നിയമപഠനത്തിന് ക്ലാറ്റ് 2025; ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

രാജ്യത്തെ 24 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ നിയമപ്രോഗ്രാമുകളിലെ 2025-ലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റി(ക്ലാറ്റ്)ന് അപേക്ഷിക്കാം.
ദേശീയ നിയമ സർവകലാശാലകൾ
ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ഭോപാൽ, ജോധ്‌പുർ, റായ്പുർ, ഗാന്ധിനഗർ, ജി.എൻ.എൽ.യു. സിൽവാസ കാംപസ്, ലഖ്‌നൗ, പഞ്ചാബ്, പട്ന, കൊച്ചി, കട്ടക് (ഒഡിഷ), റാഞ്ചി, ഗുവാഹാട്ടി (അസം), വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗാബാദ്, ഷിംല, ജബൽപുർ, സോനീപത് (ഹരിയാണ), ത്രിപുര.
ബിരുദം
ബിരുദതലത്തിൽ അഞ്ചുവർഷത്തെ, ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകളാണുള്ളത്. ബി.എ. എൽഎൽ.ബി. (ഓണേഴ്സ്) എല്ലാ സർവകലാശാലകളിലുമുണ്ട്.
• ബി.ബി.എ. എൽഎൽ.ബി. (ഓണേഴ്സ്): ജോധ്‌പുർ, ഗാന്ധിനഗർ, പട്ന, കട്ടക്, ഔറംഗാബാദ്, ഷിംല. • ബി.എസ്‌സി. എൽഎൽ.ബി.: ഗാന്ധിനഗർ; കൊൽക്കത്ത (ക്രിമിനോളജി ആൻഡ് ഫൊറൻസിക് സയൻസ്), ഭോപാൽ (സൈബർ സെക്യൂരിറ്റി). • ബി.കോം. എൽഎൽ.ബി.: ഗാന്ധിനഗർ, തിരുച്ചിറപ്പള്ളി • ബി.എസ്.ഡബ്ല്യു. എൽഎൽ.ബി.: ഗാന്ധിനഗർ.
ബിരുദാനന്തര ബിരുദം
ഒരുവർഷം ദൈർഘ്യമുള്ള എൽഎൽ.എം. ഹരിയാണ ഒഴികെയുള്ള എല്ലാ സർവകലാശാലകളിലുമുണ്ട്.
പ്രവേശനയോഗ്യത
യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, ഉയർന്ന പ്രായപരിധിയില്ല. യു.ജി. പ്രോഗ്രാം പ്രവേശനം തേടുന്നവർ, 10+2/തത്തുല്യപരീക്ഷ, 45 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 40 ശതമാനം)/തത്തുല്യഗ്രേഡോടെ ജയിച്ചിരിക്കണം.
പി.ജി. പ്രവേശനത്തിന് 50 ശതമാനം മാർക്കോടെ (പട്ടികവിഭാഗത്തിന് 45 ശതമാനം)/തത്തുല്യഗ്രേഡോടെയുള്ള, എൽഎൽ.ബി./തത്തുല്യയോഗ്യത വേണം.
2025 ഏപ്രിൽ/മേയ് മാസങ്ങളിൽ, യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് യോഗ്യത തെളിയിക്കണം.
അപേക്ഷ
consortiumofnlus.ac.in വഴി ഒക്ടോബർ 15-ന് രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 4000 രൂപ (പട്ടികവിഭാഗക്കാർ/ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ എന്നിവർക്ക് 3500 രൂപ) ഈ സമയപരിധിക്കകം ഓൺലൈനായി അടയ്ക്കണം. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ 500 രൂപ അധികമായടച്ച് വാങ്ങാം.
മറ്റു പ്രവേശനങ്ങൾ
ചില ദേശീയ നിയമ സർവകലാശാലകളും മറ്റുചില സ്ഥാപനങ്ങളും നിശ്ചിത പ്രോഗ്രാമുകളിലെ 2024-ലെ പ്രവേശനത്തിന് ക്ലാറ്റ് യു.ജി./പി.ജി. സ്കോർ/റാങ്ക് 2024 പരിഗണിച്ചിട്ടുണ്ട്.
ക്ലാറ്റ് യു.ജി.
