ഐഐടികളിൽ ഡിസൈൻ പഠിക്കാം; കേരളത്തില്‍ നാല് പരീക്ഷാകേന്ദ്രങ്ങള്‍, അവസാന തിയതി ഒക്ടോബര്‍ 31

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

രൂപകല്പനാ മേഖലയിൽ (ഡിസൈൻ) കരിയർ രൂപപ്പെടുത്താൻ അവസരമൊരുക്കുന്ന പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലേക്കും (ഐഐടികൾ), മറ്റു പ്രമുഖ സ്ഥാപനങ്ങളിലേക്കുമാണ് പ്രവേശനം.

ബിരുദതല പ്രവേശനം അണ്ടർ ഗ്രാജ്വേറ്റ്  കോമണ്‍ എൻട്രൻസ് എക്‌സാം ഫോർ ഡിസൈൻ (യുസിഇഇഡി-യുസിഡ്) 2026 വഴിയായിരിക്കും. ബിരുദാനന്തര ബിരുദ, ഗവേഷണതല പ്രോഗ്രാമുകളിലെ പ്രവേശനം കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈൻ (സിഇഇഡി-സീഡ്) 2026 വഴിയും. ബോംബെ ഐഐടി ആണ് സംഘാടകസ്ഥാപനം.

യുസീഡ്

ബാധകമായ സ്ഥാപനങ്ങൾ, പ്രോഗ്രാം: ബോംബെ, ഡൽഹി, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്ദോർ, റൂർഖി എന്നീ ഐഐടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്‌ചറിങ് (ഐഐഐടിഡിഎം -ജബൽപുർ) എന്നിവയിലെ നാലുവർഷ ബാച്ചർ ഓഫ് ഡിസൈൻ (ബിഡസ്) പ്രോഗ്രാം പ്രവേശനത്തിനാണ് യുസീഡ്. ബോംബെയിൽ അഞ്ച് വർഷ ഡ്യുവൽ ഡിഗ്രി ബിഡിസ് + എംഡിസ് പ്രോഗ്രാമും ഉണ്ട്. യുസീഡ് വഴി ബിഡിസ് പ്രവേശനം നേടുന്നവർക്ക് മൂന്നാംവർഷം ഒടുവിൽ ഇതിലേക്ക് ഓപ്ഷൻ നൽകാം.

യോഗ്യത

12-ാം ക്ലാസ്/തത്തുല്യ പരീക്ഷ ഏതെങ്കിലും സ്ട്രീമിൽ (സയൻസ്, കൊമേഴ്‌സ്‌, ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ്) 2025-ൽ ജയിച്ചവരോ, ആദ്യമായി യോഗ്യതാ പ്രോഗ്രാം അന്തിമപരീക്ഷ 2026-ൽ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം.

ജനനം 2001 ഒക്ടോബർ ഒന്നിനോ, ശേഷമോ ആയിരിക്കണം. 1996 ഒക്ടോബർ ഒന്നിനോ, ശേഷമോ ജനിച്ച പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും അപേക്ഷിക്കാം.

തുടർച്ചയായ രണ്ടുവർഷങ്ങളിലായി രണ്ടുതവണ മാത്രമേ ഒരാൾക്ക് യുസീസ്  അഭിമുഖീകരിക്കാനാകു. യുസീഡ് 2026-ന്റെ സാധുത 2026-27 പ്രവേശനത്തിനു മാത്രമാണ്.

സീഡ്

പങ്കെടുക്കുന്ന സ്ഥാപനങ്ങൾ: ബോംബെ, ഡൽഹി, ഗുവാഹാട്ടി, ഹൈദരാബാദ്, ജോധ്‌പുർ, കാൻപുർ, റൂർഖി ഐഐടി കൾ; ജബൽപുർ, കാഞ്ചീപുരം ഐഐ ഐടിഡിഎം; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി-ബെംഗളൂരു).

