പഠനത്തിനിടെ പ്രൊഫഷണൽ കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ പാടില്ല- സുപ്രീം കോടതി

ന്യൂഡൽഹി: മെഡിക്കൽ, എഞ്ചിനീയറിങ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയ ശേഷം പഠനത്തിനിടയിൽ ഫീസ് വർധിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രവേശന സമയത്ത് നിശ്ചയിച്ച ഫീസിൽ മാറ്റം വരുത്താൻ പാടില്ലെന്നും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെലവുകൾ പോലുള്ള അപൂർവ സാഹചര്യങ്ങളിൽ മാത്രമേ ഫീസ് ഘടനയിൽ മാറ്റം വരുത്താൻ അനുമതിയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരുൾപ്പെട്ട ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രധാന നിരീക്ഷണങ്ങൾ:
സാമ്പത്തിക ഭാരം: ജനറൽ കോഴ്സുകളെ അപേക്ഷിച്ച് പ്രൊഫഷണൽ കോഴ്സുകൾക്ക് 711 ശതമാനം വരെ ഉയർന്ന ഫീസാണ് ഈടാക്കുന്നത്. ഭൂരിഭാഗം സാധാരണ കുടുംബങ്ങൾക്കും വലിയൊരു സാമ്പത്തിക ബാധ്യതയാണ് ഫീസ്. കുട്ടികളുടെ മികച്ച ഭാവിക്കായി പല കുടുംബങ്ങളും വിദ്യാഭ്യാസ വായ്പകളെ ആശ്രയിച്ചാണ് ഇത്രയും ഉയർന്ന തുക കണ്ടെത്തുന്നത്.
കൃത്യത ഉറപ്പാക്കണം: ഒരു കോഴ്സിന്റെ മുഴുവൻ കാലയളവിലേക്കുമുള്ള ഫീസ് വിവരം പ്രവേശനത്തിന് മുൻപ് തന്നെ പ്രൊഫഷണൽ സ്ഥാപനങ്ങളും ബന്ധപ്പെട്ട അതോറിറ്റികളും വ്യക്തമായി പ്രസിദ്ധീകരിക്കണം. പഠനത്തിനിടയിലെ അപ്രതീക്ഷിത ഫീസ് വർധനവ് വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും മാനസിക-സാമ്പത്തിക സുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കും.
പശ്ചിമ ബംഗാളിലെ ഡോ. ബി.സി. റോയ് എഞ്ചിനീയറിങ് കോളേജിൽ ബി.ടെക് വിദ്യാർഥികൾക്ക് നടപ്പിലാക്കിയ 37% ഫീസ് വർധന ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.