ബാച്ച്‌ലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി പ്രോഗ്രാം

ഒഡിഷ സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.വി.എൻ.ഐ.ആർ.ടി.എ.ആർ.) നാലുവർഷ ബാച്ച്‌ലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എൽ.പി.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര ഭിന്നശേഷിശാക്തീകരണവകുപ്പിന്റെ കീഴിലാണ് സ്ഥാപനം. സംസാരം, ഭാഷ, ആശയവിനിമയം, കേൾവി തുടങ്ങിയവയിൽ പരിമിതികളുള്ളവരുടെ ചികിത്സയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് കോഴ്‌സിലുള്ളത്.
യോഗ്യത: അംഗീകൃത ബോർഡിൽനിന്ന് ഫിസിക്സ്, കെമിസ്ട്രി എന്നിവയും ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്‌ട്രോണിക്സ്, സൈക്കോളജി എന്നിവയിലൊന്നും പഠിച്ച്, പ്ലസ്‌ടു/തത്തുല്യ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം. സംവരണവിഭാഗക്കാർക്ക് കേന്ദ്രസർക്കാർ വ്യവസ്ഥകൾപ്രകാരമുള്ള ഇളവുകൾ യോഗ്യതാകോഴ്‌സ് മാർക്കിൽ ലഭിക്കും.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവേശനപരീക്ഷ നവംബർ 19-ന് നടത്തും. പ്ലസ്‌ടു നിലവാരത്തിലുള്ള ഒരു മാർക്കുവീതമുള്ള 100 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേപ്പർ പരീക്ഷയ്ക്കുണ്ടാകും. നെഗറ്റീവ് മാർക്കിങ് രീതി ഇല്ല.
അപേക്ഷാഫോം svnirtar.nic.in-ൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഇൻഫർമേഷൻ ബ്രോഷറും സൈറ്റിൽ ലഭിക്കും. സ്ഥാപനത്തിലെ അക്കാദമിക് വകുപ്പിൽനിന്നും ഇവ നേരിട്ടും വാങ്ങാം. അപേക്ഷാഫോമിന്റെ വില 1000 രൂപയാണ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 800 രൂപയും. യുണിക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ് (യു.ഡി.ഐ.ഡി.) ഉള്ള ഭിന്നശേഷി വിഭാഗക്കാർ അപേക്ഷാഫോമിന്റെ ഫീസ് നൽകേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സ്ഥാപനത്തിൽ (പൂർണ വിലാസം ബ്രോഷറിൽ) നേരിട്ടോ പോസ്റ്റ് വഴിയോ നവംബർ ആറിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
Photo: freepik.com
Content Highlights: bachelor in audiology and speech language pathology- BASLP, Course Details, Eligibility, Admission