NET പരീക്ഷ: മുൻവർഷങ്ങളിലെ 67 ചോദ്യങ്ങൾ ആവർത്തിച്ചെന്ന് പരാതി; സൈക്കോളജി പരീക്ഷയിലും ആശയക്കുഴപ്പം

ന്യൂഡൽഹി: ജൂൺ 30-ന് നടന്ന യു.ജി.സി നെറ്റ് സോഷ്യോളജി പരീക്ഷയുടെ ചോദ്യപേപ്പറിൽ വ്യാപകമായ അക്ഷരത്തെറ്റുകളും തെറ്റായ വിവർത്തനങ്ങളും ഉണ്ടായെന്ന പരാതിയുമായി ഉദ്യോഗാർഥികൾ. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിനെ തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) വിഷയത്തിൽ പരിശോധന ആരംഭിച്ചു.
അക്ഷരത്തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്ന് വിശദീകരിച്ച എൻ.ടി.എ, മാധ്യമ വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ഈ വിവരം അറിഞ്ഞതെന്നും നിലവിൽ വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അറിയിച്ചു.
വിവാദത്തിന് കാരണമെന്ത്?
ചോദ്യപേപ്പറിൽ നിരവധി അക്ഷര തെറ്റുകൾ, പ്രമുഖ സോഷ്യോളജിസ്റ്റുകളുടെ പേരുകളിലെ തെറ്റുകൾ, മോശം ഹിന്ദി വിവർത്തനം, വ്യാകരണ പിശകുകൾ എന്നിവയുണ്ടെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. ഇത് വെറുമൊരു അക്ഷരത്തെറ്റ് മാത്രമല്ലെന്നും ചോദ്യപേപ്പർ തയ്യാറാക്കുന്നതിലെയും അതിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിലെയും ഗുരുതരമായ വീഴ്ചയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, മുൻവർഷങ്ങളിലെ പരീക്ഷകളിൽ നിന്നുള്ള 67 ഓളം ചോദ്യങ്ങൾ ഈ പരീക്ഷയിൽ അതേപടി ആവർത്തിച്ചതായും ഉദ്യോഗാർത്ഥികളും വിദഗ്ദ്ധരും ആരോപിക്കുന്നു. പരീക്ഷയുടെ സത്യസന്ധതയെ തന്ന ചോദ്യം ചോദ്യം ചെയ്യുന്നതാണെന്നാണ് ഇവരുടെ വാദം.
പേരുകളിലെ അബദ്ധങ്ങൾ
പ്രമുഖ സോഷ്യോളജിസ്റ്റുകളുടെ പേരുകൾ തെറ്റായി അച്ചടിച്ചതിനെതിരെ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ താഴെ പറയുന്നവയാണ്:
'Ritzer' എന്നത് 'Putzer' എന്നും
'social' എന്നത് 'oval' എന്നും
'Parsons' എന്നത് 'Parsow' എന്നും
'Ghurye' എന്നത് 'Ghunye' എന്നും
'A R Desai' എന്നത് 'A K Desai' എന്നും
'Nussbaum' എന്നത് 'Nusbaut' എന്നും തെറ്റായി അച്ചടിച്ചു.
ഇതിനുപുറമേ, ഹിന്ദി ഭാഷയിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ചോദ്യങ്ങളുടെ വിവർത്തനം തെറ്റായതുമൂലം ആശയക്കുഴപ്പം ഉണ്ടായതായും സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങൾ വന്നതായും ആക്ഷേപമുണ്ട്.
സൈക്കോളജി പരീക്ഷയിലും പരാതി
സോഷ്യോളജി പരീക്ഷയ്ക്ക് പുറമെ ജൂൺ 29-ന് നടന്ന സൈക്കോളജി പരീക്ഷ ചോദ്യപേപ്പറിനെതിരെയും ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിലെ പല ചോദ്യങ്ങളും നിശ്ചിത സിലബസുമായി പൊരുത്തപ്പെടാത്തവയായിരുന്നു എന്നാണ് ആരോപണം.
തെറ്റുകൾ തങ്ങളുടെ പരീക്ഷാ ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ. നിലവിൽ എൻ.ടി.എ. ഔദ്യോഗികമായി തിരുത്തൽ നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിഷയം പരിശോധിച്ചുവരികയാണെന്ന് അറിയിച്ചിട്ടുണ്ട്. ഫൈനൽ ആൻസർ കീയിലും പരീക്ഷാ ഫലത്തിലും ഇത് മാറ്റങ്ങൾ വരുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് വിദ്യാർഥികൾ.
Content Highlights: Candidates have alleged widespread spelling errors, terrible translations, and nearly 67 repeated questions in the UGC NET Sociology exam held on June 30, prompting the National Testing Agency (NTA) to initiate an official review.