ആർക്കിടെക്ചർ പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ്

പ്രതീകാത്മക ചിത്രം | Image: Freepik
പ്രതീകാത്മക ചിത്രം | Image: Freepik

ആർക്കിടെക്ചർ മാസ്റ്റേഴ്സ് കോഴ്‌സ് (എം.ആർക്.) പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറി(പി.ജി.ഇ.ടി.എ.)ന്റെ ആദ്യ പരീക്ഷയ്ക്ക് ചൊവ്വാഴ്ച രാത്രി 11.59 വരെ അപേക്ഷിക്കാം. ആദ്യ പരീക്ഷ ജൂലായ് 28-നാണ്.

രണ്ടാം പരീക്ഷയ്ക്ക് ജൂലായ് 31-ന് രാത്രി 11.59 അപേക്ഷിക്കാം. പരീക്ഷ ഓഗസ്റ്റ് നാലിന്. രണ്ടുപരീക്ഷകളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. താത്‌പര്യമുണ്ടെങ്കിൽ രണ്ടു പരീക്ഷകളും അഭിമുഖീകരിക്കാം. ഇവരുടെ കാര്യത്തിൽ, തമ്മിൽ ഭേദപ്പെട്ട സ്കോർ പ്രവേശനത്തിന് പരിഗണിക്കും. ഒരുപരീക്ഷമാത്രം എഴുതാം. എങ്കിൽ അതിലെ സ്കോർ പ്രവേശനത്തിന് പരിഗണിക്കും. സ്കോറിന് രണ്ട് അക്കാദമിക് വർഷത്തേക്ക് സാധുതയുണ്ടാകും.

സിലബസ്

നാല് മൊഡ്യൂളുകൾ അടങ്ങുന്നതാണ് പരീക്ഷയുടെ സിലബസ്: (i) ആർക്കിടെക്ചർ ആൻഡ് ഡിസൈൻ (48 ചോദ്യങ്ങൾ) (ii) ബിൽഡിങ് സയൻസസ് ആൻഡ് അപ്ലൈഡ് എൻജിനിയറിങ് (10) (iii) പ്രൊഫഷണൽ ഇലക്ടീവ്സ് (അഞ്ച്) (iv) പ്രൊഫഷണൽ എബിലിറ്റി ആൻഡ് സ്കിൽ എൻഹാൻസ്‌മെൻറ്്‌ കോഴ്സസ് (12). ഓരോ മൊഡ്യൂളിലെയും ഉപ മേഖലകൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.

ചോദ്യങ്ങൾ ഇംഗ്ലീഷിലാണ് ലഭിക്കുക. മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും 75 ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ, നെഗറ്റീവ് മാർക്കില്ല.

യോഗ്യത

കുറഞ്ഞത് മൊത്തം 50 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.ഐ. നേടി ആർക്കിടെക്ചർ ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യത നേടിയിരിക്കണം. യോഗ്യതാ പ്രോഗ്രാം അന്തിമവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. യോഗ്യതാ മാർക്കിളവ്, സംവരണം തുടങ്ങിയവ പ്രവേശന/കൗൺസലിങ് അധികാരികൾക്ക് തീരുമാനിക്കാം. ഉയർന്നപ്രായപരിധിയില്ല.

എം.ആർക്. പ്രവേശനം തേടുന്നവർ ഈ യോഗ്യതയ്ക്കൊപ്പം പ്രവേശനപരീക്ഷാ യോഗ്യതയും നേടണം. പി.ജി. അപേക്ഷകർക്ക് പി.ജി. എൻട്രൻസ് ടെസ്റ്റ്, ക്വാളിഫയിങ് എൻട്രൻസ് ടെസ്റ്റ് സ്കോർ, പേഴ്സണൽ ഇൻറർവ്യൂ പോലെയുള്ള മറ്റ് പ്രക്രിയകൾ തുടങ്ങിയവയ്ക്ക് വെയ്റ്റേജ് നൽകി പ്രവേശന അധികാരികൾ മാസ്റ്റേഴ്സ് പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കും.

അപേക്ഷ

www.pgeta.in വഴി അപേക്ഷിക്കാം. ഒരു ടെസ്റ്റിന് അപേക്ഷിക്കാനുള്ള ഫീസ് ജനറൽ/ഒ.ബി.സി. വിഭാഗം ആൺകുട്ടികൾക്ക് 1750-ഉം പെൺകുട്ടികൾക്ക് 1250-ഉം രൂപയാണ്. പട്ടിക/ഭിന്നശേഷി/ഇ.ഡബ്ല്യു.എസ്.: ആൺകുട്ടികൾ -1250 രൂപ, പെൺകുട്ടികൾ -1000 രൂപ. രണ്ടു പരീക്ഷകൾക്ക്, ആദ്യ വിഭാഗത്തിന് യഥാക്രമം 3250, 2250 രൂപ. രണ്ടാംവിഭാഗത്തിന് യഥാക്രമം 2250, 1750 രൂപ.

ട്രാൻസ്ജെൻഡർ- ഒന്നിന് 1000 രൂപ, രണ്ടിന് 1500 രൂപ.

തുക ഓൺലൈനായി അടയ്ക്കാം. ആദ്യപരീക്ഷ അഭിമുഖീകരിക്കുന്നവർ രണ്ടാംപരീക്ഷ അഭിമുഖീകരിക്കണമെന്ന് നിർബന്ധമില്ല. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കൊച്ചി/എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ. അപേക്ഷ നൽകുമ്പോൾ മൂന്നു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

Content Highlights: Architecture Post Graduate Entrance Test