അധ്യാപകന്‍ വായിക്കുകയാണ്; ഉള്ളുതുറന്നുള്ള രക്ഷിതാക്കളുടെ കത്ത്

#പി.ശില്പ
രക്ഷിതാക്കളെഴുതിയ കത്തുമായി ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് ബി ഡിവിഷനിലെ വിദ്യാർഥികളും ക്ലാസ് അധ്യാപകൻ ബാലകൃഷ്ണൻ ഈയ്യക്കാടും.|Photo: Mathrubhumi
രക്ഷിതാക്കളെഴുതിയ കത്തുമായി ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് ബി ഡിവിഷനിലെ വിദ്യാർഥികളും ക്ലാസ് അധ്യാപകൻ ബാലകൃഷ്ണൻ ഈയ്യക്കാടും.|Photo: Mathrubhumi

ഇന്‍ലന്‍ഡിലെഴുതിയ കത്തുകളോരോന്നും തുറന്നു വായിക്കുന്ന തിരക്കിലാണ് കാസര്‍ഗോഡ് തൃക്കരിപ്പൂരിലെ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് ബി ഡിവിഷനിലെ ക്ലാസ് അധ്യാപകന്‍ ബാലകൃഷ്ണന്‍ ഈയ്യക്കാട്. സൂക്ഷ്മതയോടെ ഓരോ കത്തും വായിക്കുന്ന മാഷ് കൈയിലെ നോട്ട് പുസ്തകത്തില്‍ ചിലത് കുത്തിക്കുറിക്കുന്നുമുണ്ട്. വായിക്കുന്നത് ഏഴാംക്ലാസ് ബി ഡിവിഷനിലെ കുട്ടികളുടെ രക്ഷിതാക്കള്‍ അവരുടെ കഴിവുകളെയും പരിമിതികളെയുംകുറിച്ച് ക്ലാസ് അധ്യാപകന് അയച്ച കത്തുകള്‍.

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും രക്ഷിതാക്കള്‍ക്ക് അവരുടെ അഭിപ്രായം പങ്കുവെക്കാനും സ്‌കൂളില്‍ നിശ്ചിത ഇടവേളകളില്‍ പിടിഎ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാറുണ്ടെങ്കിലും ഒരു ക്ലാസിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും യോഗത്തില്‍ പലപ്പോഴും പങ്കെടുക്കാന്‍ കഴിയാറില്ല. പങ്കെടുത്ത രക്ഷിതാക്കളില്‍ ചിലരാകട്ടെ പലപ്പോഴും അഭിപ്രായങ്ങള്‍ പങ്കുവെക്കാറില്ല. ചിലര്‍ സ്വന്തം കുട്ടികളുടെ പരിമിതികള്‍ പറയാറുമില്ല. എന്നാല്‍ കത്തുകളിലൂടെയാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് അഭിപ്രായങ്ങള്‍ മടിയില്ലാതെ പങ്കുവെക്കാമല്ലോ എന്ന ആശയമാണ് ഇതിനുപിന്നില്‍.

തന്റെ ക്ലാസിലെ 30 കുട്ടികള്‍ക്കായി 30 ഇന്‍ലന്‍ഡ് വാങ്ങാന്‍ ബാലകൃഷ്ണന്‍ ഈയ്യക്കാട് തൊട്ടടുത്ത ഇളമ്പച്ചി പോസ്റ്റ് ഓഫീസിലെത്തിയപ്പോള്‍ അവിടെ സാധനമില്ല. രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവില്‍ വയനാട്ടില്‍നിന്നാണ് ഇന്‍ലന്‍ഡ് എത്തിച്ചത്. മാഷ് ഇത് കുട്ടികളെ ഏല്‍പ്പിച്ചു. രക്ഷിതാക്കള്‍ക്ക് അഭിപ്രായങ്ങളും കുട്ടിയെ കുറിച്ചുള്ള കാര്യങ്ങളും തുറന്നെഴുതാന്‍ രണ്ടാഴ്ച സമയവും നല്‍കി. അവര്‍ കത്തെഴുതി. രണ്ടാം പാദവാര്‍ഷിക പരീക്ഷ നടക്കാനിരിക്കെ കുട്ടികളുടെ സമഗ്ര വിലയിരുത്തല്‍ നടത്തിയ രക്ഷിതാക്കള്‍ മെച്ചപ്പെടാനുള്ള നിര്‍ദേശങ്ങളും കത്തില്‍ കുറിച്ചു. മികച്ച കത്തിന് സമ്മാനവും നല്‍കി.

പല കാരണങ്ങള്‍കൊണ്ടും യോഗങ്ങളില്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ തുറന്നെഴുത്തിലൂടെ സാധിച്ചുവെന്ന് ബാലകൃഷ്ണന്‍ ഈയ്യക്കാട് പറഞ്ഞു. കത്തെഴുത്തിലൂടെയുള്ള അഭിപ്രായം പറയല്‍ വേറിട്ടൊരു അനുഭവമായെന്നും കത്തും ഇന്‍ലന്‍ഡും കുട്ടികളെ പരിചയപ്പെടുത്താന്‍ സഹായകമായെന്നും രക്ഷിതാവ് പി.സീനത്ത് പറഞ്ഞു.

Content Highlights: Discover how a dedicated teacher is transforming parent-teacher communication by having parents write letters about their children`s strengths and challenges.