സിയുഇടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യുജിസി; അഭിപ്രായങ്ങള്‍ അറിയിക്കാന്‍ 26 വരെ അവസരം

വിവിധ സര്‍വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തിവരുന്ന, കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റു (സി.യു.ഇ.ടി.) കള്‍ക്ക് യു.ജി.സി. മാറ്റങ്ങള്‍ കൊണ്ടുവരുകയാണ്. വിദഗ്ധസമതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചശേഷം, 2025 മുതല്‍ പരീക്ഷകള്‍ക്കു വരുത്തേണ്ട മാറ്റങ്ങള്‍ നടപ്പാക്കും. ഈ നിര്‍ദേശങ്ങളില്‍ 26 വരെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സമയമാണ് (www.ugc.gov.in നോട്ടീസസ് ലിങ്ക്-ഗൂഗിള്‍ഫോം ലിങ്ക് വഴി) യു.ജി.സി. നല്‍കിയിരിക്കുന്നത്.
സി.യു.ഇ.ടി. യു.ജി.-നിര്‍ദേശങ്ങള്‍ സഹായകരമോ?
പ്ലസ്ടുതലത്തില്‍ പഠിച്ച വിഷയങ്ങള്‍ പരിഗണിക്കാതെ സി.യു.ഇ.ടി. യു.ജി. പരീക്ഷാവിഷയങ്ങള്‍ തിരഞ്ഞെടുക്കാമെന്ന നിര്‍ദേശം പ്രഥമദൃഷ്ട്യാ സൗകര്യപ്രദമായി തോന്നും. എന്നാല്‍, ഓരോ കോഴ്‌സിലെയും പ്രവേശനത്തിന് പ്ലസ്ടുതലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍, അഭിമുഖീകരിച്ചിരിക്കേണ്ട ടെസ്റ്റ് പേപ്പറുകള്‍ എന്നിവസംബന്ധിച്ച വ്യവസ്ഥകള്‍ ഉണ്ടെങ്കില്‍ ഈ ഇളവുകൊണ്ട് പരീക്ഷാര്‍ഥിക്ക് പ്രയോജനം ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണവും ലഭ്യമായ പ്രോഗ്രാമുകളുടെ എണ്ണവും പരിഗണിക്കുമ്പോള്‍ തിരഞ്ഞെടുക്കാവുന്ന ടെസ്റ്റുകളുടെ എണ്ണം അഞ്ചായി കുറയ്ക്കുന്നത് പരീക്ഷാര്‍ഥികള്‍ക്ക് ടെസ്റ്റ് വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. കഴിഞ്ഞവര്‍ഷം നല്‍കിയതുപോലെ ആറ് ടെസ്റ്റുകളെങ്കിലും തിരഞ്ഞെടുക്കാനുള്ള അവസരം നിലനിര്‍ത്തുന്നത് സഹായകരമായിരിക്കും.
2023-ല്‍ 10 ടെസ്റ്റുകള്‍ എഴുതാന്‍ അവസരം നല്‍കിയിരുന്നു. വിവിധ സ്ഥാപനങ്ങളുടെ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് വ്യത്യസ്ത വിഷയങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നതിനാല്‍ കൂടുതല്‍ ടെസ്റ്റുകള്‍ എഴുതാനുള്ള അവസരം അനിവാര്യമാണ്.
പ്രധാന നിര്‍ദേശങ്ങള്‍; സി.യു.ഇ.ടി.-യു.ജി
- പരീക്ഷ കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയില്‍ വര്‍ഷത്തില്‍ ഒരുതവണ നടത്തും
- നിലവിലെ ജനറല്‍ ടെസ്റ്റ്, ജനറല്‍ എബിലിറ്റി ടെസ്റ്റാക്കി മാറ്റും.
