എട്ടുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പഠനത്തിന്, അരവയറുമായി പഠിച്ച് നീറ്റില്‍ മിന്നും വിജയം

ന്യൂഡല്‍ഹി: നീറ്റില്‍ വിജയം നേടി ഒഡിഷയില്‍ നിന്നുള്ള ഗോത്ര യുവാവ്. ബോണ്ഡ സമൂഹത്തില്‍ നിന്ന് മെഡിസിന് പഠനത്തിന് അവസരമൊരുങ്ങുന്ന ആദ്യവിദ്യാര്‍ഥി കൂടിയാണ് 19-കാരനായ മംഗള മുദ്ധുലി. ഗോത്ര സമൂഹത്തിനായി സംവരണം ചെയ്ത സീറ്റുകളില്‍ 261-ാം റാങ്കും മംഗള സ്വന്തമാക്കി. 348 മാര്‍ക്കാണ് മംഗളയ്ക്ക് ലഭിച്ചത്.
ഒഡിഷയിലെ 62 ഗോത്ര സമൂഹങ്ങളില്‍ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ളവരാണ് ബോണ്ഡ വിഭാഗം. 2011-ലെ സെന്‍സസ് പ്രകാരം ഇവരുടെ സാക്ഷരതാ നിരക്ക് 36.61 ശതമാനം മാത്രമാണ്. ബെര്‍ഹാംപുരിലെ എം.കെ.സി.ജി. മെഡിക്കല്‍ കോളേജിലാണ് മംഗളയ്ക്ക് അഡ്മിഷന് ലഭിച്ചത്.
കാടാണ് മംഗളയുടെ കുടുംബത്തിന്റെ പ്രധാന ഉപജീവനമാര്‍ഗം. ആഹാരത്തിനായി കാടിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കുടുംബത്തില്‍ ആരും ഉന്നതപഠനം നടത്താത്തവരായതിനാല് നീറ്റില്‍ വിജയം നേടില്ലെന്നാണ് മംഗള കരുതിയിരുന്നത്. കുടുംബത്തിലെ ചിലര്‍ ജോലിക്കായി പട്ടണത്തില്‍ താമസിക്കുന്നുണ്ടെങ്കിലും മെഡിസിന് പഠനത്തിന് ഇതുവരെ ആര്‍ക്കും യോഗ്യത ലഭിച്ചിരുന്നില്ല.
സ്കൂള്‍ പഠനകാലത്ത് അഞ്ച് കിലോമീറ്ററോളം നടന്നാണ് മംഗള പോയിക്കൊണ്ടിരുന്നത്. മെഡിക്കല്‍ എന്‍ട്രന്‍സ് പഠനത്തിന് എട്ടുകിലോമീറ്റര്‍ ദിനംപ്രതി സൈക്കിളില്‍ പോയാണ് പഠിച്ചത്. ഗോത്ര വിഭാഗത്തിലെ എല്ലാവരും പത്തിന് ശേഷം പഠനം ഉപേക്ഷിച്ചപ്പോള്‍ മംഗള അതിന് ശേഷവും പഠനം തുടര്‍ന്നു. ഗോത്രസമൂഹത്തിന് വൈദ്യപരിശോധനയ്ക്കും മറ്റും ആരോഗ്യസംവിധാനങ്ങളില്ലാത്തതാണ് മംഗളയെ മെഡിസിന് പഠിക്കാന്‍ പ്രേരിപ്പിച്ചത്.
Content Highlights: tribal boy from odisha cracks neet