തോല്‍ക്കുമെന്ന് കരുതി, തോറ്റില്ല; 35% മാര്‍ക്ക് നേടി; ഘോഷയാത്രയോടെ വന്‍ ആഘോഷം, വീഡിയോ വൈറല്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പത്ത്, പന്ത്രണ്ട് ക്ലാസിലെ ഉന്നതവിജയം വലിയ രീതിയില്‍ ആഘോഷിക്കുന്നത് പലരുടെയും പതിവാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മിനിമം മാര്‍ക്ക് നേടി വിജയിച്ചതിന്റെ ആഘോഷമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നുള്ള ശിവം വാഗ്മറെയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.

സിദ്ധേശ്വര്‍ ബാലക് മന്ദിര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ശിവം, എല്ലാ വിഷയങ്ങള്‍ക്കും 35 ശതമാനം മാര്‍ക്ക് നേടി. ഇത് പാസാകാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ മാര്‍ക്കാണ്. ശിവത്തിനും കുടുംബത്തിനും ഈ ഫലം വലിയ സന്തോഷമാണ് നല്‍കിയത്. നാട്ടുകാര്‍ ഒരു ഘോഷയാത്രയോടെ അവന്റെ വിജയം ആഘോഷിച്ചു. പരിപാടിയുടെ വീഡിയോകളില്‍ ശിവത്തെ മാലയണിയിക്കുന്നതും മധുരം നല്‍കുന്നതും മുതിര്‍ന്നവരില്‍ നിന്ന് അനുഗ്രഹം വാങ്ങുന്നതും കാണിക്കുന്നുണ്ട്.

''എല്ലാ വിഷയങ്ങള്‍ക്കും 35 മാര്‍ക്ക് കിട്ടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഇത് എനിക്ക് ഞെട്ടലുണ്ടാക്കി. പക്ഷെ ഞാന്‍ സന്തോഷവാനാണ്, അടുത്ത തവണ ഞാന്‍ കഠിനാധ്വാനം ചെയ്യും. എനിക്ക് ഐ.ടി.ഐ. പഠിക്കണം.''- ശിവം ഇന്ത്യാ ടുഡേയോട് പറഞ്ഞു,

''ഞങ്ങളുടെ മകന്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അവന്‍ 35 മാര്‍ക്ക് നേടി പാസ്സായി. ഇത് ഞങ്ങള്‍ക്ക് വലിയ വിജയമാണ്, ഞങ്ങള്‍ സന്തോഷത്തിലാണ്.''-ശിവത്തിന്റെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു,

Content Highlights: Student Celebrates Minimum Passing Marks