'യെസ് ക്വിസ് മി' വിജയികളെ പ്രഖ്യാപിച്ചു| ചോദ്യങ്ങളും ഉത്തരങ്ങളും അറിയാം | 06.11.2024

മാതൃഭൂമിയും ഫെയർ ഫ്യൂച്ചർ ഓവർസീസ് എജുക്കേഷൻ കൺസൽട്ടൻസിയും സംയുക്തമായി നടത്തുന്ന 'യെസ് ക്വിസ് മി' ക്വിസ് മത്സരത്തിലെ ആറാം ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. കോളേജ്തല മത്സരത്തിന് മുന്നോടിയായി പൊതുജനങ്ങൾക്കായി നടത്തിയ ഓൺലൈൻ മത്സരത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
കൊല്ലം കൊട്ടാരക്കര സ്വദേശി കശ്യപ് എൽ.എസിനാണ് ഒന്നാം സ്ഥാനം. പി.എസ്.സി ഉദ്യോഗാർഥിയാണ് കശ്യപ്. തിരുവനന്തപുരം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി ആദിദേവ് പി.എസ് രണ്ടാം സ്ഥാനവും പത്തനംതിട്ട സ്വദേശി എസ്. ഭാനുലാൽ മൂന്നാം സ്ഥാനവും നേടി. കുസാറ്റിലെ ഒന്നാം വർഷ എം.എ. അപ്ലൈഡ് ഇക്കണോമിക്സ് വിദ്യാർഥിയാണ് ഭാനുലാൽ.
നവംബർ ഒന്നു മുതൽ ഏഴുവരെ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ ആർക്കും പങ്കെടുക്കാം. എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് www.mathrubhumi.com വഴിയാണ് മത്സരം. ഓൺലൈൻ മത്സരത്തിൽ ക്വിസ് മാസ്റ്റർ മൂന്ന് ചോദ്യങ്ങൾ ചോദിക്കും. ഉത്തരങ്ങൾ ചോദ്യക്രമത്തിൽ ഒറ്റ മെസേജായി ഏറ്റവും ആദ്യം വാട്സാപ്പ് നമ്പറിലേക്ക് അയക്കണം. ആദ്യം ശരിയുത്തരം അയച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3,000 രൂപ, 2,000 രൂപ, 1,000 രൂപ എന്നിങ്ങനെ സമ്മാനം നൽകും
ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും
1. ആയ് രാജാക്കന്മാരുടെ തലസ്ഥാന നഗരിയായിരുന്ന ഈ നഗരം ചോള ഭരണ കാലത്ത് "രാജേന്ദ്ര ചോളപട്ടണം" എന്നറിയപ്പെട്ടിരുന്നു. കേരളത്തിലെ ആദ്യ കോസ്റ്റ് ഗാർഡ് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഈയിടെ ലോകശ്രദ്ധ ആകര്ഷിച്ചിരുന്നു. ഏതാണ് ഈ സ്ഥലം?
ഉത്തരം: വിഴിഞ്ഞം
2. അടുത്തിടെ ബ്രിസ്റ്റൺ സർവകലാശാലയിലെ ഗവേഷകർ ഒരു പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. ഇതിന് നൽകിയ പേരും ഒരു ഇന്ത്യന് ഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചെറുരൂപവും ഒന്നാണ്. എന്താണ് ഈ രക്ത ഗ്രൂപ്പിൻ്റെ പേര്?
ഉത്തരം: MAL
3. അടുത്തിടെ ഒരു അസുഖത്തെ പ്രതിരോധിക്കുന്നതിനായ് ഭാരത് ബയോടെക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് ഹില്കോള്. ഈ രോഗം ബാധിച്ചവരുടെ തൊലിയ്ക്ക് നീലനിറം വരുന്നതുകൊണ്ട് ഇതിനെ ബ്ലൂ ഡെത്ത് എന്നും വിളിക്കാറുണ്ട്. ഏതാണ് രോഗം?
ഉത്തരം: കോളറ
Content Highlights: Yes quiz me quist questions and answers november 06