- ഡൊമൈന്‍ സ്‌പെസിഫിക് വിഷയങ്ങളില്‍നിന്നും ആറ് എണ്ണം-ഓണ്‍ട്രപ്രനേര്‍ഷിപ്പ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ലീഗല്‍ സ്റ്റഡീസ്, എന്‍ജിനീയറിങ് ഗ്രാഫിക്‌സ്, ഫാഷന്‍ സ്റ്റഡീസ്, ടൂറിസം എന്നിവ ഒഴിവാക്കും. ഇവയിലെ പ്രവേശനം ജനറല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (പുതിയ ജനറല്‍ എബിലിറ്റി ടെസ്റ്റ്) മികവ് അടിസ്ഥാനമാക്കി നടത്തും
- സി.യു.ഇ.ടി. യു.ജി. 2024 പ്രകാരം അവശേഷിക്കുന്ന 23 ഡൊമൈന്‍ സ്‌പെസിഫിക് വിഷയങ്ങള്‍- അക്കൗണ്ടന്‍സി/ബുക്ക് കീപ്പിങ്, ബിസിനസ് സ്റ്റഡീസ്, അഗ്രിക്കള്‍ച്ചര്‍, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/അപ്ലൈഡ് മാത്തമാറ്റിക്‌സ്, ബയോളജി/ ബയോളജിക്കല്‍ സയന്‍സ്/ബയോടെക്‌നോളജി/ബയോകെമിസ്ട്രി, പെര്‍ഫോമിങ് ആര്‍ട്‌സ് (ഡാന്‍സ്, ഡ്രാമ, മ്യൂസിക്), ഫൈന്‍ ആര്‍ട്‌സ്/വിഷ്വല്‍ ആര്‍ട്‌സ്/കൊമേഴ്ഷ്യല്‍ ആര്‍ട്‌സ്), ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോംസയന്‍സ്, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യോളജി, സാന്‍സ്‌ക്രിറ്റ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്, നോളജ് ട്രഡീഷന്‍ - പ്രാക്ടീസസ് ഇന്‍ ഇന്ത്യ, ഫിസിക്കല്‍ എജുക്കേഷന്‍ (യോഗ, സ്‌പോര്‍ട്‌സ്) ആന്ത്രോപ്പോളജി, ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസസ് എന്നിവ നിലനിര്‍ത്തും
- പരീക്ഷയുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കന്നട, തമിഴ് ഉള്‍പ്പെടെ 13 ഭാഷകളില്‍
- സി.യു.ഇ.ടി. യു.ജി. 2024-ലെ പോലെ ഭാഷാമികവ് വിലയിരുത്താന്‍ ഈ 13 ഭാഷകളിലും ലാംഗ്വേജ് സ്‌പെസിഫിക് പരീക്ഷ ഉണ്ടാകും
- 2024-ല്‍ ഉണ്ടായിരുന്ന 20 ഭാഷകളിലെ (വിദേശ ഭാഷകള്‍ ഉള്‍പ്പടെ) പരീക്ഷ ഒഴിവാക്കും. അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, കശ്മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി, നേപ്പാളി, പേര്‍ഷ്യന്‍, റഷ്യന്‍, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റന്‍, സാന്‍സ്‌ക്രിറ്റ് - ഇവയിലെ പ്രവേശനം ജനറല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (പുതിയ ജനറല്‍ എബിലിറ്റി ടെസ്റ്റ്) പേപ്പറിലെ മികവ് പരിഗണിച്ചായിരിക്കും
- ഒരു പരീക്ഷാര്‍ഥിക്ക് പരമാവധി അഞ്ച് വിഷയങ്ങളിലെ പരീക്ഷകള്‍ അഭിമുഖീകരിക്കാം
- ക്ലാസ് 12-ല്‍ പഠിച്ച വിഷയങ്ങള്‍ പരിഗണിക്കാതെ സി.യു.ഇ.ടി. യു.ജി.ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ (പരമാവധി അഞ്ച്) തിരഞ്ഞെടുക്കാം
- എല്ലാ പേപ്പറുകളുടെയും ദൈര്‍ഘ്യം ഒരുമണിക്കൂര്‍
- എല്ലാ പേപ്പറുകളിലും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം
- ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്ക്കും (നെഗറ്റീവ് മാര്‍ക്കിങ് രീതി)
- എന്‍.സി.ഇ.ആര്‍.ടി. സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍
- പ്രവേശനം യു.ജി.സി. മാനദണ്ഡങ്ങള്‍ പ്രകാരം സി.യു.ഇ.ടി. യു.ജി. സ്‌കോര്‍ പരിഗണിച്ചായിരിക്കും
സി.യു.ഇ.ടി.-പി.ജി.
- പരീക്ഷ കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയില്‍ വര്‍ഷത്തില്‍ ഒരുതവണ നടത്തും
- എല്ലാ വിഷയങ്ങളുടെയും എല്ലാ പേപ്പറുകളുടെയും ദൈര്‍ഘ്യം 90 മിനിറ്റ് ആയിരിക്കും
- എല്ലാ പേപ്പറുകളിലും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം
- ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്ക്കും (നെഗറ്റീവ് മാര്‍ക്കിങ് രീതി)
- ദ്വിഭാഷാരീതിയില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കും
- ചോദ്യനിലവാരം 2024-ലെ സി.യു.ഇ.ടി.യില്‍ എന്നപോലെ തുടരും
- ജനറല്‍ പേപ്പര്‍ഘടന ഭേദഗതിചെയ്ത് ബിരുദതല അറിവ് അടിസ്ഥാനമാക്കി നൈപുണി അധിഷ്ഠിതവും ചില തൊഴിലുകള്‍ അധിഷ്ഠിതവുമാക്കും. ആ മേഖലകളിലെ പ്രോഗ്രാം തിരഞ്ഞെടുപ്പിന് സര്‍വകലാശാലകള്‍ക്ക് ഈ ടെസ്റ്റ് മികവ് ഉപയോഗപ്പെടുത്താം
- പ്രവേശനം യു.ജി.സി. മാനദണ്ഡങ്ങള്‍ പ്രകാരം സി.യു.ഇ.ടി. പി.ജി. സ്‌കോര്‍ പരിഗണിച്ചായിരിക്കും
- വിശേഷാല്‍ കോഴ്‌സുകളിലെ പ്രവേശനങ്ങള്‍ക്ക് സി.യു.ഇ.ടി. പി.ജി. സ്‌കോറിനു നല്‍കേണ്ട വെയിറ്റേജ് സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാം
Content Highlights: UGC announces big changes for CUET 2025