15 വർഷമായി കുട്ടികൾക്ക് സ്വന്തം ചെലവിൽ വിനോദയാത്രയൊരുക്കി ഷെരീഫ് മാഷ്

#Education desk
തൃക്കലങ്ങോട് മാനവേദൻ യുപി. സ്‌കൂളിൽനിന്ന്‌ ഷെരീഫ് മാഷിനൊപ്പം വിനോദയാത്രപോയ വിദ്യാർഥിസംഘം കക്കാടംപൊയിലിലെ അമ്യൂസ്‌മെൻറ് പാർക്കിനു മുൻപിൽ
തൃക്കലങ്ങോട് മാനവേദൻ യുപി. സ്‌കൂളിൽനിന്ന്‌ ഷെരീഫ് മാഷിനൊപ്പം വിനോദയാത്രപോയ വിദ്യാർഥിസംഘം കക്കാടംപൊയിലിലെ അമ്യൂസ്‌മെൻറ് പാർക്കിനു മുൻപിൽ

മഞ്ചേരി: ക്ലാസിലെ കുട്ടികൾക്ക് സൗജന്യ വിനോദയാത്രയൊരുക്കി അധ്യാപകനായ ഷരീഫ്‌ ശ്രദ്ധേയനാകുന്നു. തൃക്കലങ്ങോട് മാനവേദൻ യു.പി. സ്‌കൂളിലെ ഉറുദു അധ്യാപകനായ പി.സി. ഷെരീഫാണ് പതിവുതെറ്റിക്കാതെ ഇക്കുറിയും കക്കാടംപൊയിലിലേക്ക് തന്റെ കുട്ടികളുമായി സൗജന്യ യാത്ര പോയത്. കഴിഞ്ഞ 15 വർഷമായി ഈ അധ്യാപകൻ തന്‍റെ വിദ്യാർഥികൾക്കായി സൗജന്യ യാത്ര ഒരുക്കുന്നു.

ഷരീഫിന്റെ വിദ്യാർഥികൾ എല്ലാവർഷവും ഹാപ്പിയാണ്. യാത്രയെന്ന സ്വപ്നത്തിന് ചിറകുനൽകിയ സ്നേഹത്തിന്റെ പ്രതീകമാണ് കുട്ടികൾക്ക് ഷരീഫ്. അഞ്ചാംക്ലാസിൽനിന്ന് 32 കുട്ടികളും ആറാംക്ലാസിൽനിന്ന് 27 കുട്ടികളും ഏഴാംക്ലാസിൽനിന്ന് 28 കുട്ടികളുമടക്കം ഇക്കുറി യു.പി. ക്ലാസുകളിലെ 87 കുട്ടികളാണ് മാഷിനൊപ്പം യാത്രപോയത്. 2008-ൽ ആരംഭിച്ച യാത്ര ഇന്നും മുടക്കമില്ലാതെ തുടരുന്നു. അന്ന് തന്‍റെ ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് സ്‌കൂളിൽനിന്ന്‌ വിനോദയാത്ര പോകാൻ സാധിച്ചിരുന്നില്ല.

ഇക്കാര്യം ഹൃദയത്തെ സ്‌പർശിച്ചു. അന്നുമുതലാണ് തന്‍റെ കുട്ടികളുമായി യാത്രപോകാൻ തീരുമാനിച്ചത്. പിന്നീട് ഓരോവർഷവും തുടർന്നു. സ്വന്തം വരുമാനത്തിൽനിന്ന് ഒരു വിഹിതം മാറ്റിവെച്ചാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്.

തൃപ്പൂണിത്തറ ഹിൽ പാലസ്, കൊച്ചി മെട്രോ, കോഴിക്കോട് പ്ലാനറ്റേറിയം, ബേപ്പൂർ, കാപ്പാട്, അതിരപ്പിള്ളി, വാഴച്ചാൽ, തൃശ്ശൂർ, മലമ്പുഴ ഫാൻറസി പാർക്ക്, നിലമ്പൂർ തേക്ക് മ്യൂസിയം എന്നീ സ്ഥലങ്ങളിലെല്ലാം മുൻവർഷങ്ങളിൽ കുട്ടികളെ കൊണ്ടുപോയതാണ്. ക്ലാസ്‌മുറിയിലെ പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെയും സഹജീവികളെയും തൊട്ടറിയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരീക്കോട് സ്വദേശിയായ ഷെരീഫ് ഇരുപതുവർഷമായി ഇവിടെ അധ്യാപകനാണ്.

Content Highlights: A dedicated Urdu teacher from Manjeri has been organizing free educational tours for his students for 15 years, fostering a love for nature and learning beyond textbooks.