇലക്ടീവ്സിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു.

തൊഴിൽമേഖലകൾ

ഫാഷൻ മേഖലയിലെ ഡിസൈനർ, മർക്കൻഡൈസർ, സ്റ്റൈലിസ്റ്റ്, ഇലസ്ട്രേറ്റർ, ഡിസൈനർ, ഫ്രീലാൻസ് ഡിസൈനർ, സെലബ്രിറ്റി ഡിസൈനർ, ഫോർകാസ്റ്റർ, കൊറിയോഗ്രാഫർ, കോഡിനേറ്റർ, ജേണലിസ്റ്റ്, അഡ്വൈസർ, ഫോട്ടോഗ്രാഫർ തുടങ്ങിയ തൊഴിൽമേഖലകൾ കണ്ടെത്താൻ പ്രോഗ്രാം സഹായിക്കും. സംരംഭകരാകാനുള്ള നൈപുണികളും നേടാം. കേരള സർവകലാശാലയുടെ അഫിലിയേഷനുള്ള ഫുൾടൈം പ്രോഗ്രാമാണിത്.

യോഗ്യത

അംഗീകൃത ബോർഡിൽനിന്ന്‌ 10 +2/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ ഈവർഷം അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

അഭിരുചിപ്പരീക്ഷ

ജനറൽ എബിലിറ്റി ടെസ്റ്റ്, ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് എന്നിവയടങ്ങുന്ന അഭിരുചിപ്പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ജൂൺ രണ്ടാംവാരം എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ പരീക്ഷനടത്തും. തീയതി പിന്നാലെ അറിയിക്കും.

ജനറൽ എബിലിറ്റി ടെസ്റ്റിൽ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, കമ്യൂണിക്കേഷൻ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹൻഷൻ, അനലറ്റിക്കൽ എബിലിറ്റി, ജനറൽനോളജ് ആൻഡ് കറൻറ് അഫയേഴ്സ് എന്നിവ വിലയിരുത്തും.

ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റിൽ നൈപുണി, നിരീക്ഷണപാടവം, പുതുമ, രൂപകല്പനാമികവ് എന്നിവ വിലയിരുത്തും. നിറങ്ങൾ, ചിത്രീകരണം, എന്നിവ ഉപയോഗിക്കുന്നതിലെ വൈദഗ്ധ്യവും വിലയിരുത്തും.

മുൻവർഷങ്ങളിലെ അഭിരുചിപ്പരീക്ഷകളുടെ ചോദ്യക്കടലാസ്‌ വെബ്സൈറ്റിൽ ലഭിക്കും.

സീറ്റുകൾ

മൊത്തം 60 സീറ്റുകൾ. സംവരണമുണ്ടാകും. സംവരണശതമാനം ഇപ്രകാരമാണ്. ജനറൽ മെറിറ്റ്-50, ഇഡബ്ല്യുഎസ്-10, എസ്ഇബിസി-20 (ഈഴവ-8, മുസ്‌ലിം-7, എൽസി/എസ്ഐയുസി-1, ബിഎക്സ്-1, ബിഎച്ച്-3), പട്ടികജാതി-15, പട്ടികവർഗം-2.

സെമസ്റ്റർ ട്യൂഷൻഫീസ് 48,000 രൂപയാണ്. പ്രവേശനസമയത്ത് രജിസ്ട്രേഷൻ ഫീ 2000 രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റ് (തിരികെലഭിക്കാവുന്നത്) 5000 രൂപയും അടയ്ക്കണം.

അപേക്ഷ

iftk.ac.in -ലെ പ്രോഗ്രാം അഡ്മിഷൻ ലിങ്ക്‌ വഴി മേയ് 31 വരെ നൽകാം. www.lbscentre.kerala.gov.in വഴിയും അപേക്ഷിക്കാം. അപേക്ഷാഫീസ് 1500 രൂപ (പട്ടികവിഭാഗക്കാർക്ക് 750 രൂപ). അപേക്ഷാ പ്രിൻറ് ഔട്ട്, എവിടേക്കും അയക്കേണ്ടതില്ല. ക്ലാസുകൾ ജൂലായ് ആദ്യവാരം തുടങ്ങും.


 

Content Highlights: design bachelor program in kerala fashion technology institute