ഈ സ്ഥാപനങ്ങളിലായി ലഭിക്കുന്ന മാസ്റ്റർ ഓഫ് ഡിസൈൻ (എംഡിസ്) പ്രോഗ്രാമുകൾ: ഡിസൈൻ പ്രൊഡക്ട് ഡിസൈൻ ഡിവലപ്മെൻറ് ആൻഡ് മാനേജ്മെൻ്റ് ,  ഇൻഡസ്ട്രിയൽ ഡിസൈൻ,  കമ്യൂണിക്കേഷൻ ഡിസൈൻ, ആനിമേഷൻ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ, മൊബിലിറ്റി ആൻഡ് വെഹിക്കിൾ ഡിസൈൻ,  വിഷ്വൽ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, എക്സ് ആർ ഡിസൈൻ, സ്മാർട്ട് പ്രോഡക്ട് ഡിസൈൻ,  ഡിസൈൻ ഓൺട്രപ്രനേർഷിപ്പ്, ഡിസൈൻ റിസർച്ച്, ഡിസൈൻ പ്രാക്ടീസ്, ഇൻറഗ്രേറ്റഡ് പ്രോഡക്ട് ഡിസൈൻ മുതലായവ.

കൂടാതെ ചില സ്ഥാപനങ്ങളിൽ പിഎച്ച്‌ഡി പ്രോഗ്രാമും ഉണ്ട്.

യോഗ്യത

പ്ലസ്‌ടു കഴിഞ്ഞ് കുറഞ്ഞത് മൂന്നു വർഷത്തെ പഠനത്തിലൂടെ ഡിപ്ലോമ/ബിരുദം / പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയവർ, 2026 ജൂലായിക്കകം ഈ പ്രോഗ്രാമുകളുടെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. 2026 ജൂലായിക്കകം ജിഡി ആർട്സ് ഡിപ്ലോമ പ്രോഗ്രാം (10 + 5) ജയിക്കുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായപരിധി ഇല്ല. എത്രതവണ വേണമെങ്കിലും ഒരാൾക്ക് സീഡ് അഭിമുഖീകരിക്കാം. സ്ഥാപനത്തിനനുസരിച്ച് മറ്റ് വ്യവസ്ഥകളും ഉണ്ടാകാം.

പരീക്ഷകൾ

ഡിസൈൻ അഭിരുചി അളക്കുന്നവയാണ് രണ്ട് പരീക്ഷകളും. സീഡ്, യുസീഡ് ജനുവരി 18-ന് രാവിലെ ഒൻപതുമുതൽ 12 വരെ നടത്തും.

  • യുസീഡ് ഘടന: രണ്ടു ഭാഗങ്ങളുള്ള ഒരു പേപ്പർ ഉണ്ടാകും. മൊത്തം 300 മാർക്ക്. ഭാഗം എ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും (200 മാർക്ക്, രണ്ട് മണി ഫ്ലൂർ) ഭാഗം ബി ഡ്രോയിങ്, ഡിസൈൻ അഭിരുചി എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷയും ആയിരിക്കും (ഒരുമണിക്കൂർ, 100 മാർക്ക്, ഉത്തരം, പ്രത്യേകമായി നൽകുന്ന ഉത്തരപുസ്തകത്തിൽ നൽകണം).
  • സീഡിനും രണ്ടു ഭാഗങ്ങൾ ഉണ്ടാകും. ഭാഗം എ (9 മുതൽ 10 വരെ, 150 മാർക്ക്) കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. ഭാഗം ബി (10 മുതൽ 12 വരെ, 100 മാർക്ക്): ഡിസൈൻ, ഡ്രോയിങ്, റൈറ്റിങ് സ്കിൽസ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. ഉത്തരം, പ്രത്യേകമായി നൽകുന്ന ഉത്തരപുസ്തകത്തിൽ നൽകണം.

കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ രണ്ടിനും പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷിക്കുമ്പോൾ സോൺ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുത്തു നൽകണം.

അപേക്ഷ

യുസീഡ് അപേക്ഷ www.uceed.iitb. ac.in വഴിയും സീഡ് അപേക്ഷ www. ceed.iitb.ac.in വഴിയും ഒക്ടോബർ 31 വരെ നൽകാം. ഇൻഫർമേഷൻ ബ്രോഷർ ബന്ധപ്പെട്ട സൈറ്റിൽ കിട്ടും.

