ഓക്‌സ്‌ഫഡ് ഒന്നാമത്, ആദ്യ 200-ല്‍ പോലുമില്ലാതെ ഇന്ത്യൻ സർവകലാശാലകൾ; ടൈംസ് എജ്യുക്കേഷന്‍ റാങ്കിങ്

ലോകത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളെ കണ്ടെത്തുന്ന ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ (THE) വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ് പ്രസിദ്ധീകരിച്ചു. യു.കെ ആസ്ഥാനമായ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ മാഗസിനാണ് പട്ടിക പുറത്തിറക്കിയത്. ബിസിനസ്സ്, ഇക്കണോമിക്‌സ്, വിദ്യാഭ്യാസം, സാമൂഹിക ശാസ്ത്രം എന്നിവയടക്കം മിക്ക വിഭാഗങ്ങളിലും യു.കെ, അമേരിക്കന്‍ സര്‍വകലാശാലകള്‍ ആധിപത്യം നിലനിര്‍ത്തി. 11 വിഭാഗങ്ങളിലും ഇരു രാജ്യങ്ങളിലെയും സര്‍വകലാശാലകളാണ് ഒന്നാം സ്ഥാനത്തെത്തിയത്. ചൈനയും കാനഡയുമാണ് കൂടുതല്‍ നേട്ടം സ്വന്തമാക്കിയ മറ്റ് രണ്ട് രാജ്യങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള ഒരു സര്‍വകലാശാലയ്ക്ക് പോലും ആദ്യ 200-ല്‍ ഇടം നേടാനായില്ല
തുടര്‍ച്ചായ എട്ടാം തവണയും ഓക്‌സ്‌ഫഡ് (യു.കെ)സര്‍വകലാശാലയാണ് ഒന്നാമത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല(യു.എസ്) രണ്ടാമതും മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(യു.എസ്) മൂന്നാമതുമെത്തി. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയാണ് നാലാമത്. കേംബ്രിഡ്ജ് സര്‍വകലാശാല, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(യു.എസ്), ഇംപീരിയല്‍ കോളേജ്-ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്‌ലീ, യാലെ സര്‍വകലാശാല (യു.എസ്) എന്നിവരാണ് യഥാക്രമം അഞ്ച് മുതല്‍ പത്ത് വരെ സ്ഥാനത്തുള്ളത്.
ആദ്യ 250-ല്‍ ഉള്‍പ്പെട്ട് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇന്ത്യയില്‍ ഒന്നാമതായി. അണ്ണാ സര്‍വകലാശാലയാണ് രണ്ടാമത് (501-600) ജാമിയ മിലിയ ഇസ്ലാമിയ, എം.ജി സര്‍വകലാശാല, ഷൂളിനി യൂണിവേഴ്‌സ്റ്റി ഓഫ് ബയോടെക്‌നോളജി& മാനേജ്‌മെന്റ് എന്നീ സര്‍വകലാശാലകളാണ് യഥാക്രമം ആദ്യ 600-ല്‍ ഉള്‍പെട്ട സര്‍വകലാശാലകള്‍. അളഗപ്പ സര്‍വകലാശാല, അലിഗഡ് മുസ്ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഭാരതീയാര്‍ സര്‍വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹത്തി, ഐഐടി ധന്‍ബാദ്, ഐഐടി പാറ്റ്‌ന, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഹൈദരാബാദ്, ജാമിയ ഹംദര്‍ദ് സര്‍വകലാശാല, KIIT സര്‍വകലാശാല, മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, എന്‍ഐടി റൂര്‍ക്കേല, എന്‍ഐടി സില്‍ചാര്‍, പഞ്ചാബ് സര്‍വകലാശാല, സവിതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഥാപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ്& ടെക്‌നോളജി, VIT സര്‍വകലാശാല എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് 600-നും 800 നും ഇടയില്‍ ഉള്‍പ്പെട്ടത്. ഇന്ത്യയില്‍ നിന്ന് 63 സര്‍വകലാശാലകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
108 രാജ്യങ്ങളില്‍ നിന്നായി 1,904 സര്‍വ്വകലാശാലകളാണ് റാങ്കിങ്ങില്‍ ഉള്‍പ്പെട്ടത്. അധ്യാപനം, ഗവേഷണ അന്തരീക്ഷം, ഗവേഷണ നിലവാരം, industrial engagement, അന്താരാഷ്ട്ര വീക്ഷണം എന്നീ അഞ്ച് മേഖലകളിലെ പ്രകടനം കണക്കിലെടുത്താണ് റാങ്കിങ് നടത്തിയിരിക്കുന്നത്. റാങ്കിങ്ങില്‍ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചുവെങ്കിലും യു.കെ, അമേരിക്കന്‍ സര്‍വകലാശാലകള്‍ ആധിപത്യം തുടര്‍ന്നു. ചൈനീസ് സര്‍വകലാശാലകളുടെ മുന്നേറ്റവും എടുത്ത് പറയേണ്ടതാണ്.
11 വിഭാഗങ്ങളിലാണ് റാങ്കിങ്
- ആര്‍ട്‌സ്&ഹ്യുമാനിറ്റീസ്
- ബിസിനസ്& എക്കണോമിക്‌സ്
- ക്ലിനിക്കല്‍& ഹെല്‍ത്ത്
- കംപ്യൂട്ടര്‍ സയന്‍സ്
- എജ്യുക്കേഷന്‍
- എന്‍ജിനിയറിങ്
- ലോ
- ലൈഫ് സയന്‍സ്
- ഫിസിക്കല്‍ സയന്‍സ്
- സൈക്കോളജി
- സോഷ്യല്‍ സയന്‍സ്
ക്ലിനിക്കല്‍ ഹെല്‍ത്ത്, കമ്പ്യൂട്ടര്‍ സയന്‍സ്, അക്കൗണ്ടിങ്&ഫിനാന്‍സ് വിഭാഗങ്ങളില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയാണ് ഒന്നാമത്. ആര്‍ട്‌സ്&സയന്‍സ്, സൈക്കോളജി വിഭാഗങ്ങളില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയാണ് ഒന്നാമത്. ബിസിനസ്& എക്കണോമിക്‌സ്, സോഷ്യല്‍ സയന്‍സ് വിഭാഗങ്ങളില്‍ മാസച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഒന്നാമത്. എന്‍ജിനിയറിങ്, ലോ, ലൈഫ്‌സയന്‍സ് വിഭാഗങ്ങളില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയാണ് മുന്നില്‍.കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഫിസിക്കല്‍ സയന്‍സസില്‍ മുന്നില്‍. വിദ്യാഭ്യാസ വിഭാഗത്തില്‍ കാലിഫോര്‍ണിയ സര്‍വകലാശാല ബെര്‍ക്ക്ലിയാണ് മുന്നില്‍.
Content Highlights: Times Higher Education unveils World University Rankings 2024