• നാഗ്പുർ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി പ്രത്യേകം അപേക്ഷ ക്ഷണിച്ച് പ്രവേശനം നടത്തുന്ന അഞ്ചുവർഷ ബി.എ. എൽഎൽ.ബി. (ഓണേഴ്സ്) അഡ്ജുഡിക്കേഷൻ ആൻഡ് ജസ്റ്റിസിങ് പ്രോഗ്രാം. വിവരങ്ങൾക്ക്: www.nlunagpur.ac.in
• റോത്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് (ഐ.ഐ.എം.) നടത്തുന്ന അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐ.പി.എൽ.) വിവരങ്ങൾക്ക്: www.iimrohtak.ac.in • നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയുടെ അഞ്ചുവർഷ ബി.ബി.എ. എൽഎൽ.ബി., ബി.എസ്‌സി. എൽഎൽ.ബി. ഓണേഴ്സ് പ്രോഗ്രാം. വിവരങ്ങൾക്ക്: nfsu.ac.in/admission • ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറൻസിക് സയൻസ് (ലഖ്‌നൗ) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് ബി.എസ്‌സി. എൽഎൽ.ബി. പ്രവേശനം. വിവരങ്ങൾക്ക്: upsifs.ac.in
ക്ലാറ്റ് പി.ജി.
• സോനീപത് (ഹരിയാണ) ഡോ. ബി.ആർ. അംബേദ്കർ നാഷണൽ ലോ യൂണിവേഴ്സിറ്റി നേരിട്ട് അപേക്ഷ ക്ഷണിച്ച് നടത്തുന്ന രണ്ടുവർഷ എൽഎൽ.എം. പ്രോഗ്രാം. വിവരങ്ങൾക്ക്: www.dbranlu.ac.in • നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയുടെ, സൈബർ ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ, ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ എന്നീ സ്പെഷ്യലൈസേഷനിലുള്ള ഒരുവർഷ എൽഎൽ.എം. പ്രോഗ്രാം
വിവരങ്ങൾക്ക്: nfsu.ac.in/admission
• ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറൻസിക് സയൻസ് (ലഖ്‌നൗ) -ഒരു വർഷ എൽഎൽ.എം. ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം വിവരങ്ങൾക്ക്: upsifs.ac.in
ജോലിക്കും
ക്ലാറ്റ് പി.ജി. സ്കോർ ചില സ്ഥാപനങ്ങൾ ചില വർഷങ്ങളിൽ നിയമനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്. സ്ഥാപനവും തസ്തികയും.
• ഇന്ത്യൻ ആർമിയിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (ജെ.എ.ജി.) ബ്രാഞ്ച് എൻട്രിക്ക് മറ്റ് അക്കാദമിക് യോഗ്യതയ്ക്കൊപ്പം ക്ലാറ്റ് പി.ജി. സ്കോർ നിർബന്ധമാണ്. വിവരങ്ങൾക്ക്: www.joinindianarmy.nic.in. • എൻ.ടി.പി.സി.- അസിസ്റ്റൻറ് ലോ ഓഫീസേഴ്സ് • ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ-ലോ ഓഫീസേഴ്സ്. • പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് -ഓഫീസർ ട്രെയിനി -ലോ • മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്-അസിസ്റ്റൻറ് എക്സിക്യുട്ടീവ് (ലോ) • ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ - അസിസ്റ്റൻറ് ലീഗൽ അഡ്വൈസർ. • ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് -ലോ ഓഫീസേഴ്സ്.
ഘടന
ക്ലാറ്റ് ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ, ഓഫ് ലൈൻ രീതിയിൽ നടത്തും.
• യു.ജി. ക്ലാറ്റിന് ഒരുമാർക്കുവീതമുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഇംഗ്ലീഷ് ലാംഗ്വേജ് (20 ശതമാനം വെയ്റ്റേജ്), കറന്റ് അഫയേഴ്സ് (ജനറൽനോളജ് ഉൾപ്പെടെ) (25), ലീഗൽ റീസണിങ് (25), ലോജിക്കൽ റീസണിങ് (20), ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് (10), എന്നിവയിൽനിന്നും ആയിരിക്കും ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ കാൽമാർക്ക് വീതം നഷ്ടപ്പെടും.
• പി.ജി. ക്ലാറ്റിന് പരമാവധി മാർക്ക് 120 ആയിരിക്കും. ഒരുമാർക്കുവീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. കോൺസ്റ്റിറ്റ്യൂഷണൽ ലോ, ജൂറിസ്‌പ്രൂഡൻസ്, അഡ്മിനിസ്ട്രേറ്റീവ് ലോ, ലോ ഓഫ് കോൺട്രാക്ട്, ടോർട്സ്, ഫാമിലി ലോ, ക്രിമിനൽ ലോ, പ്രോപ്പർട്ടി ലോ, കമ്പനി ലോ, പബ്ലിക് ഇൻറർനാഷണൽ ലോ, ടാക്സ് ലോ, എൻവയൺമെൻറൽ ലോ, ലേബർ ആൻഡ് ഇൻഡസ്ട്രിയൽ ലോ എന്നിവയിൽനിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഉത്തരം തെറ്റിയാൽ കാൽമാർക്കുവീതം നഷ്ടപ്പെടും.
Content Highlights: clat exam for law related studies