സീഡ്/യുസീഡ് രജിസ്ട്രേഷൻ ഫീസ്: പെൺകുട്ടികൾക്കും, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 2000 രൂപ. മറ്റുള്ളവർക്ക് 4000 രൂപ. ലേറ്റ് ഫീസായി 500 രൂപ കൂടി അടച്ച് (എല്ലാ വിഭാഗക്കാർക്കും ബാധകം) നവംബർ ഏഴിന് വൈകീട്ട് അഞ്ച് വരെയും അപേക്ഷിക്കാം.

സീഡ് ഫലം മാർച്ച് നാലിനും യുസീഡ്-ഫലം ആറിനും പ്രതീക്ഷിക്കാം.

കോഴ്‌സുകൾക്ക് പ്രത്യേകം അപേക്ഷ

ഫലപ്രഖ്യാപനത്തിനുശേഷം പ്രവേശനത്തിനായി അതത് സ്ഥാപനങ്ങളിലേക്ക് പ്രത്യേകം അപേക്ഷിക്കണം. എല്ലാ സ്ട്രീമുകാർക്കും യുസീഡിന് അപേക്ഷിക്കാമെങ്കിലും പ്രവേശനത്തിന് സ്ഥാപനത്തിനനുസരിച്ച് സ്ട്രീം/വിഷയ വ്യവസ്ഥകൾ ഉണ്ട്..

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച സയൻസ് സ്ട്രീമുകാർക്ക് എല്ലാ സ്ഥാപനങ്ങളിലേക്കും (ആകെ ഏഴ് എണ്ണം) അപേക്ഷിക്കാം. മറ്റ് സ്ട്രീമുകാർക്ക് (മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി പഠിക്കാത്ത സയൻസ് സ്ട്രീം, കൊമേഴ്‌സ്‌, ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ് സ്ട്രീമുകൾ). ബോംബെ, ഡൽഹി, ഹൈദരാബാദ്, ഇന്ദോർ എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കാം.

ഗുവാഹാട്ടി, റൂർഖി എന്നിവിടങ്ങളിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്കു മാത്രമാണ് പ്രവേശനം.

ജബൽപുരിലേക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ചവർക്കേ അപേക്ഷിക്കാൻ കഴിയൂ. ഡൽഹി ഐഐടി ബിടെക് ഡിസൈൻ പ്രവേശനം ജെഇഇ അഡ്വാൻസ്‌ഡ് റാങ്ക് പരിഗണിച്ചാണെങ്കിലും യുസീഡ് യോഗ്യത നേടണം.

മറ്റു സ്ഥാപനങ്ങളിലും

യുസീഡ്/സീഡ് ഫലം മറ്റു ചില സ്ഥാപനങ്ങളും അവരുടെ ബാച്ച്‌ലർ/പിജി പ്രോഗ്രാം പ്രവേശനത്തിന് ഉപയോഗിക്കുന്നു. 2026-ൽ സ്റ്റോർ ഉപയോഗിക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുള്ള സ്ഥാപനങ്ങളുടെയും 2025-ൽ ഉപയോഗിച്ച സ്ഥാപനങ്ങളുടെയും പട്ടിക-ബന്ധപ്പെട്ട സൈറ്റിൽ നൽകിയിട്ടുണ്ട്.

കേരളത്തിൽ ബിഡിസ് പ്രോഗ്രാം നടത്തുന്ന കൊല്ലം കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, മറ്റ് സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങൾ എന്നിവയിലെ മാനേജ്മെൻറ് സീറ്റ് പ്രവേശനത്തിന് യുസീഡ്-സ്‌കോര്‍ പരിഗണിക്കാറുണ്ട്.

Content Highlights: Apply for UCEED & CEED 2026 for Bachelor`s & Master`s in Design at IITs & premier institutes. Entrance exams for design careers. Dates, eligibility, and more.