വിദേശ മെഡിക്കൽ ബിരുദധാരികൾക്കും തുല്യ സ്റ്റൈപ്പൻഡ്; അഞ്ച് പ്രമുഖ സ്ഥാപനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം നേടിയവർക്ക് (ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ്) ഇന്റേൺഷിപ്പ് കാലയളവിൽ ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് നൽകുന്നതിന് തുല്യമായ സ്റ്റൈപ്പൻഡ് നൽകാൻ കേന്ദ്ര സർക്കാർ അനുമതി. ദേശീയ മെഡിക്കൽ കമ്മിഷൻ മാർഗനിർദേശങ്ങളും സുപ്രീം കോടതി ഉത്തരവുകളും പാലിച്ചുകൊണ്ട് തീരുമാനം നടപ്പിലാക്കാൻ അഞ്ച് പ്രമുഖ സർക്കാർ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ഡി.ജി.എച്ച്.എസ് നിർദേശം നൽകി.
നിർദ്ദേശം ലഭിച്ച സ്ഥാപനങ്ങൾ:
വർദ്ധമാൻ മഹാവീർ മെഡിക്കൽ കോളേജ് & സഫ്ദർജംഗ് ആശുപത്രി (ന്യൂഡൽഹി)
അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ഡോ. റാം മനോഹർ ലോഹ്യ ആശുപത്രി (ന്യൂഡൽഹി)
ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജ് & അനുബന്ധ ആശുപത്രികൾ (ന്യൂഡൽഹി)
നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസ്, ഷില്ലോങ്
റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇംഫാൽ
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ജി.എച്ച്.എസ് ഈ സ്ഥാപനങ്ങളിലെ ഡയറക്ടർമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദേശ മെഡിക്കൽ ബിരുദധാരികളെ സംബന്ധിച്ച് 2022 മാർച്ച് 4-ന് എൻ.എം.സി പുറത്തിറക്കിയ സർക്കുലർ കത്തിൽ പരാമർശിച്ചിട്ടുണ്ട്.
2021-ലെ കമ്പൽസറി റൊട്ടേറ്റിങ് മെഡിക്കൽ ഇന്റേൺഷിപ്പ് റെഗുലേഷൻസിലെ ഷെഡ്യൂൾ 4, ക്ലോസ് 3 പ്രകാരവും സുപ്രീം കോടതി ഉത്തരവുകൾ അനുസരിച്ചും ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സ്റ്റൈപ്പൻഡ് എല്ലാ എഫ്.എം.ജി ഇന്റേണുകൾക്കും നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
ഓഗസ്റ്റ് 7-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയായാണ്, ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് നൽകുന്നതിന് തുല്യമായ നിരക്കിൽ വിദേശ മെഡിക്കൽ ബിരുദധാരികൾക്കും സ്റ്റൈപ്പൻഡ് വിതരണം ചെയ്യാൻ ബന്ധപ്പെട്ട അതോറിറ്റി അനുമതി നൽകിയിരിക്കുന്നതെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.
Content Highlights: The Central Government has directed five premier government medical institutions to provide Foreign Medical Graduates (FMGs) with an internship stipend equal to that of Indian medical graduates